ഇന്ത്യന്‍ സൈന്യത്തില്‍ അരക്ഷിതബോധം സൃഷ്ടിക്കുന്നതിന് ഉതകുന്നതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അഗ്നിപഥ് പദ്ധതി. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക വ്യൂഹത്തില്‍ ഒന്നാണ് ഇന്ത്യന്‍ സൈന്യം. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സൈന്യം അഭിമാനകരമായ പങ്കാണ് വഹിക്കുന്നത്. റിക്രൂട്ട്മെന്റ് റാലിയിലൂടെ യുവാക്കളില്‍ നിന്ന് യോഗ്യതയുള്ളവരെ തിരഞ്ഞെടുത്താണ് ഇന്ത്യന്‍ സൈന്യത്തെ രൂപപ്പെടുത്തുന്നത്. യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള ഏറ്റവും ആകര്‍ഷകമായ മേഖലയാണ് ഇന്ത്യന്‍ സൈനികരംഗം. മെച്ചപ്പെട്ട ശമ്പളം, പെന്‍ഷന്‍, ഇൻഷുറന്‍സ് സംരക്ഷണം, അപകടങ്ങള്‍ സംഭവിച്ചാല്‍ കുടുംബസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ എല്ലാം ഇന്ത്യന്‍ സൈനികര്‍ക്ക് ലഭിക്കുന്നുണ്ട്. 15 വര്‍ഷം ജോലി ചെയ്താല്‍ എല്ലാ ആനുകൂല്യത്തോടുംകൂടി വിരമിക്കുവാനുള്ള അവകാശവും സൈനികര്‍ക്ക് ഉള്ളതാണ്. തൊഴില്‍ രഹിതരായ യുവാക്കള്‍, ഏറെ പ്രതീക്ഷയോടെ കാണുന്ന തൊഴില്‍മേഖല കൂടിയാണ് ഇന്ത്യന്‍ സൈന്യം. രാജ്യത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നുമുള്ള യുവാക്കള്‍ തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി തൊഴില്‍ തേടി സൈന്യത്തില്‍ എത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റിക്രൂട്ട്മെന്റ് റാലികളില്‍ നിന്നാണ് യുവാക്കളെ സൈന്യത്തിലേക്ക് എടുക്കുന്നത്.
വലിയ പരാതികളോ വിമര്‍ശനങ്ങളോ ഇല്ലാതെ സൈനിക റിക്രൂട്ട്മെന്റ് രാജ്യത്ത് നടന്നുവരികയാണ്. പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളിലെ പതിനായിരക്കണക്കായ യുവാക്കള്‍ റിക്രൂട്ട്മെന്റ് റാലികളിലൂടെ തൊഴില്‍ നേടുകയാണ് ചെയ്യുന്നത്. യുവതികള്‍ക്കും സൈന്യത്തില്‍ ജോലി ലഭിക്കുന്നതിനുള്ള നല്ല അവസരങ്ങളാണ് ഉണ്ടായിരുന്നത്. പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കിയതോടെ വിവിധ മേഖലകളില്‍ സ്ഥിരം തൊഴില്‍ സമ്പ്രദായം കേന്ദ്ര ഗവണ്‍മെന്റ് നിര്‍ത്തലാക്കുകയാണ്. ധനമൂലധന ശക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന സാമ്പത്തിക നയത്തിന്റെ ഭാഗമായാണ് സ്ഥിരം തൊഴില്‍ സമ്പ്രദായം നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍. സ്ഥിരം തൊഴില്‍ സമ്പ്രദായം സൈന്യത്തിലും നിര്‍ത്തലാക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായാണ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന നമ്മുടെ അഭിമാനമാണ് സൈനികര്‍. അവരുടെ ആത്മവീര്യം ചോര്‍ത്തുന്നതും ഇന്ത്യന്‍ സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ പദ്ധതികളാണ് അഗ്നിപഥ് പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.
അഗ്നിപഥ് പദ്ധതിയിലൂടെ നിയമിക്കപ്പെടുന്നവര്‍ക്ക് തൊഴില്‍ സുരക്ഷയോ ഇന്നത്തെ സൈന്യത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങളോ ലഭിക്കുകയില്ല. സ്ഥിരം തൊഴില്‍ എന്നത് അഗ്നിപഥ് പദ്ധതിയിലൂടെ ഇല്ലാതാകുകയാണ്. ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കുന്നവരില്‍ 25 ശതമാനത്തിന് മാത്രമാണ് സ്ഥിരമായി സൈന്യത്തില്‍ തൊഴില്‍ ലഭിക്കുക. 75 ശതമാനവും നാലുവര്‍ഷം സൈനിക സേവനം ചെയ്ത് പിരിഞ്ഞുപോകണം. നിശ്ചിതമായ തുക നല്കി 75 ശതമാനം അഗ്നിപഥ് സൈനികരെയും പിരിച്ചുവിടുകയാണ് ചെയ്യുക. 15 വര്‍ഷം എല്ലാ ആനുകൂല്യങ്ങളും ഉറപ്പുവരുത്തി പിരിഞ്ഞുപോകാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് കഴിഞ്ഞിരുന്നതാണ്. ജോലി സുരക്ഷ ഉറപ്പുവരുത്തിയ സൈനികരെ ഏറെ നിരാശയില്‍ ആക്കുന്ന പദ്ധതിയാണ് അഗ്നിപഥ്. രണ്ട് വര്‍ഷത്തിലധികമായി സൈന്യത്തില്‍ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. ഒരു ലക്ഷത്തിലധികം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അതില്‍ നടപടി സ്വീകരിക്കാതെയാണ് തൊഴില്‍രഹിതരായ യുവാക്കളെ വഞ്ചിക്കുന്ന നടപടി കേന്ദ്ര ഗവണ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. സൈന്യത്തില്‍ അനുവദിക്കുന്ന ഫണ്ടില്‍ അധികവും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ആയുധങ്ങള്‍ വാങ്ങാന്‍ ഫണ്ടില്ലാത്ത സാഹചര്യമാണെന്നാണ് ഗവണ്മെന്റ് പറയുന്നത്. സൈന്യത്തിന്റെ എണ്ണം കുറച്ച് കൂടുതല്‍ ശക്തമാക്കുക എന്ന നയം നടപ്പിലാക്കുമെന്നാണ് ഗവണ്മെന്റിന്റെ വിശദീകരണം.
അഗ്നിപഥ് പദ്ധതിയിലൂടെ പരിശീലനത്തിന് ശേഷം തൊഴില്‍ ലഭിക്കുന്ന യുവാക്കളില്‍ 75 ശതമാനം, നാലു വര്‍ഷം കഴിഞ്ഞ് വിരമിക്കുകയാണ്. സായുധ പരിശീലനം ലഭിച്ച യുവാക്കള്‍ തൊഴില്‍രഹിതരായി മാറുമെന്നര്‍ത്ഥം. സാമൂഹ്യ ജീവിതത്തില്‍ വലിയ പ്രത്യാഘാതമാണ് അത് ഉണ്ടാക്കുക. തൊഴില്‍രഹിതരാകുന്നതോടെ ഇവര്‍ അസംതൃപ്തരാകുമെന്നത് ഉറപ്പാണ്. രാജ്യത്തെ വര്‍ഗീയ, വിഘടനവാദ ശക്തികള്‍ക്ക് അസംതൃപ്തരായ യുവാക്കളെ ഉപയോഗപ്പെടുത്താന്‍ കഴിയും. അവരില്‍ വലിയ വിഭാഗം സ്വകാര്യ സൈന്യമായി രൂപപ്പെടും. മാഫിയാ സംഘത്തിനും രാജ്യവിരുദ്ധ ശക്തികള്‍ക്കും ഇവരെ ഉപയോഗപ്പെടുത്താന്‍ കഴിയും. രാജ്യത്തിന്റെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന പദ്ധതിയാണിത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും നുഴഞ്ഞുകടക്കാനുള്ള പദ്ധതി ആര്‍എസ്എസ് നടപ്പിലാക്കുകയാണ്. അതിന്റെ ഭാഗമാണ് അഗ്നിപഥ് പദ്ധതി. പദ്ധതിയെ മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പോലും ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. സൈന്യത്തിന്റെ ശക്തിയും രാജ്യസുരക്ഷയും ഇല്ലാതാക്കുന്ന പദ്ധതിയാണ് എന്ന വിമര്‍ശനമാണ് ശക്തമായി ഉയര്‍ന്നുവരുന്നത്. രാജ്യത്തുടനീളം അതിശക്തമായ പ്രക്ഷോഭങ്ങളിലൂടെ യുവാക്കള്‍ തെരുവില്‍ ഇറങ്ങിയിരിക്കുന്നു. രാജ്യത്തെ പല മേഖലകളും പ്രക്ഷോഭം കാരണം സ്തംഭിച്ചിട്ടുണ്ട്. വിമര്‍ശനങ്ങളെയും പ്രക്ഷോഭങ്ങളെയും കേന്ദ്ര ഗവണ്മെന്റ് കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രധാനമന്ത്രി തന്നെ രംഗത്തുവന്ന് പദ്ധതിയെ ന്യായീകരിക്കുന്നുണ്ട്.
തൊഴില്‍രഹിതരായ യുവാക്കള്‍ നടത്തുന്ന പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കരുത്. കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം ലോകം ശ്രദ്ധിച്ചതാണ്. ഒരു വര്‍ഷക്കാലമാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. പ്രക്ഷോഭത്തിന് മുമ്പില്‍ ഗവണ്മെന്റ് മുട്ടുമടക്കി പാര്‍ലമെന്റ് പാസാക്കിയ നിയമം പിന്‍വലിച്ചു. തൊഴിലാളികള്‍ ഗവണ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ശക്തമായ പ്രക്ഷോഭത്തിലാണ്. പണിമുടക്കം ഉള്‍പ്പെടെയുള്ള നിരവധി സമരങ്ങളുമായി അവരും മുന്നോട്ടു പോകുന്നു. വിവിധ ജനവിഭാഗങ്ങള്‍, ഗവണ്മെന്റിന്റെ നയങ്ങളെ ചെറുക്കുന്നതിനായി രംഗത്തുവരുന്നുണ്ട്. യുവാക്കള്‍ നടത്തുന്ന സമരം തൊഴിലില്ലായ്മ വര്‍ധിപ്പിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നയത്തിനെതിരായ സമരമാണ്. ഒരു വര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചാണ് 2014ല്‍ നരേന്ദ്രമോഡി അധികാരത്തില്‍ വന്നത്. എട്ട് വര്‍ഷം ഭരണം നടത്തി. പ്രഖ്യാപനം അനുസരിച്ച് 16 കോടി തൊഴിലവസരങ്ങളുണ്ടാകണം, ഉണ്ടായില്ല. തൊഴില്‍രഹിതരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കുകയായിരുന്നു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും പ്രഖ്യാപിച്ചു, അതും നടന്നില്ല. യുവാക്കളെയും കര്‍ഷകരെയും തുടര്‍ച്ചയായി വഞ്ചിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. അതിനെതിരായ സമരമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.