പ്രണയരാത്രിക്കേതൊരുപമ ചേരും, പ്രിയേ…
പ്രമദരാത്രിക്കേതൊരിനിമ ചേരും?
ഹൃദയരക്തത്തിൽ പനിക്കോള് ചാലിച്ച
വിരഹസായന്തനം വഴിവക്കിൽ നിൽക്കുന്നു,
മരവുരിയുപേക്ഷിച്ച സ്വപ്നവേദാന്തങ്ങൾ
മരനീരിൽ മുങ്ങുമുന്മാദം കൊതിക്കയായ്.
കടൽനെഞ്ചിലേക്കൊഴുകി വീഴുന്ന പുഴയുടെ
രതിമർമ്മരം കാറ്റിലമൃതായ്’ പരക്കുന്നു.
മിഴികളിൽ വില്ല് ഞാണേറ്റിയ ഭാഷയിൽ
വിനിമയങ്ങൾ ശരകൂടം നിറയ്ക്കുന്നു.
വിരലുകൾ തൊടാതെ കോർക്കപ്പെടും കാമന
കരളുകൾ സമ്മിശ്രമാക്കിത്തിമിർക്കുന്നു.
എവിടെ നാം കണ്ടതന്നാദ്യമെന്നൊരു മൊഴി,
അവിടെ നിലാവിൻ്റെ തേൻചിരി, മറുമൊഴി.
ആദ്യം കുടിച്ച കയ്പൂറുന്ന ചുംബനം
ആർദ്രം മിഴിക്കോണിലൂറിയ കമ്പനം.
ഓരോ ഹൃദയത്തുടിപ്പിലും വിറകൊണ്ട
കാന്തം കണക്കേ വിയർക്കും വിമൂകത.
എല്ലാമുപേക്ഷിച്ചു പോകും വിരക്തൻ്റെ
കണ്ണിൽക്കുരുങ്ങുന്ന മേഘവിസ്ഫോടനം !
തിരികെ നീ വന്നതീ വൈകിയ സന്ധ്യയിൽ
മദ്ദളം ചെണ്ടയും തീപിടിച്ചുടയുന്ന
കേളികൊട്ടിൽ തിരശ്ശീല തെളിഞ്ഞിതാ.
വേഷമേതെന്നു തിരിച്ചറിഞ്ഞീടാതെ
വേദിയിൽ നമ്മൾ വിവശമീ വാർദ്ധകം
ഇനിയുമൊരങ്കത്തിനായ് സമർപ്പിക്കവെ…
മേളപ്പദം ചമ്പതാളം മുറുക്കുന്നു.
മൗനം മദംകൊണ്ട മാതംഗിയെന്ന പോൽ
നിൻ മുഖതാരിൽ മുനയ്ക്കുന്ന വേളയിൽ
കൈലാസപീഠത്തിൽ വന്നുദിക്കുന്നിതാ
കൈവല്യമാർന്ന പ്രേമോത്സവം പിന്നെയും.
നീയൊരു നേർപാതി, ഞാനതിൻ മറുപാതി
രണ്ടർദ്ധനേത്രങ്ങൾ ചേർന്നതാം മുക്കണ്ണ്.
ഓരോ മിഴിയും തുറന്നു നോക്കീടുകിൽ
ഓർമ്മയും നേർമ്മയും ചേർന്ന ഗംഭീരത.
ഓരോ വെളിച്ചവും മായുന്ന നേരത്ത്
നാമുടൽ ചേർത്തു മുഴക്കുന്നു ഡമരുകം.
കാലം നമുക്കു ചുറ്റും നൃത്തമാടുന്നു
കാനനം പോലും കവിതയാൽ പൂക്കുന്നു.
===
കവിതയുടെ വിശകലനം
പ്രണയത്തിന്റെ ആർദ്രതയും, ഉന്മാദവും വിരഹവും,വിമൂകതയും എല്ലാം ഇവിടെ അതി മനോഹരമായി ഇതൾ വിരിയുന്നു.പ്രണയത്തിന്റെ വസന്തം പൂത്തു വിടരുന്ന രാത്രിയെ ഉപമിക്കാൻ കവിയ്ക്ക് വാക്കുകളില്ല.പ്രമദ രാത്രിയുടെ മധുരം വർണ്ണിക്കാനാവുന്നില്ല.പ്രണയ മധുരം തുള്ളി തുളുമ്പുന്ന മധു വിധു കാലം മദം കൊള്ളുമാത്മാക്കളെ ബന്ധിപ്പിക്കുന്നു.ഏതൊരു പ്രണയത്തിന്റെയും കൂമ്പ് നുള്ളുന്ന ജീവിത വിരഹം വഴിയിൽ കാത്തു നിൽക്കുന്നുണ്ടെങ്കിലും, സ്വപ്നങ്ങൾ പിടി കൊടുക്കുന്നില്ല.അവ മരവുരിയണിഞ്ഞു കാടു കേറാൻ തയ്യാറല്ല, മറിച്ച് പ്രണയത്തിന്റെ ഉന്മാദാവസ്ഥയെ പ്രാപിയ്ക്കാൻ കൊതിക്കുന്നു.പ്രണയികൾ പുഴയും, കടലും പോലെ ഒന്നു മറ്റൊന്നിന്റെ നെഞ്ചിലേയ്ക്ക് അലിഞ്ഞു വീഴുമ്പോൾ ഉതിരുന്ന രതി മർമ്മരം കാറ്റിൽ അമൃതായ് പരക്കുന്നു. പ്രണയ തീക്ഷ്ണത മിഴികളിൽ വില്ല് കുലയ്ക്കുമ്പോൾ, തൊടുക്കുമ്പോൾ ഒന്ന്, കൊള്ളുമ്പോൾ ഒന്നല്ല ഒരു കോടി എന്ന കണക്കെ പ്രേമ ഭാഷ്യത്തിന്റെ ആശയ വിനിമയങ്ങൾ മനോജ്ഞമായി തീരുന്നു. വിരൽ പോലും തൊടാതെ തന്നെ കരളുകൾ കാമനകൾ പരസ്പരം കോർത്തു സമ്മിശ്രമായി തിമിർക്കുന്നു.
പ്രണയം മൊഴികളായി മാറുമ്പോൾ, എവിടെ നാം കണ്ടതാദ്യമായി എന്ന ചോദ്യത്തിന് തേൻ ചിരി മറു മൊഴിയാകുന്നു.ആദ്യ ചുംബനം കയ്പൂറുന്ന മധുരമാകുന്നു. മിഴികളിൽ ആർദ്രമായി തിരയിളകുന്നു.ഓരോ ഹൃദയത്തുടിപ്പും കാന്തം ഒളിപ്പിച്ചു വെച്ച പോലെ പ്രണയിയുടെ ഹൃദയത്തുടിപ്പുകളെ വലിച്ചടുപ്പിക്കുന്നു.എങ്കിലുമൊരുനാൾ വിരക്തി പ്രണയത്തെ കവർന്നെടുത്തു കൊണ്ടു പോയി, മേഘ വിസ്ഫോടനം നടത്തി കണ്ണീർ മഴ പെയ്യിക്കുന്നു.
ഏറെ വൈകി പ്രണയികളിലൊരാൾ തിരിച്ചെത്തുന്നത് വാർദ്ധക്യത്തിന്റെ സന്ധ്യ തെളിയുന്ന വേളയിൽ.വേഷമേതെന്നു തിരിച്ചറിയാൻ കഴിയാത്ത വേദിയിൽ,മദ്ദളവും, ചെണ്ടയും, തീ പിടിച്ചുലയുന്ന കേളികൊട്ടിന്റെ തിരശ്ശീല തെളിയുന്ന വിവശ വാർദ്ധക്യത്തിൽ,ഇനിയുമൊരങ്കത്തിനായി സ്വയം സമർപ്പിച്ചു കൊണ്ട് മുറുകുന്ന താള മേളങ്ങളിലേയ്ക്ക് പ്രണയികൾ നടന്നടുക്കുന്നു.
മൗനം കൊണ്ട് മദനോത്സവത്തിന്റെ കിരണങ്ങൾ മുഖതാരിൽ വിരിയിച്ചു ശ്രീ പാർവ്വതിയെപ്പോലെ പ്രണയിനി നിൽക്കുമ്പോൾ പിന്നെയും കൈലാസശൈലങ്ങളെ പുളകം കൊള്ളിച്ച ഉമാ മഹേശ്വര പ്രേമോത്സവം അരങ്ങേറുകയായി.അവിടെ അർദ്ധനാരീശ്വര സങ്കല്പം പോലെ പ്രണയിയൊരു നേർപാതി, പ്രണയിനി അതിന്റെ മറുപാതിയുമായി പ്രണയത്തിന്റെ പൂർണ്ണ സ്വരൂപമായി, രണ്ടർദ്ധ നേത്രങ്ങൾ ചേർന്ന മുക്കണ്ണായി, ശക്തി-പ്രണയത്തിന്റെ സമ്പൂർണ്ണ സായൂജ്യമായി ഒരു ലോകം ഉടലെടുക്കുന്നു.ഓരോ മിഴിയും തുറക്കുമ്പോൾ ചാരുതയാർന്ന ഓർമ്മകൾ.… ഗാoഭീര്യമുള്ള നിമിഷങ്ങൾ… ഓരോ രാവിലും വീണ്ടും മുഴങ്ങുന്നു രണ്ടുടലുകൾ ഒന്നു ചേർന്നു മുഴക്കുന്ന ഡമരുവിന്റെ നാദം.…കാലം പ്രണയികൾക്ക് ചുറ്റും നൃത്തം വെയ്ക്കുമ്പോൾ, കാനനം പോലും കവിതയാൽ പൂത്തുല്ലസിക്കുന്നു.… അനശ്വര പ്രണയത്തിന്റെ വിസ്മയ ഗാനം തീരുന്നില്ല, തുടർന്ന് മുഴങ്ങികൊണ്ടേയിരിക്കുന്നു.…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.