അടുക്കള ബജറ്റിനെ താളം തെറ്റിച്ച് അരിയുൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും വില കുതിക്കുന്നു. കഴിഞ്ഞ ആറ് മാസങ്ങളായി അരി വില കുതിപ്പു തുടരുന്നതിനിടെ പച്ചക്കറി വിലയും വർധിച്ചതോടെ ജനം പ്രതിസന്ധിയിലായി. സാധാരണക്കാരന് താങ്ങാവുന്നതിലധികമാണ് ഇപ്പോഴത്തെ വില. ബീൻസ്, പച്ചമുളക്, തക്കാളി, ചെറുനാരങ്ങ, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങി പച്ചക്കറികളുടെയെല്ലാം വില ഇരട്ടിയായി കഴിഞ്ഞു.
കനത്ത മഴയെത്തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ വ്യാപക കൃഷിനാശം ഉണ്ടായതും പച്ചക്കറി ലഭ്യത കുറഞ്ഞതുമാണ് പച്ചക്കറി വില ഉയരാൻ കാരണം. മുരിങ്ങക്കായയ്ക്ക് 120 രൂപയാണ് വില. കാരറ്റിനും ചെറുനാരങ്ങയ്ക്കും വില 100 രൂപയിലെത്തി. പച്ചമാങ്ങക്ക് 90ഉം കറിനാരങ്ങ, ഇഞ്ചി, പച്ചമുളക് എന്നിവക്ക് 80 രൂപയുമാണ് വില. ബീൻസിനും വെളുത്തുള്ളിക്കും 70 രൂപയാണ് വില. ഉള്ളി, ബീറ്റ്റൂട്ട്, കൂർക്ക, കോളിഫ്ലവർ എന്നിവയുടെ വില 60 രൂപയാണ്. കാബേജ് 60–70ഉം കോവക്ക, നെല്ലിക്ക എന്നിവയ്ക്ക് 50 രൂപയുമാണ് വില. തക്കാളിക്ക് 45ഉം, ഉരുളക്കിഴങ്ങ്, പയർ, കൊത്തമര, വഴുതന, മത്തൻ എന്നിവക്ക് 40 രൂപയുമാണ് വില. വില നിയന്ത്രണമില്ലാത്തതിനാൽ പലയിടത്തും വ്യത്യസ്ത വിലകളാണ് കച്ചവടക്കാർ ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.
ആന്ധ്രയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിന് കാരണം. മലയാളികൾക്ക് പ്രിയമേറിയ ജയ, സുരേഖ അരികൾക്കാണ് കൂടുതലും വില വർധിച്ചിരിക്കുന്നത്. മെയ് ആദ്യവാരം കിലോയ്ക്ക് 33 രൂപയുണ്ടായിരുന്ന ജയ അരിക്ക് 20 രൂപയിലധികം വർധിച്ച് 54 മുതൽ 55 വരെയാണ് മൊത്തവില. 56 മുതൽ 60 വരെയാണ് ചില്ലറവില. മട്ട അരിക്ക് പൊതുവിപണിയിൽ 50 രൂപയാണ് വില. സുരേഖ 44 മുതൽ 46 രൂപ വരെയാണ് വില. 48 — 50 രൂപ വരെയാണ് ചില്ലചില്ലറവില. കുറുവയ്ക്ക് മൊത്തവില 37 രൂപയും ചില്ലറവില 42ഉം ആണ്. വിവിധ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിമൂലം ചരക്കുവരവ് കുറഞ്ഞതും ഇന്ധനവിലവർധനവുമെല്ലാം വിലവർധനയ്ക്ക് കാരണമാകുന്നതായി കച്ചവടക്കാർ പറയുന്നു.
പയർ, പരിപ്പ്, കടല, ഗ്രീൻപീസ് എന്നിവയുടെ വില സെഞ്ച്വറിയിലേക്കെത്തി. ഉഴുന്നിന് 110 രൂപയാണ് വില. വെളിച്ചെണ്ണ വില കുറഞ്ഞതുമാണ് മാത്രമാണ് ഏക ആശ്വാസം. നാളികേര വിലയിടിഞ്ഞതോടെ വെളിച്ചെണ്ണ ലിറ്ററിന് 140 രൂപയായി വില. അതേസമയം, വിപണിയിലെ വിലക്കയറ്റം തടയാൻ 13 ഇന സബ്സിഡി സാധനങ്ങൾ സർക്കാർ സപ്ലൈക്കോ മുഖേന ലഭ്യമാക്കുന്നത്. ജയ, മട്ട, ചെറുമണി, കുറുവ അരികൾക്ക് സപ്ലൈക്കോയിൽ കിലോഗ്രാമിന് 25 രൂപ നിരക്കിൽ ലഭ്യമാണ്.
English Summary: supplyco subsidy items
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.