പാറശാല സ്വദേശി ഷാരോണി(23)ന്റേത് കൊലപാതകമെന്ന് പൊലീസ്. ഷാരോണിനെ കഷായത്തില്‍ കീടനാശിനി ചേര്‍ത്ത് കൊലപ്പെടുത്തിയതാണെന്ന് തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറ സ്വദേശിനി ഗ്രീഷ്മ (22) ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. തിരുവിതാംകോട് മുസ്‌ലിം ആര്‍ട്‌സ് കോളജ് രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കുവാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. കാപിക് എന്ന കീടനാശിനിയാണ് കഷായത്തില്‍ ചേര്‍ത്ത് നല്‍കിയത്. ഫെബ്രുവരിയില്‍ വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ അതിനു മുന്നോടിയായി ഷാരോണിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുധ്യവുമാണ് കേസന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്. നീല നിറത്തില്‍ ഛര്‍ദ്ദി ഉണ്ടായിരുന്നതിനാല്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയ വസ്തു ശരീരത്തില്‍ എത്തിയിട്ടുണ്ടാകാമെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സൂചന നല്‍കിയിരുന്നു. അതേസമയം, ഷാരോണിന്റെ കൊലപാതകത്തില്‍ മറ്റൊരാള്‍ക്കു കൂടി നേരിട്ടു പങ്കുണ്ടെന്നും പൊലീസ് കരുതുന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഷാരോണിന് നല്‍കിയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പാറശാല മുറിയങ്കര സമുദായപ്പറ്റ് കുഴിവിള ജെ പി ഹൗസില്‍ ജയരാജിന്റെ മകനായ ഷാരോണ്‍ തമിഴ്‌നാട് നെയ്യൂർ ക്രിസ്ത്യൻ കോളജിലെ ബിഎസ്‍സി അവസാന വിദ്യാർത്ഥിയാണ്.
കൊലപാതകം ആസൂത്രണത്തോടെ നടത്തിയതാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. വിഷം നല്‍കുന്നതിന് മുമ്പ് വിശദാംശങ്ങള്‍ക്കായി ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും അന്വേഷണ സംഘം കണ്ടെത്തി. ഗ്രീഷ്മ, അച്ഛന്‍, അമ്മ, അടുത്ത ബന്ധു എന്നിവരാണ് രാവിലെ 10.30ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ മൊഴി നല്‍കാനെത്തിയത്. നാലു പേരെയും ഒറ്റയ്ക്കും, കൂട്ടമായും ആണ് ചോദ്യം ചെയ്തത്.
പാറശാല പൊലീസില്‍ നിന്ന് ശനിയാഴ്ചയാണ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
സംഭവത്തെ തുടര്‍ന്ന് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതിനു പിന്നാലെ സംശയം ഉണര്‍ത്തുന്ന തരത്തില്‍ പെണ്‍കുട്ടിയുടെ ശബ്ദസന്ദേശങ്ങളും ഫോണ്‍ ചാറ്റും പുറത്തുവന്നിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയത്. ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന് ജാതകദോഷമുണ്ടെന്നുള്‍പ്പെടെ പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സ്ആപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു.
English Summary: Sharon’s murder trail: The young woman confessed to the crime
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.