29 September 2024, Sunday
KSFE Galaxy Chits Banner 2

ബഫര്‍ സോണ്‍: വിവരശേഖരണം കോടതിയെ ബോധ്യപ്പെടുത്താന്‍

എ കെ ശശീന്ദ്രന്‍ 
വനം-വന്യജീവി വകുപ്പുമന്ത്രി
December 28, 2022 4:22 am

രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ബഫർസോൺ നിശ്ചയിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശങ്ങൾക്ക് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏറ്റവുമൊടുവിൽ 2022 ജൂൺ മൂന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം രാജ്യത്താകമാനമുള്ള ഇത്തരം സംരക്ഷിതപ്രദേശങ്ങൾക്ക് ചുറ്റും അവയുടെ അതിർത്തി മുതൽ ഏറ്റവും കുറഞ്ഞത് ഒരു കി. മീ പരിധിയെങ്കിലും നിർബന്ധമായും ബഫർസോൺ ഉണ്ടായിരിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിരിക്കുകയാണ്. സുപ്രീം കോടതിയുടെ ഈ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ജനസാന്ദ്രത, ജനവാസ കേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങൾ, മറ്റ് നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പുനഃപരിശോധനാ ഹർജിയിൽ പ്രധാന തെളിവായി ഹാജരാക്കാൻ സാധിക്കും. ഇങ്ങനെ തെളിവ് ശേഖരണത്തിനുള്ള രേഖ മറ്റ് ഉപയോഗത്തിന് അംഗീകരിക്കപ്പെടുന്നില്ല. റവന്യു രേഖയായോ വനംവകുപ്പിന്റെ തീരുമാനങ്ങൾക്ക് ആധികാരികമായ രേഖയായോ ഉപയോഗിക്കുകയില്ല.

 


ഇതുകൂടി വായിക്കു; ബഫര്‍സോണ്‍ സംരക്ഷിക്കണമെന്ന മുന്‍ ഉത്തരവ് അപ്രായോഗികത ശരിവച്ച് സുപ്രീം കോടതി


നിലവിലുള്ള നിർമ്മാണങ്ങളുടെ ഉപഗ്രഹചിത്രങ്ങളോ (സാറ്റലൈറ്റ് ഇമേജിങ്) അല്ലെങ്കിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഉപഗ്രഹചിത്രങ്ങൾ പൂർണമാകാൻ സാധ്യതയില്ലെന്നും കെട്ടിടങ്ങൾ, ചില ഭൂപ്രദേശങ്ങൾ എന്നിവ നിഴൽമൂലമോ മരങ്ങളുടെ തടസം വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാകുമെന്നും മനസിലാക്കിയാണ് ഫീൽഡ് പരിശോധനകൂടി നടത്തി സമർപ്പിക്കാൻ വാർഡു തലത്തില്‍ വരെ ഹെൽപ് ഡെസ്ക് സ്ഥാപിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിച്ച് ഭൂതലപരിശോധന നടത്താൻ തീരുമാനിച്ചത്.
നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചിട്ടില്ലെങ്കിലും പൂർണ വിവരങ്ങൾ ശേഖരിച്ച് ജനസാന്ദ്രതയും സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യങ്ങളും ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ ഉദ്യമം. കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശം ജനവാസമേഖലയാണെന്ന് തെളിയിക്കാൻ മറ്റ് മാർഗമില്ല. സുപ്രീം കോടതി നിശ്ചയിച്ച സ്ഥലങ്ങൾ ബഫർസോൺ അല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇപ്പോൾ തയ്യാറാക്കിയ ഉപഗ്രഹചിത്രങ്ങൾ ബഫർസോൺ തിട്ടപ്പെടുത്താൻ വേണ്ടിയാണെന്ന തെറ്റായ പ്രചാരണങ്ങൾ നിക്ഷിപ്ത താല്പര്യക്കാർ നടത്തുന്നുണ്ട്. ബഫർസോൺ നിശ്ചയിക്കുന്നതുകൊണ്ട് സർക്കാരിന് നേടാൻ പ്രത്യേകമായി ഒന്നുമില്ല. മറിച്ച് പൊതുജനങ്ങളുടെയും കർഷക സമൂഹത്തിന്റെയും താല്പര്യം സംരക്ഷിക്കുന്നതിനാണ് സർക്കാരിന് മുൻഗണന.
2019ലെ സർക്കാർ ഉത്തരവിനെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ചില സംഘടനകൾ നടത്തുന്നത്. പൂജ്യംമുതൽ ഒരു കി.മീ വരെയെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരിധി കുറച്ച് നിശ്ചയിച്ചത്. ജനവാസമേഖലകളും കൃഷി സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം പൂജ്യം കി.മീ എന്ന് നിശ്ചയിച്ചുകൊണ്ടാണിത്. വനം ഉൾപ്പെടുന്ന പ്രദേശങ്ങളും മറ്റുമാണ് ഒരു കി. മീ പരിധിയിൽ വരുന്നത്. ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള കരട് നിർദേശമാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സുപ്രീം കോടതി മുമ്പാകെയുള്ള ഗോദവർമ്മൻ തിരുമുൽപ്പാട് കേസിന്റെ ഭാഗമായാണ് സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ബഫർസോൺ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുള്ളത്. സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളിൽ മാറ്റം വരുത്തുന്നതിന് ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ ആവശ്യമാണ്. കേന്ദ്ര നിയമപ്രകാരമാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും നിലവിൽ വന്നിട്ടുള്ളത്. സംരക്ഷിതപ്രദേശങ്ങളുടെ അതിരുകളിൽ മാറ്റംവരുത്തണമെങ്കിൽ ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ വേണം. പരിസ്ഥിതി വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന് കേന്ദ്ര സർക്കാരിനും പാർലമെന്റിനും മാത്രമാണ് അധികാരം. ഭേദഗതി വരുത്തുന്നതിനും നിയമനിർമ്മാണത്തിനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല.
വനംവകുപ്പും കെഎസ്ആർഇസിയും നടത്തിയ സർവേയിൽ പിശകുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനും തിരുത്തുന്നതിനുമാണ് പരാതി നൽകാൻ അവസരം നൽകിയത്. കർഷകന്റെ താല്പര്യസംരക്ഷണമാണ് പ്രധാനമെന്ന് കരുതുന്ന സംഘടനകളും കൂട്ടായ്മകളും ഈ പരിശോധന ഫലപ്രദമാക്കാൻ സഹായിക്കുകയാണ് വേണ്ടത്. അതിനു പകരം പാവപ്പെട്ട കർഷകരെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് പലരും ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്. ബഫർസോൺ പ്രഖ്യാപനം ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്ന കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന് വിരുദ്ധമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുകയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.