മാതാവിനെ തല്ലുന്നത് തടയാന്‍ ശ്രമിക്കവേ പിതാവിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന പതിനാറുകാരന് മരിച്ചു

കൊട്ടിയം: മാതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കവെ പിതാവിന്റെ കുത്തേറ്റു ചികിത്സയിലായിരുന്ന പതിനാറുകാരന് മരിച്ചു. ഇരവിപുരം സ്നേഹ ധാരാ നഗറിലേ നിസാമിന്റെയും നജ്മത്തിന്റെയും മകനായ മുനീറാണ് മരിച്ചത്. മത്സ്യക്കച്ചവടക്കാരനായ നിസാം കച്ചവടം കഴിഞ്ഞ് മദ്യലഹരിയില്‍ വീട്ടിലെത്തി നജ്മത്തിനെ ആക്രമിക്കുന്നതു കണ്ട മുനീര്‍ പിതാവിനെ തടയാന്‍ ശ്രമിക്കവെയാണ് കുത്തേറ്റത്. പിതാവിനെ തടയാന്‍ മുനീര്‍ ശ്രമിച്ചതോടെ രോഷാകുലനായ പിതാവ് അടുത്തു കിടന്ന ബിയര്‍ കുപ്പിയെടുത്ത് പോസ്റ്റിലിടിച്ച് പൊട്ടിച്ച ശേഷം മുനീറിന്റെ കാലിലേക്ക് കുത്തി കയറ്റുകയായിരുന്നു.
കാലിലെ ഞരമ്പ് മുറിഞ്ഞ് ചോര വാര്‍ന്ന നിലയില്‍ കിടന്ന മുനീറിനെ ഓടിക്കൂടിയവര്‍ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മുനീറിന്റെ ഒരു കാല് മുറിച്ചുമാറ്റിയിരുന്നു.
സംഭവ ദിവസം തന്നെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്ത നിസാമിനെ ( 45 ) കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൊലക്കുറ്റം ചുമത്തി ഇരവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ആറേമുക്കാലോടെ സ്നേഹ ധാരാ നഗറിലുള്ള വാടക വീട്ടില്‍ എത്തിച്ച മുനീറിന്റെ ഭൗതീകദേഹം തുടര്‍ന്ന് കായംകുളം തെരുവില്‍ ജമാഅത്തില്‍ കബറടക്കി. വഞ്ചി കോവിലിലുള്ള ടൂ വീലര്‍ വര്‍ക് ഷോപ്പിലെ ട്രെയിനിയായിരുന്നു മുനീര്‍. സഹോദരന്: സെയ്ദ് മുഹമ്മദ്.
you may also like this video