ഹൃദയ വാൽവ് ചുരുങ്ങിയതു മൂലം രക്തയോട്ടം തടസപ്പെട്ട് അതീവ ഗുരുതരാവസ്ഥയിലായ 27 ആഴ്ച പൂർത്തിയായ ഗർഭിണിക്ക് അപൂർവ ഹൃദയ ശസ്ത്രക്രിയയിലൂടെ ആരോഗ്യം വീണ്ടെടുത്തു. 19 വയസുള്ള തിരുവനന്തപുരം സ്വദേശിയായ ഗർഭിണിക്ക് നടത്തിയ ബലൂൺ മൈട്രൽ വാൽവോട്ടമി എന്ന താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ഗർഭസ്ഥശിശുവിനും അമ്മയ്ക്കും ആരോഗ്യം വീണ്ടെടുക്കാനായത്.
വാൽവ് ചുരുക്കം മൂലം പൾമണറി എഡിമ എന്ന അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. സാധാരണ നിലയിലുള്ള നാലു മുതൽ ആറു സെന്റീമീറ്റർ സ്ക്വയർ വലിപ്പമുള്ള വാൽവിനുപകരം യുവതിയുടെ ഹൃദയവാൽവിന് 0.5 സെന്റീ മീറ്റർ സ്ക്വയർ വലിപ്പം മാത്രമാണുണ്ടായിരുന്നത്. ഈ അവസ്ഥയിലാണ് യുവതി എസ്എടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് അടിയന്തര ചികിത്സയിലൂടെ രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുത്തിയ ശേഷം ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ വഴി ചുരുങ്ങിപ്പോയ വാൽവ് വികസിപ്പിച്ച് തടസം പൂർണമായി മാറ്റുകയും വാൽവിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുകയും ചെയ്തു. ബലൂൺ മൈട്രൽ വാൽവോട്ടമി ചികിത്സ ഗർഭാവസ്ഥയിൽ അമ്മയ്ക്കും കുഞ്ഞിനും ദോഷം വരാതെ റേഡിയേഷൻ സംരക്ഷണ ഉപാധികൾ വഴി ചെയ്യുന്നത് അത്യപൂർവമാണ്.
ഗർഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥ ഗൈനക്കോളജി വിഭാഗം പ്രൊഫസർ ഡോ. സുധാ മേനോന്റെ മേൽനോട്ടത്തിൽ ക്രമീകരിച്ച ശേഷം കാർഡിയാക് സർജൻ ഡോ. വിനു, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ശോഭ, ഡോ. ജഫി, നവജാത ശിശു വിദഗ്ധർ ഡോ. ആനന്ദ്, ഡോ. ദിവ്യ മാത്യു എന്നിവരുടെ മേൽനോട്ടത്തിലും മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്, ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. സുരേഷ് മാധവൻ, ഡോ. പ്രവീൺ വേലപ്പൻ എന്നിവർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് ചികിത്സ നടത്തിയത്. കാർഡിയോ വാസ്കുലാർ ടെക്നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോർ, അസിംഷാ, ബിൻസി, നഴ്സിങ് ഓഫിസർമാരായ രാജലക്ഷ്മി, വിജി, സൂസൻ, അംബിക എന്നിവരും ചികിത്സയിൽ പങ്കാളികളായി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ മോറിസ്, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ബി എസ് സുനിൽ കുമാർ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു എന്നിവർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു. വിവിധ ഗവൺമെന്റ് സ്കീം പ്രകാരം പൂർണമായും സൗജന്യമായാണ് ഈ ചികിത്സ നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.