ഗുജറാത്തില്‍ 50,000 രൂപയ്ക്ക് പത്തുവയസ്സുകാരിയെ 35കാരന് വിറ്റു

Web Desk
Posted on October 16, 2019, 3:55 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്തയില്‍ അച്ഛനെക്കാള്‍ ഒരു വയസ് മാത്രം പ്രായക്കുറവുള്ളയാള്‍ക്ക് പത്ത് വയസുകാരിയായ ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു നല്‍കി. അരലക്ഷം രൂപക്കാണ് കുട്ടിയെ 35 കാരന് വിറ്റതെന്ന് പോലീസ് പറഞ്ഞു .

ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ പിന്നീട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പൊലീസ് പറഞ്ഞു. വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എടുത്തത് . പൊലീസ് അന്വേഷണത്തിലാണ് ഇത് വിവാഹരൂപത്തിലുള്ള വില്‍പ്പനയാണെന്ന് മനസിലായത്.

ഗോവിന്ദ് താക്കൂര്‍ എന്നയാളാണ് പത്തുവയസുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രണ്ട് മാസം മുന്‍പ് ബനസ്‌കന്തയ്ക്കടുത്ത് നടന്ന ആഘോഷത്തിനിടെ ജഗ്മല്‍ ഗമര്‍ എന്ന ഏജന്റ് പെണ്‍കുട്ടിയെ താക്കൂറിന് കാണിച്ചുകൊടുത്തിരുന്നു . ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവര്‍ തമ്മില്‍ ധാരണയിലെത്തിയത്. എന്നാല്‍ ആദ്യഘട്ടമായി 50000 രൂപ മാത്രമാണ് നല്‍കിയതെന്ന് പോലീസ് അന്വേഷണത്തില്‍ നിന്നും കണ്ടെത്തി .

വിവാഹശേഷം പെണ്‍കുട്ടിയെ തിരികെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാന്‍ പിതാവ് ശ്രമം നടത്തിയിരുന്നു . കിട്ടാനുള്ള ഒരു ലക്ഷം രൂപയുടെ കാര്യത്തില്‍ ധാരണയാകാതിരുന്ന സാഹചര്യത്തിലായിരുന്നു ഈ ശ്രമം . എന്നാല്‍ താക്കൂര്‍ പെണ്‍കുട്ടിയെ വിട്ടുകൊടുക്കുവാന്‍ തയ്യാറായില്ല . സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്‌.