നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര

Web Desk
Posted on July 28, 2019, 7:27 am

എം എച്ച് രമേശ്കുമാര്‍

സമൂഹത്തിലെ യഥാര്‍ഥ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും വിദ്യാര്‍ഥികളെ സാമൂഹ്യബോധമുള്ളവരാക്കുന്നതിനും പാഠ്യപദ്ധതികള്‍ പര്യാപ്തമല്ല എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ യാത്രയായിരുന്നു ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ഇത് വിനോദത്തിനായി നടത്തിയ ഒരു അവധിക്കാല യാത്രയായിരുന്നില്ല. ഈ യാത്രയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥികളായ ജയശങ്കര്‍, അംജദ് അലി, സബിന്‍ ഫാരിസ് എന്നിവരും പരിസ്ഥിതി പ്രവര്‍ത്തകരായ അരുണ്‍ തഥാഗത്, കണ്ണന്‍ബാബു എന്നിവരുമായിരുന്നു.
രണ്ട് ലക്ഷ്യങ്ങളുടെ സഫലീകരണത്തിനായിരുന്നു യാത്ര. പരിസ്ഥിതി സൗഹൃദ വാഹനമായ സൈക്കിള്‍ പൊതു ജനങ്ങളില്‍ പ്രചരിപ്പിക്കുകയും അതുവഴി കൊച്ചി നഗരം അനുഭവിക്കുന്ന ഗതാഗത‑മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുക. മോട്ടോര്‍വാഹനങ്ങളില്‍ നിന്ന് പുറത്തേക്കു വരുന്ന വാതകങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് മാത്രമല്ല ആഗോളതാപനത്തിന് പോലും കാരണമായിത്തീരുന്നു. ഇതൊക്കെ അറിയാമെങ്കിലും ഇത് ഒന്നും പ്രവൃത്തിപഥത്തില്‍ എത്തിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. നമ്മുടെ പരിസരത്തിന് യാതൊരു പോറലുമേല്‍പ്പിക്കാതെ ജീവിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് യാത്ര മുന്നോട്ട് വച്ച ഒരു പ്രധാന കാര്യം.
ജീവിത ശൈലി രോഗങ്ങള്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുമ്പോള്‍ സൈക്കിള്‍ യാത്ര എന്നത് ആരോഗ്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ഒരു യാത്ര കൂടിയാണ്. ശരീരത്തിന് സമഗ്രമായ ചലനം പ്രദാനം ചെയ്യുന്ന സൈക്ലിംഗ് ആരോഗ്യത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. തന്നെയുമല്ല സമൂഹത്തെ തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്രയാണിത്. അതുവഴി സാമൂഹ്യബന്ധമുള്ളവനാക്കി മാറ്റുന്നതിനും സൈക്കിള്‍ യാത്രയ്ക്ക് കഴിയുന്നു. ഇത്തരം കാര്യങ്ങളും യാത്രയിലൂടെ മുന്നോട്ട് വയ്ക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടത്.

 

ഇത്തരം കാര്യങ്ങളൊക്കെ ജീവിതത്തില്‍ പകര്‍ത്തിയ നല്ല മാതൃകകളെ അവരുടെ താമസസ്ഥലങ്ങളില്‍ പോയി കാണുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയെന്നതുമായിരുന്നു രണ്ടാമത്തെ ലക്ഷ്യം. സാധാരണയായി ഇത്തരം വിശിഷ്ട വ്യക്തികളെ കോളജില്‍ വിളിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ അവരുടെ അടുത്തേക്ക് ചെല്ലുക എന്ന രീതിയാണിവിടെ പിന്തുടര്‍ന്നത്. ഇതുവഴി കോളജിനെ സമൂഹത്തിലേക്കും സമൂഹത്തിനെ കോളജിലേക്കും എത്തിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. പാഠ്യ പദ്ധതിയില്‍ നിന്ന് പലകാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെട്ട ഇത്തരം ആളുകളുമായുള്ള സംവാദം ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്നത് തന്നെ ആയിരുന്നു.

മട്ടുപ്പാവ് കൃഷിയിലൂടെ
.….….….….….….….….….….
കാര്‍ഷിക ജീവിതം തന്നെ അന്യം നിന്ന് പോകുന്ന കേരളത്തില്‍ അതിനെയൊക്കെ തിരിച്ച ്പിടിക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ഥികളിലേക്ക് എത്തിക്കാനുള്ള ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. സ്ഥലപരിമിതികള്‍ക്കിടയിലും മട്ടുപ്പാവില്‍ കാര്‍ഷിക സമൃദ്ധി സൃഷ്ടിച്ച രണ്ട് വീടുകളിലേക്ക് ‑എആര്‍എസ് വാദ്ധ്യാര്‍, പരേതനായ പരമേശ്വരന്‍ ‑പോയത് നവ്യാനുഭവമായി. നഗരത്തിന് നടുവില്‍ വീടിനു മുകളില്‍ മണ്ണിട്ടു കൊണ്ടുള്ള കൃഷി രീതിയാണ് അത്ഭുതപ്പെടുത്തിയത്. ഗ്രോബാഗ് നിറച്ച് കൊണ്ടുള്ള കൃഷി രീതിയായിരുന്നില്ല ഇത്. കൂറ്റന്‍ തെങ്ങുകളും മാവും പ്ലാവും നാരകവും വാഴയും ചേമ്പും കപ്പയും എല്ലാമിവിടെ വളരുന്നു.
മാലിന്യ സംസ്‌കരണത്തിനായും ഇന്ധനത്തിനായും വളത്തിനായും ബയോഗ്യാസും നിര്‍മിച്ചിരിക്കുന്നു. നല്ല ഭക്ഷണവും അതുവഴി ആരോഗ്യകരമായ ജീവിതവും നയിക്കാന്‍ സാധിക്കുന്നുവെന്ന് മാത്രമല്ല നഗരത്തിന്റെ കൊടുംചൂടിലും വളരെ കുളിര്‍മയോടെ വീട്ടില്‍ ഇരിക്കാന്‍ കഴിയുന്നു എന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്. മൂന്നു പതിറ്റാണ്ടായി ഇതേ രീതിയില്‍ കൃഷി ചെയ്തിട്ടും വീടിന്റെ സുരക്ഷിതത്വത്തിന് യാതൊരു ഭംഗവും വന്നിട്ടില്ല എന്നതും ‘പരിഷ്‌കൃത സമൂഹം’ തിരിച്ചറിയേണ്ട കാര്യം തന്നെ.
കൊച്ചി നഗരത്തില്‍ കഴിഞ്ഞ അമ്പത് വര്‍ഷം കൊണ്ട് വളര്‍ത്തിയെടുത്ത കാടിന്റെ ഉടമയായ എ വി പുരുഷോത്തമ കാമത്തിനെയും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു. അപൂര്‍വമായ ചെമ്പരത്തി, ഇന്തോനേഷ്യയില്‍ നിന്ന് കൊണ്ടുവന്ന മക്കൊട്ട ദേവ അഥവാ ദേവകിരീടം, അകില്‍, മേധ, ചന്ദനം തുടങ്ങിയ രാമായണ കഥയിലെ ശിംശിപാ വൃക്ഷം വരെ ഒന്നര ഏക്കര്‍ വിസ്തൃതി വരുന്ന ഈ നഗര വനത്തില്‍ ഉണ്ട്. ‘ഭൂമിയ്ക്ക് വല്ലാതെ പൊള്ളുമ്പോള്‍ മരങ്ങളുടെ ഈ കുട അല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഇതൊരു പ്രായ്ശ്ചിത്തം കൂടിയാണ്. മനുഷ്യന്‍ ഭൂമിയോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് ഒരു പ്രായ്ശ്ചിത്തം’-എന്ന പുരുഷോത്തമന്റെ വാക്കുകള്‍ പുതിയ തലമുറ ഏറ്റെടുക്കേണ്ടതു തന്നെ എന്നതില്‍ സംശയമില്ല.
കാടിനെ അതിന്റേതായ രീതിയില്‍ തന്നെ ഇവിടെ നിലനിര്‍ത്തുന്നത്. ഒരു കരിയില പോലും വെറുതെ എടുത്തു കളയാറില്ല. വീണ മരങ്ങള്‍ ഒക്കെ അതേ പടി കിടക്കുകയാണിവിടെ. പഴുത്ത അത്തിക്കായ്കളും ചാമ്പയും രുദ്രാക്ഷവും കുറ്റിക്കാടുകള്‍ക്കിടയില്‍ വീണ് കിടക്കുന്നു. മരങ്ങള്‍ക്കിടയില്‍ കുയിലും ഉപ്പനും കുളക്കോഴിയും സദാ ചിലയ്ക്കുന്നു. പൂമ്പാറ്റകളുടെ നൃത്തവും കാടിന് നടുവിലുള്ള കുളത്തിലെ മീനുകളുടെയും ആമകളുടെയും ചലനങ്ങളും ചീവീടുകളുടെ പാട്ടും ഇവിടെ മുഴങ്ങി കേള്‍ക്കാം.

രണ്ടായിരത്തിലധികം ഔഷധ സസ്യങ്ങള്‍ ഉള്ള ഇവിടെ പ്രകൃതി സ്‌നേഹികള്‍ക്കായി ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും പ്രത്യേകം വളര്‍ത്തുന്നു. ‘ഞങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് അടയാളമാണ് ഈ കാട്. ഈ പ്രപ്രഞ്ചം നിലനില്‍ക്കുന്നതിന് ഞങ്ങളുടേതായ പങ്ക്’ എന്ന അവരുടെ വാക്കുകള്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും ഉയര്‍ന്ന സാമൂഹ്യബോധത്തിന്റെയും സൂചനകള്‍ കൂടിയാണ്. ഭൂമി എന്നത് ഉല്‍പ്പാദനത്തിന്റെ ഇടം എന്നതില്‍ നിന്ന് ഒരു കൈമാറ്റ വസ്തുവായും ലാഭത്തിനുള്ളതായും കണക്കാക്കുന്ന ഇക്കാലത്ത് നഗര മധ്യത്തിലെ കാടും ഇവിടുത്തെ മനുഷ്യരും മാതൃകകളായി മാറുന്നു.

പീഡിതരോടൊപ്പം ഒരു പുരോഹിതന്‍

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ പീഡനത്തിനെതിരെ കന്യാസ്ത്രീകളുടെ സേവ് സിസ്റ്റേഴ്‌സ് മൂവ്‌മെന്റിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭൂമി തട്ടിപ്പിനെതിരെയുള്ള സമരത്തിനും പിന്തുണയും നേതൃത്വവുമായി മുന്നോട്ട് വന്ന കത്തോലിക്ക സഭയിലെ പുരോഹിത ശ്രേഷ്ഠന്‍ എന്നനിലയിലായിരുന്നുഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ അറിഞ്ഞിരുന്നത്. മൂലമ്പള്ളി സമരത്തിനും കൂടംകുളം സമരത്തിനും ഫാദറിന്റെ നിര്‍ലോപമായ പിന്തുണ ഉണ്ടായിരുന്നു. പ്ലാച്ചിമട സമരത്തില്‍ പങ്കെടുത്ത് ഏഴ് ദിവസം ജയിലിലും കിടന്നിരുന്നു. ശാന്തിവനം സംരക്ഷിക്കുന്നതിനായുള്ള സമരത്തിന് നേതൃ നിരയിലും അച്ചന്‍ നിലകൊള്ളുന്നു.
ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാദറിനെ നേരിട്ട് കാണണമെന്നും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കണമെന്നുമുള്ള ആഗ്രഹത്തോടെയായിരുന്നു ഞങ്ങള്‍ ചെന്നത്. കൊച്ചി നേവല്‍ ബേസിന് എതിര്‍വശത്തുള്ള വാത്തുരുത്തി കോളനിയിലായിലായിരുന്നു അത്. കോളനി നിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. നഗരഹൃദയത്തില്‍ താമസിക്കുമ്പോഴും നഗരത്തിന്റെ കാപട്യവും അഴുക്കും അവരില്‍ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. നമ്മള്‍ കൊട്ടിഘോഷിക്കുന്ന സംസ്‌ക്കാരത്തെയല്ല അവര്‍ പ്രതിനിധീകരിക്കുന്നതെന്നും കാപട്യമില്ലാത്ത അവരുടെ ജീവിതമാണ് യഥാര്‍ഥ സംസ്‌കാരമെന്നും ഞങ്ങള്‍ക്ക് മനസിലായി.
വാത്തുരുത്തിയിലെ ജനങ്ങളുടെ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ശ്രമിക്കുന്ന മനുഷ്യ സ്‌നേഹിയായ പുരോഹിതനെയാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞത്. കോളനി നിവാസികള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഹൃദ്യമായ സ്വീകരണവും അവര്‍ ഞങ്ങളോട് കാണിച്ച സ്‌നേഹവും അതിന്റെ സൂചകങ്ങള്‍ തന്നെയായി ഞങ്ങള്‍ക്ക് തോന്നി. വളരെ ചെറിയ ഒരു മുറിയില്‍ ആര്‍ഭാടമേതുമില്ലാതെ ആഴത്തിലുള്ള ചിന്തയുമായി പ്രവര്‍ത്തനനിരതമായ ജീവിതത്തിനുടമയായ ഫാദറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന തീരുമാനവുമായാണ് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങിയത്. ഇത് കോളനി നിവാസികളുടെ വിദ്യാഭ്യാസ‑ആരോഗ്യ രംഗത്ത് എന്തെങ്കിലും രൂപത്തില്‍ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.

balaji

 

മരവീട്ടിലൂടെ…

ഞങ്ങളുടെ യാത്രയിലെ അംഗവും പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആത്മാര്‍ഥമായ പിന്തുണ നല്‍കുകയും ചെയ്തയാളാണ് അരുണ്‍ തഥാഗത്. സൈക്കിള്‍ യാത്രയെ ഇഷ്ടപ്പെടുകയും പരിസ്ഥിതി സംരക്ഷണം ജീവിത ലക്ഷ്യമായി സ്വീകരിച്ചിരിക്കുകയുമാണ് അദ്ദേഹം. പരിസ്ഥിതി സംരക്ഷണം പ്രധാന ലക്ഷ്യമായി കഴിഞ്ഞ വര്‍ഷം കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ സൈക്കിള്‍ യാത്രയില്‍ വച്ചാണ് ഞാനദ്ദേഹത്തെ പരിചയപ്പെട്ടത്.
കേരളീയര്‍ വീട് നിര്‍മാണത്തിനായി കാടും മരങ്ങളും നശിപ്പിക്കുന്നതിനെതിരായ ചിന്ത അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. ആള്‍പ്പാര്‍പ്പില്ലാത്ത രണ്ടാം നിലയും കൂറ്റന്‍ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ക്കും ബദലായി പ്രകൃതിക്കിണങ്ങിയ പാര്‍പ്പിടങ്ങളാണ് അദ്ദേഹത്തിന്റെ സ്വപ്‌നവും ലക്ഷ്യവും. ഇതാണ് അദ്ദേഹത്തിന്റെ പാര്‍പ്പിടമായ ‘മെറ്റനോയ്’ യിലേക്ക് എത്തിച്ചത്. നിങ്ങളുടെ ചിന്തയെയും മനസിനെയും ജീവിതത്തിനെയും മാറ്റുന്നതാണ് ‘മെറ്റനോയ’ എന്ന വാക്കിനര്‍ഥം.
അഹിംസാത്മകമായ നിര്‍മാണ രീതിയാണ് പിന്തുടര്‍ന്നത് എന്ന് അദ്ദേഹം പറയുന്നു. വീട് നിര്‍മാണത്തിനായി ഒരു മലയും നികത്തപ്പെട്ടിട്ടില്ല. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സിമന്റ് ഉപയോഗിച്ചിട്ടില്ല. ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ധൂര്‍ത്തടിക്കുന്ന സ്ഥാനത്ത് ഒരു തുള്ളി വെള്ളം പോലും ഉപയോഗിച്ചിട്ടില്ല. വീടു നിര്‍മാണം വര്‍ഷങ്ങളുടെ അധ്വാനം ആവശ്യപ്പെടുന്ന പ്രവര്‍ത്തിയുമല്ല. എട്ട് ദിവസം കൊണ്ടാണ് മൂന്ന് നിലകളില്‍ 1500 ചതുരശ്ര അടിയുള്ള മഹാസൗധം ഉയര്‍ന്നത്. പ്രകൃതിയൊരുക്കുന്ന ആരോഗ്യപൂര്‍ണമായ ആമ്പിയന്‍സ് കിട്ടുന്ന ഇടമാണീ പാര്‍പ്പിടമെന് ഒരു ദിവസത്തെ താമസത്തിലൂടെ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
എച്ച്ഒസിയും ഐഒസിയും ഫാക്ടും ഒക്കെ ഉള്ള വ്യവസായ മേഖലയായ അമ്പലമേട് എന്ന സ്ഥലത്താണ് ഈ വീട്. എട്ട് പണിക്കാര്‍ എട്ട് ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്കാണ് ഈ വീട് നിര്‍മിച്ചത്. കവുങ്ങും മുളയും ഓലയും ഒക്കെയാണ് വീടുണ്ടാക്കാനായി ഉപയോഗിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ നിര്‍മിച്ച 12 വലിയ തൂണുകളില്‍ വീട് കുത്തിവച്ചിരിക്കുന്നു. ഇവിടെ കാറ്റും വെളിച്ചവും ഏറെ ലഭിക്കുന്നു. വീടിന് ചുറ്റും മരങ്ങള്‍. നഗരം ചുട്ടുപഴുക്കുമ്പോള്‍ ഇവിടെ തണുപ്പാണ്. കേരളത്തിന്റെ ഭൂപ്രകൃതിക്കനുയോജ്യമായ പരിസ്ഥിതിയെ സംരക്ഷിക്കുന്ന വീട് നിര്‍മാണ രീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് ഞങ്ങള്‍ക്ക് ഉണ്ടായത് ഇവിടെ നിന്നായിരുന്നു.
‘നമ്മുടെ നാട്ടില്‍ മാത്രമാണ് സിമന്റ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ഉത്തരേന്ത്യയിലൊക്കെ പ്രകൃതിയോട് ഇണങ്ങുന്ന വീടുകളാണുള്ളത്’ എന്ന വാക്കുകള്‍ നമ്മുടെ നിര്‍മാണ രീതിയുടെ പാകപ്പിഴകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മരത്തില്‍ കാലു സ്പര്‍ശിക്കുന്നതിന്റെ സന്തോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല എന്നും മരവീട്ടില്‍ താമസിച്ച് മാത്രമേ അതനുഭവിക്കാന്‍ കഴിയൂ എന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ തികച്ചും ശരിയാണെന്ന് ഒരു ദിവസത്തെ താമസത്തിലൂടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു.

 

സഞ്ചാരത്തിലൂടെ അറിവിലേക്ക്
നമ്മുടെ അറിവ് പൂര്‍ണവും സമഗ്രവുമാകുന്നത് യാത്രകളിലൂടെയാണെന്നും യാത്രകള്‍ മനുഷ്യനെ സംസ്‌കാരമുള്ളവരാക്കി മാറ്റുമെന്ന ചിന്തയ്ക്ക് അടിവരയിടുന്നതുമായിരുന്നു കൊച്ചി കത്രക്കടവിലുള്ള വിജയേട്ടന്റെയും മോഹന ചേച്ചിയുടെയും ജീവിതം. ബാലാജി കോഫി ഹൗസ് എന്ന ഒരു ചെറിയ തട്ടുകടയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് 24 വിദേശരാജ്യങ്ങള്‍ കാണുകയും അടുത്ത സഞ്ചാരത്തിന് തയാറെടുക്കുകയുമാണവര്‍.
ഞങ്ങള്‍ ചെന്നപ്പോള്‍ വിജയേട്ടന്‍ കടയില്‍ ഇല്ലായിരുന്നു. വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് യാത്രയെപ്പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. പഴയ പ്രീഡിഗ്രിക്കാരനായ വിജയേട്ടന്‍ പറഞ്ഞത് I have myown will pow­er in my life എന്നാണ്. ഒരു പക്ഷേ അത് തന്നെയാണ് നമ്മളെയും ഇവരെയും വ്യത്യസ്തരാക്കുന്ന ഘടകങ്ങളില്‍ ഒന്ന്.
യാത്രയ്ക്കായി ദിവസവും 300 രൂപ മാറ്റി വയ്ക്കുകയും ബാങ്കില്‍ നിന്ന് ലോണെടുക്കുയും ലോണ്‍ തിരിച്ചടയ്ക്കാനായി ജോലി ചെയ്യുകയും ചെയ്യുന്ന ഇവരുടെ അറിവിന്റെ അടുത്ത് വരില്ല ഔപചാരിക വിദ്യാഭ്യാസം ഉള്ളവര്‍. ഇത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പരിമിതിയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിച്ചത് യാത്രകളിലൂടെയാണെന്നും പരിസര ശുചിത്വത്തിന് കേരളം വളരെ പുറകോട്ടാണെന്നുമുള്ള വാക്കുകള്‍ യാത്രകള്‍ സമ്മാനിച്ച അറിവുകളാണ്.

സൈക്കിള്‍ ക്ലബ്ബിലൂടെ മുന്നോട്ട്
ഏപ്രില്‍ 28,29,30 തീയതികളില്‍ അവധിക്കാലത്ത് സംഘടിപ്പിച്ച യാത്രകള്‍ക്ക് നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. കോളജിലെ എല്ലാ വിദ്യാര്‍ഥികളുടെയും എല്ലാ വകുപ്പുകളുടെയും പ്രാതിനിധ്യമില്ലായിരുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളെ കണ്ടെത്താനായില്ല. ഇത് പരിഹരിക്കാനായി അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സൈക്കിള്‍ ക്ലബ്ബ് രൂപീകരിച്ച് എല്ലാ മാസവും ഒരു യാത്ര എന്ന രീതിയില്‍ പ്രവര്‍ത്തനം സംഘടിപ്പി്ക്കുകയാണ് ലക്ഷ്യം.