Web Desk

തൊടുപുഴ

June 09, 2020, 8:44 pm

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

Janayugom Online

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. തൊടുപുഴ കരിങ്കുന്നം തട്ടാരംതട്ട സ്വദേശി ചാമപ്പാറയിൽ ഷാജി (40) ആണ് മരിച്ചത്. ബൈക്കിൽ ഷാജിക്കൊപ്പമുണ്ടായിരുന്ന ഭാര്യ ആൻസി(34), മകൻ ഷാരോൺ(7) എന്നിവർക്കു പരിക്കേറ്റു.

ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. ആൻസിയുടെ എഴുപുന്നയിലെ വീട്ടിൽ നിന്നു ഷാജിയും കുടുംബവും ബൈക്കിൽ തിരികെ കരിങ്കുന്നത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

ഇവർ സഞ്ചരിച്ച ബൈക്കും മൂവാറ്റുപുഴ–തൊടുപുഴ റോഡിലേക്കു പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷാജിയെയും ആൻസിയെയും ഷാരോണിനെയും നാട്ടുകാർ ഉടൻ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഷാജിയെ രക്ഷപ്പെടുത്താനായില്ല.

പരുക്കുകൾ ഗുരുതരമായതിനാൽ ആൻസിയെയും ഷാരോണിനെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കു മാറ്റുകയായിരുന്നു. ഷാജിയുടെ സംസ്കാരം ഇന്ന് വൈകിട്ട് 4ന് കാട്ടോലി സെന്റ് പോൾസ് സിഎസ്ഐ പള്ളിയിലെ ശുശ്രൂഷകൾക്കു ശേഷം മ്രാല സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ നടക്കും.

you may also like this video;