ഉച്ചഭക്ഷണത്തിനു കൊണ്ടുവന്ന അരിയില്‍ കീടനാശിനി ഗുളികകള്‍ അടങ്ങിയ കുപ്പി

Web Desk
Posted on September 17, 2019, 12:30 pm

മതിലകം: ഉച്ചഭക്ഷണത്തിനു കൊണ്ടുവന്ന അരിയില്‍ കീടനാശിനി ഗുളികകള്‍ അടങ്ങിയ കുപ്പി. സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ ഇന്നലെ ഭക്ഷണം പാകം ചെയ്യാന്‍ അരിയെടുത്തപ്പോഴാണു കുപ്പി കണ്ടെത്തിയത്. സെല്‍ഫോസ് എന്നപേരിലുള്ള ഒരു കിലോ കീടനാശിനി ഗുളികകള്‍ അടങ്ങിയ അലുമിനിയം കുപ്പിയാണു കണ്ടെടുത്തത്.
കഴിഞ്ഞ മാസം 17 ന് എസ് എന്‍ പുരം മാവേലി സ്റ്റോറില്‍ നിന്നാണ് അരി കൊണ്ടു വന്നത്.

സംഭവത്തെത്തുടര്‍ന്ന് ഫുഡ് കോര്‍പറേഷന്‍ തൃശൂര്‍ ഡിപ്പോ മാനേജര്‍ ടി ബിന്ദുമോളും എഫ്‌സിഐ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ ജെസ്‌നി ഫിലിപ്പും സ്‌കൂളിലെത്തി പരിശോധന നടത്തി. ആന്ധ്രയില്‍ നിന്നാണ് അരി കൊണ്ടുവന്നതെന്നും അരിയില്‍ ചെള്ള് അടക്കമുള്ള കീടങ്ങളെ നശിപ്പിക്കുന്നതിന് ഈ ഗുളിക തുണിയില്‍ പൊതിഞ്ഞ് ഗോഡൗണില്‍ വയ്ക്കുക പതിവാണെന്നും തൊഴിലാളികള്‍ അരി ചാക്കില്‍ നിറച്ചപ്പോള്‍ അശ്രദ്ധമൂലം ഇങ്ങനെ സംഭവിച്ചതാകാമെന്നും അവര്‍ പറഞ്ഞു. ചാക്കില്‍ നിറച്ചു കൊണ്ടുവരുന്ന അരി പരിശോധിക്കാന്‍ മറ്റു സംവിധാനങ്ങള്‍ ഇല്ലെന്നും ഫുഡ് കോര്‍പറേഷന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുപ്പി കണ്ടെത്തിയ അരി പൂര്‍ണ്ണമായി ഒഴിവാക്കിയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.