കുരീപ്പുഴ ശ്രീകുമാര്‍

May 28, 2020, 2:45 am

ഗുരുവായൂരിലേക്ക് ഒരു പൂച്ചെണ്ട്

Janayugom Online

ഗാനഗന്ധർവന്റെ ക്ഷേത്രപ്രവേശനം അടക്കം നിരവധികാര്യങ്ങൾ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഈ പംക്തിയിൽ വിശകലനം ചെയ്തിട്ടുണ്ട്. എല്ലാം തന്നെ ജാതിമത അന്ധവിശ്വാസ ന്യായീകരണങ്ങളെ നിരസിക്കുന്നതുമായിരുന്നു. എന്നാലിപ്പോൾ ഗുരുവായൂർ ദേവസ്വത്തെ അഭിനന്ദിക്കാനുള്ള ഒരു സന്ദർഭം ഉണ്ടായിരിക്കുന്നു. അത്, കോവിഡ് എന്ന മഹാരോഗത്തിൽ നിന്നും മലയാളമക്കളെ രക്ഷപ്പെടുത്തുവാൻ കേരള സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനത്തിന് ഗുരുവായൂർ ദേവസ്വം സഹകരിക്കുന്നു എന്നതാണ്. അഞ്ചു കോടി രൂപയാണ് അവർ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവനചെയ്തത്.

ഗുരുവായൂർ ദേവസ്വത്തിന് ഒരു പൂച്ചെണ്ട്. ഞാൻ ഗുരുവായൂരപ്പന്റെ ഭക്തനല്ല. പത്തു പൈസ പോലും ഇന്നുവരെ അവിടെ കാണിക്കയിട്ടിട്ടുമില്ല. എന്നാൽ ഞാനടക്കമുള്ള ഗുരുവായൂർ ഭക്തരല്ലാത്തവരുടെ നികുതിപ്പണവും ഗുരുവായൂർ വികസനത്തിനു സർക്കാർ ചെലവഴിച്ചിട്ടുണ്ട്. അഴുക്കുചാൽ പദ്ധതി പൂർത്തീകരിക്കാൻ പന്ത്രണ്ടു കോടിയിലധികം രൂപ. മേൽപ്പാലത്തിന് ഇരുപത്തിനാല് കോടി, പ്രസാദം, അമൃതം പദ്ധതികൾക്ക് അൻപതോളം കോടി, കോളജ് സ്റ്റാഫിനുള്ള ശമ്പളം വകയിൽ കോടികൾ… അങ്ങനെയൊക്കെയാണ് സർക്കാരിന്റെ കരുതലുകൾ. ദേവസ്വത്തിന്റെ ബാങ്ക് നിക്ഷേപമാണെങ്കിൽ ശതകോടികളാണ്.

സ്ഥിരനിക്ഷേപം ആയിരത്തിമുന്നൂറു കോടിയിലധികമാണ്. ഇതിന്റെ പലിശയിൽ നിന്നും കുന്നിക്കുരുത്തൂക്കം എടുത്താൽ പോലും അഞ്ചു കോടിയിൽ കൂടുതൽ വരും. എന്നിട്ടും ഹൈക്കോടതിയിൽ കേസിനുപോകാൻ ജനസേവകരെന്നു നടിക്കുന്നവരുണ്ടായി. കോടതി ആ വ്യാജ ഗുരുവായൂരപ്പഭക്തി തള്ളുകയും ചെയ്തു. ചരിത്രം ചൂണ്ടിക്കാട്ടുന്ന ചില രക്താഭമായ ദൃശ്യങ്ങളുണ്ട്. അതിലൊന്ന് ഗുരുവായൂരിൽ എല്ലാർക്കും പ്രവേശിക്കാൻ വേണ്ടി കേളപ്പന്റെ നേതൃത്വത്തിൽ നടത്തിയ സത്യാഗ്രഹമാണ്. എ കെ ജിയും ടി എസ് തിരുമുമ്പും കൂടെയുണ്ടായിരുന്നു. ജാതി പരിഗണിച്ചാൽ ഹിന്ദുമതത്തിലെ ശൂദ്രവിഭാഗത്തിലാണ് പി കൃഷ്ണപിള്ളയുടെ സ്ഥാനം. അദ്ദേഹം പോലും അവിടെവച്ചു അതിക്രൂരമായി മർദ്ദിക്കപ്പെട്ടു.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന പവനന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സാംസ്ക്കാരിക പ്രവർത്തകർ രണ്ടാം ഗുരുവായൂർ സത്യാഗ്രഹം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടത്, ക്ഷേത്രത്തിൽ സ്വർണ്ണം പൂശാൻ വിനിയോഗിക്കുന്ന പണത്തിൽ നിന്നും ഒരംശം വീടില്ലാത്തവർക്ക് തലചായ്ക്കാനൊരിടം ഉണ്ടാക്കാനുള്ള ലക്ഷം വീട് പദ്ധതിക്കു നല്കണം എന്നായിരുന്നു. സഖാവ് കൃഷ്ണപിള്ളയോട് പെരുമാറിയത് പോലെ തന്നെയാണ് പവനനോടും സഖാക്കളോടും പെരുമാറിയത്. ക്രൂരമായ ശാരീരിക മർദ്ദനം. ചരിത്രത്തിലെ ഈ അനുഭവ പരമ്പരകൾ വച്ച് നോക്കുമ്പോൾ ഗുരുവായൂരപ്പന്റെ സംരക്ഷകർ എത്രമാറിയിരിക്കുന്നു.

തിരിച്ചറിവിന്റെ മന്ദമാരുതൻ അവിടെ വീശിത്തുടങ്ങിയിരിക്കുന്നു. ജനങ്ങളില്ലെങ്കിൽ അപ്പനുമില്ല, അമ്പലവുമില്ല. പ്രധാനമന്ത്രിവന്നു ത്രാസിൽ തൂങ്ങി അന്ധവിശ്വാസം സംരക്ഷിച്ച ക്ഷേത്രമാണത്. അന്നടച്ച രസീത് തുകയും ഈ അഞ്ചു കോടിയിലുണ്ടോ? കാണുമായിരിക്കും. പ്രധാനമന്ത്രിയുടെ നേർച്ചക്കാശും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കോ! കാശിയിലെ നീർച്ചാലും കൂടി ചേർന്നതാണല്ലോ ഗംഗാനദീജലം. ഗുരുവായൂർ ഭരണസമിതിയുടെ മാതൃകാപരമായ ഈ പ്രവൃത്തി അറിഞ്ഞപ്പോൾ ഒരു ചോദ്യം ചോരച്ചുവപ്പായി ഉദിച്ചു വരുന്നുണ്ട്. സഹസ്രകോടീശ്വരനായ തിരുവനന്തപുരത്തെ പത്മനാഭസ്വാമി പ്രജകളെ രക്ഷിക്കാൻ എന്തു സംഭാവന കൊടുത്തു?