അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അന്ധകാരത്തിൽ നിന്ന് നാടിനെ വെളിച്ചത്തിലേക്ക് നയിക്കാൻ സാഹസികമായി പ്രവർത്തിച്ചവർ അനവധി പേരുണ്ട് ചരിത്രത്തിൽ. പോരാട്ടത്തിന്റെ ആൾരൂപമായിരുന്ന മഹാനായ അയ്യൻകാളി അവരിൽ പ്രമുഖനായിരുന്നു. കേരളത്തിന്റെ ഭാവി രൂപപ്പെടുത്തിയ നിരവധി സമരങ്ങൾക്ക് അയ്യൻകാളി നേതൃത്വം നൽകി.
അന്ന് പുലയസ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാൻ അവകാശമില്ലായിരുന്നു. വർഷങ്ങളായി കല്ലുമാലകൾ ധരിച്ച് ഭാഗികമായി മാറുമറയ്ക്കാൻ മാത്രമായി വിധിക്കപ്പെട്ടവരായിരുന്നു. പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അയ്യൻകാളി ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തിൽ കല്ലയും മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള തിട്ടൂരങ്ങൾ തള്ളിക്കളയാനും അദ്ദേഹം പ്രേരിപ്പിച്ചു. ഇതിനെത്തുടർന്ന് ഏറ്റുമുട്ടലുകളുണ്ടായി. 1915 ഒക്ടോബർ 24ന് കൊല്ലം പട്ടണത്തിലെ പെരിനാട്ടിലെ ചെറുമൂട്ടിൽ വച്ച് അയ്യൻകാളിയും ചങ്ങനാശേരി പരമേശ്വര പിള്ളയും പങ്കെടുത്ത ഈ യോഗത്തിൽ വച്ചാണ് കല്ലുമാലകൾ അറുത്തുമാറ്റാൻ തീരുമാനിച്ചത്.
ജാതിവിവേചനങ്ങളുടെ ഇരുണ്ട കള്ളികളിൽ നിന്ന് ദളിത് ജനതയെ അവകാശബോധമുള്ളവരാക്കി മാറ്റുന്നതിനും ജനാധിപത്യത്തിന്റെ പ്രത്യാശാഭരിതമായ തുറന്നലോകത്തേക്ക് നയിക്കുന്നതിനും ‘അഞ്ച്’ പതിറ്റാണ്ടുകാലം പോരാടി. താഴ്ന്ന ജാതിക്കാർക്ക് ചായക്കടകളിൽ നിന്ന് ചിരട്ടയിലൊ മൺചട്ടിയിലൊ ചായ കൊടുക്കുന്ന പതിവിനെയും പണം കൊടുത്തുവാങ്ങി വെള്ളവസ്ത്രങ്ങൾ ചാണകവെള്ളത്തിലൊ, അഴുക്കുവെള്ളത്തിലോ മുക്കി നിറം കളഞ്ഞ് ഉപയോഗിക്കുന്ന പതിവിനെയും അയ്യൻകാളി എതിർത്തു.
തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റുവിളയിലെ പ്ലാവറകുടിയില്‍ പുലയ സമുദായത്തിൽപ്പെട്ട അയ്യന്റെയും മാലയുടെയും മകനായി 1863 ഓഗസ്റ്റ് മാസം 28നാണ് (1039 ചിങ്ങം 14 അവിട്ടം) അയ്യൻകാളി എന്ന ഇതിഹാസ പുരുഷൻ ജന്മംകൊണ്ടത്. ബാല്യത്തിൽത്തന്നെ തന്റെ സമൂഹം നേരിടുന്ന ഭീകരമായ വിവേചനത്തെക്കുറിച്ച് മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും അയ്യൻകാളിക്ക് കഴിഞ്ഞു. അടിസ്ഥാന വർഗങ്ങളുടെ വിമോചനത്തിനായി കേരളത്തിൽ സാമൂഹിക വിപ്ലവത്തിന് തുടക്കം കുറിച്ചത് അയ്യൻകാളിയാണ്.
19ാം നൂറ്റാണ്ടിൽ കേരളത്തിലെ പുലയരുടെ സ്ഥിതി അത്യന്തം ദയനീയമായിരുന്നു. മണ്ണിന്റെ അടിമകളായി ജീവിതകാലം മുഴുവനും കൃഷിയിടങ്ങളിൽ കഴിഞ്ഞുകൂടാനായിരുന്നു വിധി. പൊതുവഴിയിലൂടെ നടക്കാനും വിദ്യാഭ്യാസം ചെയ്യാനും നിർബന്ധിത അടിമകളെന്ന നിലയിൽ അവകാശമില്ലായിരുന്നു. ആവശ്യത്തിന് ഭക്ഷണമില്ലാതെ, ചികിത്സാ സൗകര്യമില്ലാതെ ഇരുകാലികളെപ്പോലെ മേൽജാതിക്കാർക്കുവേണ്ടി അവർ പണിയെടുത്തു. ജാതി മേൽക്കോയ്മയുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നുപോയ ഒരു ജനതയെ സാമൂഹികമായും സാംസ്കാരികമായും ഉണർത്തിയെടുത്ത് മനുഷ്യൻ എന്ന പദവിയിലേക്ക് ഉയർത്താനുള്ള പ്രയോഗപദ്ധതികളാണ് അയ്യൻകാളി നടത്തിയത്.
ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി ഒരു നിയമനിർമ്മാണസഭ ആരംഭിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവാണ്. ഭരണകാര്യങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനാണ് പ്രജാസഭ ആരംഭിച്ചത്. സവർണർ മാത്രം അംഗങ്ങളായിരുന്ന സഭയിലേക്ക് സാധുജന പരിപാലന സംഘം പ്രതിനിധിയായി സുഭാഷിണി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്ന പി കെ ഗോവിന്ദ പിള്ളയെ നാമനിർദേശം ചെയ്തു. അദ്ദേഹം ദളിത് ജനതയുടെ പ്രശ്നങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ചിരുന്നു. ദിവാൻ പി രാജഗോപാലാചാരിയുമായി ഗോവിന്ദപിള്ള നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അയ്യൻകാളിയും ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1911 ഡിസംബർ അഞ്ചിന് പുറപ്പെടുവിച്ച രാജകീയ വിളംബരത്തിലൂടെയാണ് സാധുജന പരിപാലന സംഘം സെക്രട്ടറിയെന്ന നിലയിൽ നോമിനേഷൻ നടന്നത്.
കേരളത്തില അധഃകൃത സമുദായങ്ങളുടെ ശാക്തീകരണത്തിലെ ചരിത്രസംഭവമായിരുന്നു അത്. ഭൂമി, വിദ്യാഭ്യാസം, തൊഴിൽ എന്നീ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ട് നീണ്ട 28 വർഷക്കാലം അദ്ദേഹം പ്രജാസഭയിൽ അംഗമായി. അക്കാലത്ത് പ്രജാസഭ പ്രവർത്തിച്ച വിജെടി ഹാൾ, അയ്യൻകാളി ഹാൾ എന്ന് കേരള സർക്കാർ നാമകരണം ചെയ്തത് കാലത്തിന്റെ കാവ്യനീതിയായി. ഹരിജനോദ്ധാരണം എന്ന ആത്യന്തിക പ്രവർത്തനലക്ഷ്യം നേടിയെടുക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത മാർഗങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി തെരുവിലിറങ്ങി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും ജനമുന്നേറ്റത്തിലൂടെ അവ നേടിയെടുക്കാനും അയ്യൻകാളി ശ്രമിച്ചു. മഹാത്മാഗാന്ധിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളാണ് അയ്യൻകാളിക്ക് മാർഗനിർദേശകമായിരുന്നതെങ്കിലും സ്വാതന്ത്ര്യസമരത്തിൽ സുഭാഷ് ചന്ദ്ര ബോസിന്റെ പ്രവർത്തന ശെെലിയായിരുന്നു ഇദ്ദേഹത്തെ സ്വാധീനിച്ചത്. വിപ്ലവവീര്യമുള്ള ഒരു സംഘം യുവാക്കളെ ചേർത്ത് ‘അയ്യൻകാളിപ്പട’ എന്ന സംഘടന ഉണ്ടാക്കാനും അദ്ദേഹം ശ്രമിച്ചു.
1904ൽ വെങ്ങാനൂരിലെ പുതുവൽവിളാകം എന്ന സ്ഥലത്ത് സ്ഥാപിച്ച 18 സെന്റിലെ കുടിപ്പള്ളിക്കൂടം സവർണ മാടമ്പിമാർ പലതവണ അഗ്നിക്കിരയാക്കി. 1937 ജനുവരി 14ന് ഗാന്ധിജി വെങ്ങാനൂർ സന്ദർശിച്ചു. അയ്യൻകാളി മുൻകയ്യെടുത്ത് സ്ഥാപിച്ച നെയ്ത്തുശാലയും വായനശാലയുമൊക്കെ കണ്ട് ആവേശംപൂണ്ട മഹാത്മജി എന്താണ് താങ്കളുടെ ആഗ്രഹം എന്ന് ചോദിച്ചു. വളരെ വിനീതനായി അയ്യൻകാളി ആവശ്യപ്പെട്ടത് എന്റെ സമുദായത്തിൽ നിന്ന് 10 പേരെയെങ്കിലും ബിഎക്കാരാക്കണമെന്നാണ്. അതുകേട്ട് ഗാന്ധിജി പറഞ്ഞത് 10 പേരല്ല 100 പേർ ബിഎക്കാരായി ഈ നാട്ടിലുണ്ടാകും എന്നാണ്. അദ്ദേഹം തന്റെ ഹരിജൻ ഫണ്ടിൽ നിന്നും കുറച്ചുതുക അനുവദിക്കുകയും ചെയ്തു. അന്നുതന്നെ വെങ്ങാനൂരിൽ നടന്ന മഹാ പുലയ സമ്മേളനത്തിൽ അയ്യൻകാളി ഗാന്ധിജിക്ക് മംഗളപത്രം സമർപ്പിച്ചു. മറുപടി പ്രസംഗത്തിൽ ഗാന്ധിജി ‘പുലയരാജാവ്’ എന്ന് സ്നേഹപൂർവം അഭിസംബോധന ചെയ്തു.
സ്വന്തം ജനങ്ങൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അയ്യൻകാളി വെങ്ങാനൂരിൽ നെയ്ത്തുശാല ആരംഭിച്ചത്. ശാലയിൽ നിർമ്മിച്ച വസ്ത്രങ്ങൾ തന്റെ ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനും ഏർപ്പാടുണ്ടാക്കി. സമുദായാംഗങ്ങൾ എല്ലാത്തരത്തിലുള്ള ദുഃശീലങ്ങളിൽ നിന്നും അകന്നുനിൽക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. സ്കൂൾ പ്രവേശനം, സഞ്ചാരസ്വാതന്ത്ര്യം, ചന്ത സമരം എന്നിവ വിജയിപ്പിക്കാൻ അയ്യൻകാളിക്ക് സമരത്തോടൊപ്പം തന്നെ കായികപ്രതിരോധവും നടത്തേണ്ടി വന്നു. അയ്യൻകാളിയുടെ സാധുജന പരിപാലനസംഘം അക്കാലത്തെ പുരോഗമനവാദികളിൽ അഗ്രഗണ്യമായിരുന്നു. അയിത്ത ജാതിക്കാർക്ക് കൃഷിഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കർത്താവായിരുന്നു അയ്യൻകാളി.
അയിത്ത ജാതിക്കാർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്ത കാലത്ത് അയ്യൻകാളി ഒരു വില്ലുവണ്ടിയും ആരോഗ്യമുള്ള രണ്ട് വെളുത്തകാളകളെയും വാങ്ങി. 1898ലെ ഒരു സുപ്രഭാതത്തിൽ വെങ്ങാനൂർ മുതൽ ബാലരാമപുരത്തെ ആറാലുംമൂട് വരെ വെളുത്ത തലപ്പാവ് ധരിച്ച്, അലങ്കരിച്ച വില്ലുവണ്ടിയിൽ കുടമണി കിലുക്കത്തിൽ ജാതിക്കോട്ടകളെ വെല്ലുവിളിച്ചുകൊണ്ട് യാത്ര ചെയ്തു. മർദിതർ അവരുടെ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്താലല്ലാതെ മർദകർക്ക് മനംമാറ്റമുണ്ടാവുകയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
തെന്നൂർക്കോണോത്ത് പരമേശ്വരന്റെ മകൾ എട്ട് വയസുകാരി പഞ്ചമിയെയും ഏഴ് വയസുകാരൻ സഹോദരൻ കൊച്ചുകുട്ടിയെയും കൂട്ടി 1914ൽ അയ്യൻകാളി സ്കൂളിൽ പ്രവേശിപ്പിച്ചു. ഇതിൽ ക്ഷുഭിതരായ ജന്മിമാർ സ്കൂളിന് തീയിട്ടു. പഞ്ചമി ഇരുന്നുവെന്ന് കരുതപ്പെടുന്ന ബെഞ്ച് മാത്രമാണ് കത്തി നശിക്കാതെ അവശേഷിച്ചത്. കണ്ടല ലഹളയുടെ സ്മാരകമായി നിലകൊള്ളുന്ന സ്കൂളിൽ പഞ്ചമി ഇരുന്ന ബെഞ്ച് ഇപ്പോഴും സംരക്ഷിക്കുന്നുണ്ട്. കണ്ടല ലഹളയ്ക്ക് സാക്ഷ്യം വഹിച്ച കണ്ടല ഗവ. യുപിഎസ് (ഊരൂട്ടമ്പലം) ഇപ്പോൾ അയ്യൻകാളി പഞ്ചമി സ്മാരക ഗവ. യുപിഎസ് എന്നാണ് അറിയപ്പെടുന്നത്. പ്രവേശനത്തിന് കൊണ്ടുവന്ന പഞ്ചമിയുടെയും കൊച്ചുകുട്ടിയുടെയും അച്ഛൻ പരമേശ്വരനെ ജന്മിമാർ മർദിച്ച് സ്കൂൾനടയിലേക്ക് വലിച്ചെറിയുകയായിരുന്നു.
1913 ജൂൺ മുതൽ 1914 മേയ് മാസം വരെ നീണ്ടുനിന്ന കാർഷിക പണിമുടക്കായിരുന്നു മറ്റൊരു ചരിത്രസമരം. ഒരു വർഷം തെക്കൻ തിരുവിതാംകൂറിലെ വയലേലകൾ തരിശായിക്കിടന്നു. കൃഷിഭൂമി നിറയെ മുട്ടിപ്പുല്ല് മൂടിയപ്പോൾ സവർണർ ചർച്ചയ്ക്ക് തയ്യാറായി. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പള്ളിക്കുടത്തിൽ പ്രവേശനം നൽകിയാൽ മാത്രമേ സമരത്തിൽ നിന്ന് പിന്തിരിയുകയുള്ളൂ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടു. സാമൂഹിക സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനാണ് ശ്രീമൂലം പ്രജാസഭയിലെ അംഗത്വം അദ്ദേഹം പ്രയോജനപ്പെടുത്തിയത്. കേരളത്തിലെ ജനങ്ങളിൽ വിശിഷ്യ, പുലയ സമുദായാംഗങ്ങളിൽ ആത്മാഭിമാനവും ആത്മവിശ്വാസവും വളർത്താനുള്ള ശ്രമത്തിൽ അദ്ദേഹം അഭൂതപൂർവമായ വിജയം വരിച്ചു.
ദെെവങ്ങളെത്തേടി ഒരു ക്ഷേത്രത്തിലും ജീവിതത്തിലൊരിക്കലും അയ്യൻകാളി കടന്നുചെന്നിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപന ആഘോഷ കമ്മിറ്റിയിൽ
മെമ്പറായിട്ടുപോലും അയ്യൻകാളി ശ്രീപത്മനാഭസ്വാമിക്ഷേത്ര ദർശനം നടത്താൻ തയ്യാറായില്ല. ‘നമ്മളെ വേണ്ടാത്ത ദെെവങ്ങളെ നമ്മൾക്കുവേണ്ട’ എന്ന തത്വത്തിൽ വിശ്വസിച്ചിരുന്ന ആളാണ് അദ്ദേഹം. പാലക്കാട് ജില്ലയിലെ തത്തമംഗലത്ത് സദാനന്ദൻ എന്ന സിദ്ധനുമായി കൂടിക്കാഴ്ചയ്ക്ക് അയ്യൻകാളിയും സുഹൃത്തുക്കളും പോയിരുന്നു. ഹിന്ദുമതത്തിലെ ജാതിമേധാവിത്വത്തെ ആ മതത്തിൽ നിന്നുതന്നെ നേരിടണമെന്നും അതാണ് ആവശ്യമെന്നും സ്വാമികൾ ഉപദേശിച്ചിരുന്നു. അയ്യൻകാളിക്ക് അങ്കംവെട്ടാൻ ആശയപരമായ ആയുധം നൽകിയത് അദ്ദേഹമാണെന്നും കരുതപ്പെടുന്നു.
1936 നവംബർ 12ന് അവർണരായ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം രാജാവിന്റെ വിളംബരംമൂലം അനുവദിക്കപ്പെട്ടു. ക്ഷേത്ര പ്രവേശനത്തെത്തുടർന്ന് വിദ്യാഭ്യാസത്തിനും സ്കൂൾ പ്രവേശനത്തിനും ഉദ്യോഗത്തിനും വേണ്ടിയുള്ള പ്രക്ഷോഭണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് അയ്യൻകാളി രംഗത്തിറങ്ങി. അങ്ങനെ സ്കൂൾ പ്രവേശനത്തിനുള്ള അവകാശം ആദ്യമായി അദ്ദേഹം നേടിയെടുത്തു.
1888 മാർച്ചിൽ അയ്യൻകാളി മഞ്ചാംകുഴിയിലുള്ള ചെല്ലമ്മയെ വിവാഹം ചെയ്തു. പൊന്നു, ചെല്ലപ്പൻ, കൊച്ചുകുഞ്ഞ്, ശിവതാണു എന്നീ നാല് പുത്രന്മാരും തങ്കമ്മയെന്ന പുത്രിയുമാണ് അവർക്കുണ്ടായിരുന്നത്. 1941 ജൂൺ 18ന് 77ാം വയസിൽ അയ്യൻകാളി അന്തരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.