Web Desk

February 03, 2020, 5:15 am

കോര്‍പ്പറേറ്റുകള്‍ക്കു മാത്രമായി ഒരു ബജറ്റ്

Janayugom Online
Image result for kanam rajendran black and white images"

2014‑ല്‍ വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്ത് വിതരണം ചെയ്യും എന്നു തുടങ്ങി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നുവരെയുള്ള വ്യാജ വാഗ്ദാനങ്ങള്‍ നിരത്തി അധികാരത്തില്‍ വന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പൂര്‍ണമായും തകര്‍ത്തു. വര്‍ഷംതോറും ബജറ്റ് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയ ആരോഗ്യരക്ഷ, കര്‍ഷക ക്ഷേമ പദ്ധതികള്‍ ഒന്നുപോലും നടപ്പിലായില്ല. വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണ പ്രചാരണങ്ങളുടെ മാത്രം ബലത്തില്‍ 2019‑ല്‍ വീണ്ടും അധികാരത്തിലെത്തിയ എന്‍ഡി­എ സര്‍ക്കാരിന്റെ ഈ ബജറ്റിനെ കോര്‍പ്പറേറ്റുകള്‍ക്കായി മാത്രമുള്ള ബജറ്റ് എന്നാണ് വിശേഷിപ്പിക്കാനാവുക.

കോര്‍പ്പറേറ്റ് നികുതികള്‍ വീണ്ടും കുറച്ചതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം നഷ്ടപ്പെടുവാന്‍പോകുന്നത് 1.55 ലക്ഷം കോടി രൂപയാണ്. ഭാരത് ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്കിനായി അനുവദിച്ച 60,000 കോടി രൂപയുടെ വലിയ ഭാഗവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൊണ്ടുപോകും. ദേശീയപാതാ വികസനം, റയില്‍വെ വികസനം, 100 പുതിയ വിമാനത്താവളങ്ങള്‍ എന്നിവക്കെല്ലാം വകയിരുത്തിയ പണം എത്തിച്ചേരുന്നത് ലാര്‍സണ്‍ ആന്റ് ട്യൂബ്രോ, ഐആര്‍ബി ഇന്‍ഫ്രാ തുടങ്ങിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വലിയ സംഭാവനകള്‍ നല്‍കിയ കമ്പനികളിലേക്കാണ്. ഐടി സ്ഥാപനങ്ങളുടെ നവീകരണം എന്ന പേരില്‍ അ‍ഡാനി എന്റര്‍പ്രൈസസ് അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റുകളിലേക്ക് പണമൊഴുകും.

രാജ്യത്തിന്റെ അടിസ്ഥാന മേഖലയായ കാര്‍ഷിക രംഗം പതിവുപോലെ പൂര്‍ണമായും അവഗണിക്കപ്പെട്ടിരിക്കുന്നു. 2014‑ല്‍ ആദ്യമായി അ­ധികാരത്തിലെത്തിയതു മുതല്‍ കാര്‍ഷിക രംഗത്തിന്റെ പുരോഗതിക്കായുള്ള പദ്ധതികളെക്കുറിച്ച് വലിയ തോതിലുള്ള വാചക കസര്‍ത്തുകള്‍ വര്‍ഷാവര്‍ഷമുള്ള ബജറ്റുകളില്‍ ഉണ്ടായിട്ടുണ്ട്.

2015‑ല്‍ ഏകീകൃത കാര്‍ഷിക വിപണി നടപ്പിലാക്കും എന്നു തുടങ്ങി കാര്‍ഷികോല്പന്നങ്ങള്‍ക്ക് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഒന്നര ഇരട്ടി താങ്ങുവില നല്‍കും. വളം സബ്‌സിഡി തുക കര്‍ഷകര്‍ക്ക് നേരിട്ട് ലഭ്യമാക്കും, കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതി, കാര്‍ഷിക വായ്പക്ക് അഞ്ച് ശതമാനം പലിശ ഇളവ്, കര്‍ഷകരുടെ വരുമാനം അഞ്ചിരട്ടിയായി വര്‍ദ്ധിപ്പിക്കും, 22 വിളകള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില എന്നിങ്ങനെയുള്ള ഒരു വാഗ്ദാനവും എന്‍ഡിഎ സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇപ്പോഴത്തെ ബജറ്റില്‍ വീണ്ടും കാര്‍ഷിക മേഖലയിലെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന പ്ര­ഖ്യാപനത്തിന് അതെഴുതിയ കടലാസിന്റെ വിലപോലുമില്ല. കാര്‍ഷിക, ഗ്രാമീണ, അനുബന്ധ മേഖലകള്‍ക്കായി 2.83 ലക്ഷം കോടി വകയിരിത്തിയിരിക്കുന്നതിലെ പ്രധാന ഇനം കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശീതികരിച്ച് കൊണ്ടുപോകുന്നതിനായി ദേശീയ ശീതീകരണ ശൃംഖലയാണ്. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കിസാന്‍ റയില്‍ എക്‌സ്പ്രസ്, ചരക്കു വണ്ടികളില്‍ ശീതീകരണികളുള്ള കോച്ചുകള്‍ ഇവയാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഇതിനര്‍ത്ഥം വന്‍തോതില്‍ എഫ്ഡിഐ മൂലധനം കാര്‍ഷിക രംഗത്തേക്ക് കടത്തിവിട്ട് അത്തരം കോര്‍പ്പറേറ്റുകള്‍ക്ക് സഹായകമായ വിതരണ ശൃംഖല തീര്‍ക്കുക എന്നതാണ്. അതേസമയംതന്നെ പാവപ്പെട്ട കര്‍ഷകരുടെ ദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം വളം സബ്‌സിഡിക്ക് അനുവദിച്ച 1.84 ലക്ഷം കോടി ഇക്കുറി 1.16 ലക്ഷം കോടി രൂപയായി കുറക്കുകയും ചെയ്തു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വളം നിര്‍മ്മാണ ശാലകളായ മാംഗളൂര്‍ ഫെര്‍ട്ടിലൈസേഴ്‌സ്, രാഷ്ട്രീയ ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ്, മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊന്നുംതന്നെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഒരു രൂപപോലും നല്‍കിയിട്ടില്ല.

നാണ്യവിളകളുമായി ബന്ധപ്പെട്ട് കേരളത്തെ നേരിട്ട് ബാധിക്കുന്ന വെട്ടിക്കുറക്കലുകളും ബജറ്റില്‍ വരുത്തിയിരിക്കുന്നു. കേരളത്തിലെ പ്രധാന നാണ്യവിളകളായ റബ്ബര്‍ ഇപ്പോള്‍ നേരിടുന്ന വിലത്തകര്‍ച്ചക്ക് പുറമെ റബ്ബര്‍ ബോര്‍ഡിന് ഈ ബജറ്റില്‍ അനുവദിച്ച തുക മുന്‍ വര്‍ഷത്തേക്കാള്‍ 20 കോടി കുറവാണ്. അതുപോലെതന്നെ കോഫി ബോര്‍ഡിന് 23 കോടി രൂപ മുന്‍വര്‍ഷത്തേക്കാള്‍ കുറവായാണ് അനുവദിച്ചിരിക്കുന്നത്.

അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു പ്രഖ്യാപനംപോലും ഈ ബജറ്റിലില്ല. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വീണ്ടും ഗണ്യമായി വെട്ടിക്കുറച്ചു. 9500 കോടി രൂപയുടെ കുറവാണ് വരുത്തിയത്. 2019–20 ല്‍ 71,001 കോടി അനുവദിച്ച സ്ഥാനത്ത് ഈ ബജറ്റില്‍ 61,600 കോടിയായി അത് വെട്ടിക്കുറച്ചു. ഇത് നിലവില്‍ അങ്ങേയറ്റം രൂക്ഷമായ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം ബംഗാള്‍ ക്ഷാമകാലത്തെ അവസ്ഥയില്‍ എത്തിക്കാനേ പര്യാപ്തമാവൂ. ചുരുങ്ങിയത് ഒന്നര ലക്ഷം കോടി രൂപയെങ്കിലും എംഎന്‍ആര്‍ഇ­ജിഎക്ക് മാറ്റിവച്ചാല്‍ മാത്രമേ നിലവില്‍ ഗ്രാമീണ മേഖലയിലെ കൊടിയ ദാരിദ്ര്യത്തിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുവാന്‍ സാധിക്കുകയുള്ളൂ. കോര്‍പ്പറേറ്റുകള്‍ക്കായി കരാര്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന് ഗ്രാമീണ റോഡുകളുടെ വികസനത്തിന് 5,000 കോടി കൂടുതല്‍ അനുവദിക്കുകയും ചെയ്തു.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച എന്‍ ഡി എ സര്‍ക്കാര്‍ വീണ്ടും രാജ്യത്തിന് ഏറ്റവും കൂടുതല്‍ സമ്പത്ത് നേടിത്തരുന്ന സ്ഥാപനങ്ങള്‍ വിറ്റഴിക്കുവാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ബിഎസ്എന്‍എല്‍ എന്ന ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാതെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കിയതിനു പിന്നാലെ രാജ്യത്തിന്റെ സ­മ്പദ്‌വ്യവസ്ഥ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന രാജ്യത്തെതന്നെ സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങി നിര്‍ത്തിയ എല്‍ഐസി എന്ന 31.11 ലക്ഷം കോടി ആസ്തിയുള്ള 68,621 കോടി വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കുള്ള, 2018‑ല്‍ 23.40 കോടി കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതം നല്‍കിയ സ്ഥാപനം വിറ്റുതുലയ്ക്കുമെന്നാണ് ഈ ബജറ്റില്‍ ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ നാല്‍പ്പത് കോടി ഇന്ത്യന്‍ പൗരന്മാര്‍ എല്‍ഐസിയുടെ പരിരക്ഷയിലാണ്. പഞ്ചവല്‍സര പദ്ധതികള്‍ മുതല്‍ റെയില്‍വേ വികസന പദ്ധതികളില്‍വരെ എല്‍ഐസിയുടെ മുതല്‍മുടക്കുണ്ട്. രാജ്യത്തെ ഇന്‍ഷുറന്‍സ് പോളിസികളുടെ 75 ശതമാനം കൈകാര്യം ചെയ്യുന്നത് എല്‍ഐസിയാണ്. ഈ നടപടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ക്കും. 40 കോടി ഇന്ത്യന്‍ പൗരന്മാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയെ ബാധിക്കും. ഇത് കടുത്ത രാജ്യദ്രോഹം തന്നെയാണ്.

കേരളത്തോടുള്ള ചിറ്റമ്മനയം ഈ ബജറ്റിലും ആവര്‍ത്തിച്ചിരിക്കുകയാണ്. നികുതി വിഹിതം കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 5,000 കോടി കുറവാണ്.

പുതിയ ധനകമ്മീഷന്‍ ശുപാര്‍ശയിലൂടെ വിഹിതത്തില്‍ വര്‍ദ്ധനയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോള്‍ കേരളത്തിന്റെ നികുതി വിഹിതം 2.5 ശതമാനത്തില്‍ നിന്ന് 1.9 ശതമാനമായി കുറച്ചിരിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കേന്ദ്ര നികുതി വിഹിതമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഭവിച്ച അടിസ്ഥാന മേഖലയിലെ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഒന്നും അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നികുതി വിഹിതംകൂടി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ ബജറ്റിലും കേരളത്തിന് പദ്ധതികളൊന്നുംതന്നെ ഇല്ല. അതിവേഗ റയില്‍ പദ്ധതി, ദേശീയ പാതാ വികസനം, എയിംസ്, കോച്ച് ഫാക്ടറി തുടങ്ങി കേരളത്തിന്റെ ദീര്‍ഘങ്ങളായുള്ള ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ല.

പ്രവാസി ഇന്ത്യക്കാര്‍ക്ക് ആദായനികുതി വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പ്രവാസിയായി കണക്കാക്കപ്പെടണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസമെങ്കിലും വിദേശത്ത് കഴിയണം. മുമ്പ് 180 ദിവസം വിദേശത്ത് കഴിയുന്നവരെ പ്രവാസിയായി പരിഗണിക്കുമായിരുന്നു. ഇത് കേരളത്തിലെ പ്രവാസി സമൂഹത്തെ ദോഷകരമായി ബാധിക്കും.

യാതൊരു ദിശാബോധവുമില്ലാതെ തൊഴിലില്ലായ്മ, ഗ്രാമീണ മേഖലയിലെ കൊടിയ ദാരിദ്ര്യം കാര്‍ഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങി രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രശ്‌നങ്ങളെ ഒന്നുംതന്നെ അഭിമുഖീകരിക്കാതെ, രാജ്യത്തെ ബാക്കിയുള്ള വിഭവശേഷികൂടി കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും വഴിയൊരുക്കുക എന്ന ഏക ലക്ഷ്യംമാത്രമേ ഈ ബജറ്റ് പ്രഖ്യാപനങ്ങളിലുള്ളൂ. കേരളത്തോട് ചരിത്രത്തിലെ ഏറ്റവും വലിയ അവഗണനയാണ് ഈ ബജറ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ നട ത്തിയിരിക്കുന്നത്. ബജറ്റിലെ നിലപാടുകള്‍ സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ നട്ടെല്ല് തകര്‍ക്കുന്നതാണ്. ഈ ബജറ്റിലെ രാജ്യതാല്പര്യങ്ങള്‍ക്ക് എതിരായ പ്രഖ്യാപനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതാണ്.