28 March 2024, Thursday

പൊലീസും വേണ്ട കോടതിയും വേണ്ട ബുൾഡോസർ മതി

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
May 1, 2022 4:41 am

പ്രിൽ 21 ന് ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഒൻപത് ബുൾഡോസറുകൾ ഒരേ സമയം പണി ആരംഭിച്ചപ്പോൾ തകർന്നു വീണത് ചേരിയോ കോളനിയോ കയ്യേറി സ്ഥാപിച്ച എടുപ്പുകളോ വാസസ്ഥലങ്ങളോ അല്ല. മറിച്ച് നൂറുകണക്കിന് ജനങ്ങളുടെ ഉപജീവനമാർഗമാണ്. രാജ്യത്തു നിലനിൽക്കുന്ന നിയമവാഴ്ചയുടെ പരാജയമാണവിടെ കണ്ടത്.

ഉത്തരേന്ത്യയിൽ വ്യാപകമായി മിക്ക സ്ഥലങ്ങളിലും രാമനവമി, ഹനുമാൻ ജയന്തി ശോഭായാത്രകൾ നടക്കാറുണ്ട്. ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയെക്കാൾ ഉത്തരേന്ത്യാക്കാർക്ക് പ്രധാനമാണ് രാമനവമി ഘോഷയാത്രകൾ. ഒരു മതവിഭാഗത്തിന്റെ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിൽ അപൂർവമായിട്ടെങ്കിലും വർഗീയ സംഘർഷങ്ങളും ഉത്തരേന്ത്യയിൽ ഉണ്ടാകാറുണ്ട്. 2013 ൽ യുപിയിലെ മുസഫർ നഗറിൽ ഉണ്ടായ കലാപവും 2018 ലെ ഭീമ‑കൊറേഗാവ് സംഭവവും ആരും മറന്നുപോകാൻ ഇടയില്ല. എങ്കിലും ഡൽഹിയിൽ 1976 ലെ തുർക്‌മാൻ ഗേറ്റിലെ കുപ്രസിദ്ധമായ ചേരിയൊഴിപ്പിക്കലിനു ശേഷം ”ബുൾഡോസർ പ്രയോഗം” ഇപ്പോൾ മാത്രമാണ് വാർത്തകളിൽ നിറഞ്ഞത്. ബുൾഡോസറുകളെ ”ഒഴിപ്പിക്കൽ നടപടികൾക്കുള്ള ആയുധ”മാക്കി മാറ്റുന്നതിന് തുടക്കം കുറിച്ചത് ആദിത്യനാഥിന്റെ നാടായ ഉത്തർപ്രദേശിലാണ്. പിന്നീട് മധ്യപ്രദേശിലെ ഖാർഗോണിൽ രാമനവമി ഘോഷയാത്രാ സമയത്ത് കല്ലേറു നടത്തിയെന്ന് ആരോപണ വിധേയരായവരുടെ വാസ സ്ഥാനങ്ങൾ പൊളിച്ചു കളയുന്നതിനും ബുൾഡോസറുകളെയാണ് ഉപയോഗിച്ചത്. ഗുജറാത്തിൽ രാമനവമി ഘോഷയാത്ര നടക്കുമ്പോൾ കലാപകാരികളായി വിധിയെഴുതപ്പെട്ടവരുടെ വാസസ്ഥലങ്ങളുടെയും വ്യാപാര സ്ഥലങ്ങളുടെയും സ്ഥിതിയും വ്യത്യസ്ഥമല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ചെറിയ ചെറിയ പ്രതിഷേധക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന്റെ ചൂണ്ടുപലകയാണ് ബുൾഡോസർ.


ഇതുകൂടി വായിക്കൂ:  ബെഞ്ചുകളും പെട്ടികളും നീക്കം ചെയ്യാന്‍ എന്തിന് ബുള്‍ഡോസര്‍


ജഹാംഗീർപുരിയിൽ ഏപ്രിൽ 16ന് നടന്ന ഹനുമാൻ ജയന്തി ശോഭായാത്ര ജഹാംഗീർപുരി ജുമാഅത്ത് പള്ളിക്കു മുൻപിൽ കൂടി കടന്നു പോയപ്പോൾ റംസാൻ പ്രാർത്ഥനയുമായി ബന്ധപ്പെട്ട് നിന്നവരും ശോഭായാത്രയിലെ യാത്രികരുമായി ഉണ്ടായ ഏറ്റുമുട്ടലാണ് വർഗീയ കലാപമായി മാറിയത്. പൊലീസിന്റെ അനുമതി വാങ്ങാതെയാണ് ഹനുമാൻ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. രണ്ടു മതക്കാർ തമ്മിൽ സംഘർഷ സാധ്യതയുണ്ടായതുകൊണ്ട് അനുമതിയില്ലാതെ ഘോഷയാത്ര സംഘടിപ്പിച്ചതിന് ഹനുമാൻ ജയന്തി സംഘാടകരുടെ പേരിലും ശോഭായാത്രികരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് പള്ളിയുടെ ഗേറ്റിനു മുൻവശം നിന്ന വ്യക്തികളുടെ പേരിലും പൊലീസ് കേസെടുത്തതായി പറയുന്നു. പക്ഷെ ഹനുമാൻ ജയന്തി ഘോഷയാത്രാ സംഘാടകരുടെ പേരിലെടുത്ത കേസ് പിറ്റേന്ന് തന്നെ ആവിയായി.

ഡൽഹി പൊലീസിന്റെ ഡയറിയില്‍ ശോഭായാത്രയെ അലങ്കോലപ്പെടുത്തിയതിനു മാത്രമെ ഇപ്പോൾ കേസുള്ളു. അതിലെ പ്രതികൾ ”കലാപകാരികളായ” മുസ്‌ലിം മതവിഭാഗക്കാരും. ഇവരാകട്ടെ ജഹാംഗീർപുരിയിൽ റോഡ് പുറമ്പോക്കിലും വശങ്ങളിലുമായി കുടിലുകെട്ടിയും കച്ചവടം നടത്തിയും ഉപജീവനം കഴിയുന്നവർ. ഡൽഹി തെരുവുകൾ പലപ്പോഴും ഹിന്ദു-മുസ്‌ലിം സംഘർഷങ്ങളുടെ വേദികളായി മാറിയിട്ടുണ്ട്. പക്ഷെ അത് പൊലീസ് കേസിലും ചിലപ്പോൾ അപൂർവമായി കോടതി നൽകുന്ന ശിക്ഷകളിലുമൊതുങ്ങും.


ഇതുകൂടി വായിക്കൂ:  സുപ്രീം കോടതിയെ വെല്ലുവിളിച്ച് ഇടിച്ചുനിരത്തല്‍


ഡൽഹിയിലെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലും ഗുജറാത്തിലും നടപ്പിലാക്കിയ ശിക്ഷാവിധി ബിജെപിയുടെ ഒരു നൂതന ശൈലിയുടെ അരങ്ങേറ്റമായിരുന്നു. കലാപകാരികളായി ബിജെപി കണ്ടെത്തുന്ന ആളുകളുടെ താമസസ്ഥലങ്ങളിലും കച്ചവട സ്ഥലങ്ങളിലും ബുൾഡോസറുകൾ ഉരുട്ടുകയെന്നതാണ് പുതിയ ശൈലി. കലാപകാരികളായി മുദ്രകുത്തപ്പെടുന്നവരെ ഒരു പൊലീസിനും വിട്ടുകൊടുക്കുന്നില്ല. ഒരു കോടതിക്കും വിട്ടുകൊടുക്കുന്നില്ല. ”കുറ്റവാളികൾ ആരെന്നു ഞങ്ങൾ കണ്ടെത്തും, അവരുടെ ശിക്ഷയും ഞങ്ങൾ തീരുമാനിക്കും, വിധി പറയും, നടപ്പാക്കും.” ഇതാണ് പുതിയ സംഘപരിവാർ ശൈലി.

ഡൽഹിയിൽ കലാപകാരികളായി ഹനുമാന്‍ ജയന്തി ഘോഷയാത്രാ സംഘാടകരായ ബിജെപിക്കാർ കണ്ടെത്തിയവരുടെ ”അനധികൃത കയ്യേറ്റങ്ങൾ” ഒഴിപ്പിക്കാൻ നിർദേശം നൽകുന്നത് യഥാർത്ഥത്തിൽ ഡൽഹി ബിജെപി അധ്യക്ഷനാണ്. ബുൾഡോസർ ഉപയോഗിച്ച് എല്ലാ ‘അനധികൃത കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ ഡൽഹി മുനിസിപ്പൽ കോർപറേഷന് അദ്ദേഹം നിർദേശം നൽകുകയായിരുന്നു. മധ്യപ്രദേശിലും ഗുജറാത്തിലും രാമനവമി ഘോഷയാത്രയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച മുസ്‌ലിം മതവിഭാഗക്കാരുടെ എടുപ്പുകൾ (ചേരിയിലെ വീടുകൾ) സംസ്ഥാന ഭരണകൂടം ബുൾഡോസറുകൾ കയറ്റിയാണ് പൊളിച്ചത്. ഇത് ഒരു മാതൃകയായി ഡൽഹി കോർപറേഷനും അംഗീകരിച്ചു നടപ്പാക്കിയെന്നു മാത്രം.


ഇതുകൂടി വായിക്കൂ: കൃത്യമായി ആസൂത്രണം ചെയ്ത കലാപങ്ങള്‍


സുപ്രീം കോടതിയുടെ ശ്രദ്ധയിൽ ഗൗരവമായ ഈ പ്രശ്നം കൊണ്ടുവന്നപ്പോൾ കോടതി ഇടപെടുകയും ”ഇനിയൊരുത്തരവുണ്ടാകുന്നതുവരെ തൽസ്ഥിതി തുടരാൻ” ഉത്തരവിടുകയും ചെയ്തു. കോടതി ഉത്തരവിനെക്കുറിച്ച് അറിയിച്ചിട്ടും അത് നിരസിച്ചുകൊണ്ട് മുസ്‌ലിം മതവിഭാഗക്കാരുടെ താമസസ്ഥലങ്ങളും, കടകളും മുസ്‌ലിം പള്ളിയുടെ പ്രവേശന ഗേറ്റും ഭിത്തിയും പൊളിക്കുകയായിരുന്നു. അവസാനം കോടതി ഉത്തരവ് നേരിൽ കൊണ്ടുവന്ന് ബൃന്ദാ കാരാട്ട് സ്ഥലത്തുണ്ടായിരുന്ന ഡൽഹി കോർപറേഷൻ അധികൃതരെ കാണിച്ചു ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ജഹാംഗീർപുരിയിലെ ബുൾഡോസർ പ്രയോഗം നിർത്തിയത്.

ഡൽഹി, ബോംബെ, കൽക്കട്ട, ചെന്നൈ നഗരങ്ങളെ അറിയാവുന്ന ഏതൊരിന്ത്യാക്കാരനും അറിയാവുന്ന കാര്യമാണ് ആ നഗരങ്ങളിലെ ചേരികളുടെ ബാഹുല്യം. ഡൽഹിയിൽ റോഡുകളുടെ ഇരുവശങ്ങളിലുമായി അനധികൃതമായി കച്ചവടം നടത്തുന്നവരും അവിടെ തന്നെ താമസിക്കുന്നവരുമായി ആയിരക്കണക്കിന് ആളുകൾ ഉണ്ട്. അവരെപ്പോലും ഒഴിപ്പിക്കണമെങ്കിൽ അവർക്ക് എവിക്ഷൻ നോട്ടീസ് നൽകി, പകരം സംവിധാനം ഉറപ്പാക്കിയല്ലാതെ പാടില്ലായെന്ന കോടതി ഉത്തരവുകളും സർക്കാർ നിർദേശങ്ങളും ഇന്ന് നമ്മുടെ രാജ്യത്തുണ്ട്.


ഇതുകൂടി വായിക്കൂ:  രാജ്യം ഇരുട്ടിലേക്ക്; ഊർജ്ജ പ്രതിസന്ധി അതിരൂക്ഷം


ഡൽഹി നിയമസഭയിലേക്ക് 2020 ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അനധികൃത കോളനികളിലെ താമസക്കാർക്ക് അവരുടെ കൈവശമുള്ള ഭൂമിയുടെ അവകാശം നൽകുന്നതിനായി കേന്ദ്ര ഗവൺമെന്റ് ഒരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നു. (പ്രധാൻമന്ത്രി — ഡൽഹി അൺ ഓതറൈസ്ഡ് കോളനീസ് ആവാസ് അധികാർ യോജന) എന്നിട്ടും കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചു. ബിജെപിക്ക് അധികാരം ലഭിച്ചില്ല. അതോടുകൂടി പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി.

സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാതെ കയറിക്കിടക്കാൻ ഒരിടമില്ലാതെ ലക്ഷങ്ങൾ ഡെപ്പോസിറ്റ് നൽകി കടമുറികൾ വാടകയ്ക്ക് എടുക്കാൻ നിവൃത്തിയില്ലാത്ത കോടികളുള്ള നാടാണിത്. വഴിയോര കച്ചവടം നടത്തുന്ന ജനലക്ഷങ്ങൾ കിടക്കാൻ മറ്റൊരിടമുണ്ടായിരുന്നെങ്കിൽ തെരുവോരങ്ങളിൽ കഴിയേണ്ടി വരില്ലായിരുന്നു. അന്നന്നുള്ള അന്നത്തിനു വക തേടി തെരുവുകളിലെ ഓട്ട വീണ മേൽക്കൂരയ്ക്കുള്ളിൽ അന്തിയുറങ്ങുന്നവരുടെ അന്നം മുട്ടിച്ച് ബുൾഡോസർ രാജ് നടപ്പിലാക്കുന്നത് കാടത്തമാണ്. തെരുവു കച്ചവടക്കാരിലെ മുസ്‌ലിങ്ങളെ തിരഞ്ഞുപിടിച്ച് അവരുടെ മാത്രം അനധികൃത കയ്യേറ്റങ്ങളെ നിയമ വിരുദ്ധമായി പൊളിച്ചുമാറ്റി നിരപരാധികളെ വേട്ടയാടുന്നത് അതിലേറെ മൃഗീയമാണ്. നിയമവാഴ്ച വിറങ്ങലിച്ചു നിൽക്കുന്ന ഇന്ത്യയുടെ പല ഭാഗങ്ങളിലും ഫാസിസത്തിന്റെ വ്യത്യസ്തമായ രൂപങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോഴും വംശീയ വൈരാഗ്യം അധികാര വർഗം തിരുത്തിയില്ലെങ്കിൽ രാജ്യത്തിന്റെ അഖണ്ഡതയും ജനങ്ങളുടെ ഐക്യവുമായിരിക്കും ഇവിടെ തകരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.