Web Desk

ആര്യങ്കാവ്

July 27, 2021, 10:49 pm

ഉത്സവച്ചടങ്ങിനിടെ ‘മനുഷ്യത്തല’ തിന്ന പൂജാരി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ്

Janayugom Online

തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മൃതദേഹത്തിന്റെ തല ഭക്ഷിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് നാല് സ്വാമിയാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാവൂര്‍സത്രം കല്ലരണി ഗ്രാമത്തിലെ ശക്തിബോധി ചുടലൈമാടസ്വാമി ക്ഷേത്രത്തിലെ (കാട്ടുകോവില്‍) ഉത്സവവുമായി ബന്ധപ്പെട്ട് നാലുപേര്‍ ചേര്‍ന്ന് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വില്ലേജ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം വിവാദമായതോടെ തെങ്കാശി പൊലീസ് സൂപ്രണ്ട് ആര്‍ കൃഷ്ണരാജിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാവൂര്‍സത്രം പൊലീസ് കേസെടുത്തത്.

ഉത്സവത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടയ്ക്ക് പോകുന്ന ചടങ്ങുണ്ട്. തിരികെ വരുമ്പോള്‍ അസ്ഥികളും മറ്റും എടുത്തുകൊണ്ടുവന്ന് എറിയുക മാത്രമായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം തല ഭക്ഷിച്ചതാണ് വിവാദമായത്.

പകുതി കരിഞ്ഞ മൃതദേഹം ഏതെങ്കിലും ശ്മശാനത്തില്‍ നിന്ന് കൊണ്ടുവന്നതാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. എന്നാണ് മൃതദേഹം ശ്മശാനത്തില്‍ നിന്ന് പുറത്തെടുത്തത് എന്ന കാര്യം വ്യക്തമല്ല. സാമിയാര്‍മാര്‍ രാത്രികാലങ്ങളില്‍ ശ്മശാനത്തില്‍ പോകുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. 2019ല്‍ ഈ കോവിലിലെ സ്വാമിയാര്‍മാര്‍ തലയോട്ടിയും അറുത്തെടുത്ത കയ്യും പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.

സമീപപ്രദേശങ്ങളിലെ ശ്മശാനങ്ങളില്‍ നിന്ന് പകുതി സംസ്കരിച്ച ശവശരീരങ്ങള്‍ കടത്തപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് ക്ഷേത്രസമിതി പ്രസിഡന്റുള്‍പ്പെടെയുള്ള കോവില്‍ ഭാരവാഹികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ആര്യങ്കാവ് ചേന്നഗിരിയിലും ഇത്തരം ആചാരങ്ങള്‍ നടക്കുന്നതായി പറയപ്പെടുന്നു.

Eng­lish Sum­ma­ry: A case has been reg­is­tered against eight per­sons, includ­ing a priest who ate ‘human head’ dur­ing a festival

You may like this video also