Web Desk

ന്യൂഡൽഹി

January 10, 2020, 10:54 pm

അക്രമികളെ തിരിച്ചറിയാത്ത പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

Janayugom Online

ജെഎൻയുവിൽ ആയുധങ്ങളുമായി അതിക്രമം നടത്തിയ എബിവിപിക്കാരെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് അവകാശപ്പെടുന്ന ഡൽഹി പൊലീസ് സെമസ്റ്റർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ജെഎൻയു ക്യാമ്പസിൽ ഇടതുവിദ്യാർഥിസംഘടനകൾ സംഘർഷമുണ്ടാക്കിയെന്നും ഐഷെ ഘോഷടക്കം ഒമ്പതു പേരാണ് പ്രതികളെന്നും ആരോപിച്ച് രണ്ടുകേസുകളെടുത്തു. ജനുവരി നാല്, അഞ്ച് തീയതികളിൽ സെമസ്റ്റർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ക്യാമ്പസിലുണ്ടായ സംഘർഷത്തിന്റെ പേരിലാണ് ഇവരെ പ്രതിചേർത്തിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിസിപി ജോയ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം അഞ്ചിന് ജെഎൻയു ക്യാമ്പസിൽ ആയുധങ്ങളുമായി അതിക്രമിച്ചു കയറി എബിവിപി സംഘം നടത്തിയ ആക്രമണത്തെ പറ്റി പൊലീസ് മൗനം പാലിച്ചു. ഐഷെ ഘോഷ്, പങ്കജ് മിശ്ര, വസ്കർ വിജയ്, സുചിത തലുക്രജ്, പ്രിയ രഞ്ജൻ, ദൊലാൻ സവന്ത്, യോഗേന്ദ്ര, യോഗേന്ദ്ര ഭരധ്വാജ്, വികാസ് പട്ടേൽ എന്നിവരെയാണ് സെമസ്റ്റർ രജിസ്ട്രേഷൻ തടസ്സപ്പെടുത്തിയതിന്റെ പേരിൽ പ്രതി ചേർത്തിരിക്കുന്നത്. ജെഎൻയു വിലെ ഇടതുപക്ഷ സംഘടനകളായ എഐഎസ്എഫ്, എസ്എഫ്ഐ, ഐസ, ഡിഎസ്എഫ് എന്നിവയിലെ അംഗങ്ങളാണ് ഈ പ്രതികളെന്നും പൊലീസ് ആരോപിക്കുന്നു. ഇവരിൽ ആരെയും നിലവിൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ വിദ്യാർത്ഥികൾക്ക് ഉടൻ നോട്ടീസ് അയക്കുകയും ചോദ്യംചെയ്യൽ തുടങ്ങുമെന്നും ഇദ്ദേഹം അറിയിച്ചു. എന്നാൽ പൊലീസ് നീക്കത്തിൽ തനിക്ക് ഭയമൊന്നുമില്ലെന്നും ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് ഐഷെ ഘോഷ് പ്രതികരിച്ചത്. ജെഎൻയുവിൽ ഒരും സംഘം അതിക്രമിച്ചു കയറി നടത്തിയ അക്രമം നിയന്ത്രിക്കാനോ മുഖംമൂടി സംഘത്തിൽപ്പെട്ട ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനോ സാധിക്കാത്ത ഡൽഹി പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐഷെ ഘോഷിനെയും മറ്റ് വിദ്യാർത്ഥികളെയും പ്രതി ചേർത്തിരിക്കുന്നത്.

you may also like this video