
അമ്മയെന്ന വാക്കിന് തന്നെ അപമാനമാകുന്ന രീതിയില്‍ ബാലികയായ മകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കുന്നതിന് ഒത്താശ ചെയ്തു നല്‍കിയ മാതാവിന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി വിധിച്ച ശിക്ഷ സംസ്ഥാനത്ത് തന്നെ ഒരു സ്ത്രീക്ക് ലഭിച്ച ഏറ്റവും വലിയ തടവു ശിക്ഷയായി ഗണിക്കപ്പെടുന്നു. വിവിധ വകുപ്പുകളിലായി 180 വര്‍ഷത്തെ കഠിനതടവാണ് ഇരു പ്രതികള്‍ക്കും കോടതി വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന കോടതി പരാമര്‍ശമുണ്ടെങ്കിലും ഇരുവരും 40 വര്‍ഷം വീതം കഠിനതടവുശിക്ഷ അനുഭവിക്കേണ്ടി വരും. തിരുവനന്തപുരം പേയാട് സ്വദേശിനിയും 30കാരിയുമായ വീട്ടമ്മ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 37 കാരനായ പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയുമായി പരിചയത്തിലാകുന്നത്. ബന്ധം പ്രണയത്തിലേക്ക് വളര്‍ന്നതോടെ ഭര്‍തൃമതിയായ യുവതി ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെ ഒപ്പം ഇറങ്ങിത്തിരിച്ചു. കൂടെ 11 കാരിയായ മകളെയും കൂട്ടി. തുടര്‍ന്ന് ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ വാടക വീടുകളില്‍ താമസിച്ചു വരികയായിരുന്നു. ഈ കാലത്താണ് ബാലികയ്ക്ക് ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.
മാതാവിന്റെ ഒത്താശയോടെ നടന്ന പീഡനങ്ങളിലേറെയും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. മദ്യം നല്‍കിയും മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് മുമ്പില്‍ ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. വിസമ്മതിച്ചാല്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കുട്ടിയുടെ തലയില്‍ രഹസ്യകാമറ ഘടിപ്പിച്ചിട്ടുണ്ടെന്നും പീഡന വിവരം പുറത്തു പറയുന്നത് കാമറ വഴി തങ്ങള്‍ അറിയുന്ന പക്ഷം കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ആവശ്യത്തിന് ഭക്ഷണം പോലും ഇവര്‍ കുട്ടിക്ക് നല്‍കിയിരുന്നില്ല. തന്റെ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പിതാവ് പിടിച്ചുവെച്ചുവെന്നും അവ തിരികെ വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് യുവതി മലപ്പുറം പൊലീസില്‍ പരാതി കൊടുത്തതോടെയാണ് കൊടുംപീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പൊലീസ് നിര്‍ദേശമനുസരിച്ച് യുവതിയുടെ പിതാവ് രേഖകളുമായി മലപ്പുറം സ്റ്റേഷനിലെത്തി. ഇവിടെ വെച്ച് ബാലികയെ കാണണമെന്ന ആഗ്രഹം ഇദ്ദേഹം പൊലീസുകാരോട് പറഞ്ഞു. പൊലീസ് അനുമതിയോടെ രേഖകള്‍ കൈമാറുന്നതിനും കുഞ്ഞിനെ കാണുന്നതിനുമായി ഇദ്ദേഹം കുടുംബം താമസിക്കുന്ന വാടക വീട്ടിലെത്തി. എന്നാല്‍ രേഖകള്‍ വാങ്ങിയ യുവതി കുട്ടിയെ കാണിച്ചു നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദം ഉണ്ടാവുകയും പരിസരവാസികള്‍ ഇടപെടുകയും ചെയ്തു. പരിസരവാസികളാണ് പെണ്‍കുട്ടി ദുരിതം അനുഭവിക്കുന്നതായി മാതൃപിതാവിനെ അറിയിച്ചത്. ഇദ്ദേഹം വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവ് പ്രകാരം കുട്ടിയെ സ്‌നേഹിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയെത്തി പൊലീസ് ബാലികയുടെ മൊഴിയെടുത്തതോടെയാണ് അതിക്രൂരമായ പീഡന കഥ പുറത്താകുന്നത്. 2021 ഒക്‌ടോബര്‍ 19നാണ് പൊലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.