മൂവാറ്റുപുഴയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രധാന പ്രതിയുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളെയാണ് പൊലീസ് പിടികൂടിയത്. മുഖ്യ പ്രതികൾ ഓടിച്ചിരുന്ന കാർ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തൊടുപുഴയിൽ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശികളായ കണിയാൻ കുന്ന് വീട്ടിൽ 27 വയസുള്ള ഷാഹിദ്, കാരക്കോട് വീട്ടിൽ 24 വയസുള്ള റഫ്സൽ എന്നിവരെയാണ് കല്ലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയെ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ സഹായിച്ചത് സുഹൃത്തുക്കളായ ഇവരാണ്.
ഓടി രക്ഷപ്പെട്ട പ്രതി ഫോണിൽ വിളിച്ചപ്പോൾ ഇവർ കാറുമായി എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് വഴിയാംചിറ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ – ഇ എം മുഹമ്മദിനെ പ്രതികൾ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കാറിലെത്തിയ യുവാക്കള്‍ എസ് ഐ മുഹമ്മദിനെ ഇടിച്ചുതെറിപ്പിക്കുകയും ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തതായി പൊലീസ് പറയുന്നു.
ഗുരുതരമായി പരുക്കേറ്റ എസ് ഐ യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എസ് ഐയെ ഇടിച്ച് വീഴ്ത്തിയത് ഇടുക്കി മണിയാറൻ കുടി സ്വദേശി മുഹമ്മദ് ഷെരീഫ് ആണെന്നും ഒപ്പമുണ്ടായിരുന്നത് ആഫീസ് നിസാർ എന്ന ആളുമാണെന്ന് പൊലീസ് പറഞ്ഞു. കാർ ഞായറാഴ്ച ഉച്ചയോടെ വെങ്ങല്ലൂർ ആരവല്ലിക്കാവ് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ഡിവൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.