Web Desk

December 21, 2019, 10:13 pm

കെവൈസി ഫോമിൽ ഇനി മതം എഴുതാനുള്ള കോളവും

Janayugom Online

മുംബൈ: ബാങ്ക് അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങൾ ചേർക്കേണ്ട കെവൈസി ഫോമിൽ മതം എഴുതാനുള്ള കോളം കൂട്ടിച്ചേർത്ത് ആർബിഐ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് റെഗുലേഷൻസ് ആക്ടിൽ (ഫെമ) പുതുതായി വരുത്തിയ ഭേദഗതി പ്രകാരമാണ് പുതിയ ചട്ടം കൂട്ടിച്ചേർത്തിരിക്കുന്നത്.
ഫെമ ആക്ടിലെ പുതിയ മാറ്റങ്ങളനുസരിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ആറ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ഇന്ത്യയിൽ സ്ഥലം വാങ്ങാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഫെമ അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇതേ നിയമം മുസ്ലിങ്ങൾക്കും നിരീശ്വരവാദികൾക്കും ഈ ഉപാധി അനുശാസിക്കുന്നില്ല.
ഈ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപഭോക്താക്കളുടെ മതം വെളിപ്പെടുത്തണമെന്ന് ആർബിഐ നിർദ്ദേശിക്കുന്നത്.
ആനുകൂല്യങ്ങൾ തെരഞ്ഞെടുത്ത മത സമൂഹങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, ബാങ്കുകൾ നിക്ഷേപകർക്കും ഉപഭോക്താക്കൾക്കും അവരുടെ മതം പരാമർശിക്കുന്നതിനായി കെവൈസി ഫോമുകളിൽ ഒരു കോളം ഉൾപ്പെടുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്.
നിരീശ്വരവാദികൾ, മുസ്ലിം കുടിയേറ്റക്കാർ പ്രത്യേകിച്ചും അയൽരാജ്യങ്ങളായ മ്യാൻമർ, ശ്രീലങ്ക, ടിബറ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയാൻ ടൈംസ് ഓഫ് ഇന്ത്യ അയച്ച ഇ മെയിൽ ചോദ്യാവലിയിൽ അഭിപ്രായങ്ങളൊന്നുമില്ലെന്നായിരുന്നു റിസർവ് ബാങ്കിന്റെ മറുപടി.
ഭേദഗതിയിൽ പറയുന്നതിങ്ങനെ, ‘ബംഗ്ലാദേശിലേയോ പാകിസ്ഥാനിലേയോ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ എന്നീ ന്യൂനപക്ഷ വിഭാഗത്തിൽനിന്നും ഇന്ത്യയിലേക്കെത്തിയ വ്യക്തികൾക്ക് കേന്ദ്രത്തിൽനിന്ന് ഒരു ദീർഘകാല വിസ (എൽടിവി) നൽകുന്നുണ്ട്. ഇത് പ്രകാരം അംഗീകൃത ഗുണഭോക്താവിന് ഒരു എൻആർഒ അക്കൗണ്ട് തുടങ്ങാൻ മാത്രമേ അനുവാദമുള്ളു. 1955 ലെ പൗരത്വ നിയമ പ്രകാരം ഒരാൾ ഇന്ത്യൻ പൗരനായിത്തീർന്നാൽ ആ എൻആർഒ അക്കൗണ്ട് റസിഡന്റ് അക്കൗണ്ടിലേക്ക് മാറ്റാം’.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങലിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും ബുദ്ധ ‑ജൈന വിശ്വാസികൾക്കും പാഴ്സികൾക്കും ക്രിസ്ത്യാനികൾക്കും പൗരത്വ നിയമപ്രകാരം ഇപ്പോൾ പൗരത്വം നൽകുന്നതുപോലെത്തന്നെയാണ് ബാങ്ക് അക്കൗണ്ടുകളുടെ കാര്യവും. ഈ മാറ്റങ്ങൾക്ക് മുമ്പ്, ഒരു വിദേശ പൗരന്, തന്റെ മതവും രാജ്യവും പരിഗണിക്കാതെ, എഫ്എ റസിഡന്റ് അക്കൗണ്ടുകൾ കൂടുതൽ കാലാവധിക്കും എൻആർഒ അക്കൗണ്ടുകൾ ആറുമാസത്തേക്കും തുറക്കാൻ അനുവദിച്ചിരുന്നു.