മാങ്ങ ഒരെണ്ണം പുഴുവിന് കൊടുക്കാതെ തിന്നാം; ഈ ടെക്നിക് അറിയണം

Web Desk
Posted on May 13, 2019, 5:14 pm

മാവുകള്‍ വല്ലാതെ കനിഞ്ഞിട്ടും അതിന്റെ ഗുണം കിട്ടാത്ത അവസ്ഥയിലാണ് ഇന്ന് മലയാളികള്‍. നമ്മുടെ അയല്‍സംസ്ഥാനങ്ങളിലേതുപോലെയല്ല നമ്മുടെ മാവുകള്‍. നമ്മുടെ നാട്ടില്‍ മാവുകള്‍ തോട്ടമായി വളര്‍ത്തുന്നത് പാലക്കാട് മുതലമടപോലെ അപൂര്‍വം സ്ഥലങ്ങളില്‍മാത്രം. അതുകൊണ്ടുതന്നെ നാടന്‍ മാവുകള്‍ നട്ടാല്‍തന്നെ തനിയെ വളരും. പൂത്താല്‍ മരുന്നടിക്കാറില്ല. നാടന്‍മാവുകള്‍ ഒരു ശുശ്രൂഷയുമില്ലാതെ ഫലം നല്‍കുന്നവയാണ്. വളര്‍ത്തുചിലവില്ല ആദായം കിട്ടിയാലായി എന്നുമാത്രം. നമ്മുടെ മാവുകള്‍ നന്നായി പൂക്കുകയും കായ്ക്കുകയും ചെയ്യും പക്ഷേ എന്തുഫലം. പാകമായിക്കഴിഞ്ഞാല്‍ അത് പുഴുകുത്തിപ്പോകും. പത്തുമാങ്ങപോലും തിന്നാന്‍കിട്ടാതെ വിഷമിക്കുന്നവരാണ് ഏറെപ്പേരും. അതിനാല്‍തന്നെ പച്ചമാങ്ങയായി കച്ചവടം നടത്തി കിട്ടുന്നതാവട്ടെ എന്നു കരുതുകയാണ് ഏറെപ്പേരും.
നമ്മുടെ മാങ്ങ നമുക്കൊന്നുരുചിക്കേണ്ടേ. അതിന് ആദ്യം മാവിനെ ചുറ്റിപ്പറ്റി വളരുന്ന കീടങ്ങളെപ്പറ്റി സാമാന്യധാരണവേണം. മാവില്‍ എങ്ങനെ പുഴുക്കള്‍വരുന്നു എന്ന ധാരണവേണം. മാങ്ങ പൂവ് മാറി കായ്തിരിയുന്ന കാലത്താണ് അതില്‍ കായീച്ച വന്നുകുത്തി മുട്ട ഇടുന്നത്. ഇത് മാങ്ങയണ്ടിക്കുള്ളില്‍ ഇരിക്കും. പഴുത്തുപാകമാകുമ്പോഴാണ് ഇത് വിരിഞ്ഞ് പുഴു പുറത്തുവരുന്നത്. പാകമാകുന്ന മാങ്ങയില്‍പുഴു വളരാതിരിക്കാന്‍ ചെയ്യാവുന്ന ഒരു പൊടിക്കൈയാണ് ഇനി പറയുന്നത്. പാകമായ മാങ്ങ പറിച്ച് കഴുകി വൃത്തിയാക്കി ഫ്രിഡ്ജിലെ തണുപ്പില്‍ നാല് ‑അഞ്ചുമണിക്കൂര്‍ സൂക്ഷിക്കുക അതിനുശേഷം പുറത്തിറക്കി നനവുണങ്ങുമ്പോള്‍ വൈയ്‌ക്കോലോ കീറിയപേപ്പറുകളോ ഇട്ട് പഴുക്കാന്‍വയ്ക്കുക. മാങ്ങയണ്ടിക്കുള്ളില്‍ ഇരിക്കുന്ന പുഴു അതിലിരുന്നു ചാവുന്നതിനാല്‍ പിന്നീട് പുഴുപുറത്തേക്ക് വരില്ല. കൂടുതല്‍ സമയം ഫ്രിഡ്ജില്‍വച്ചിരിക്കുന്നത് നല്ലതല്ല.
മാങ്ങയെആക്രമിക്കുന്ന പുഴുവിനെ ക്രമമായി തോട്ടത്തില്‍നിന്ന് ഇല്ലാതാക്കണം. അതിന് പുഴുകുത്തിവീഴുന്ന മാങ്ങകള്‍ ബക്കറ്റില്‍ ഉപ്പിട്ടവെള്ളത്തില്‍ ഇട്ടുവച്ചു നശിപ്പിക്കണം. കൃമികള്‍മണ്ണില്‍ ഇറങ്ങാതിരിക്കാനാണിത്. മാവിന്റെ ചുറ്റും മാങ്ങവീഴുന്നസ്ഥലത്ത് മണ്ണിളക്കി കുമ്മായം വിതറുന്നതും. തീകത്തിക്കുന്നതും നല്ലതാണ്. കുറേ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ചെയ്താല്‍ മാവിലെ പുഴു ഇല്ലാതാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം. ഒരു മേഖലയിലെ എല്ലാവരും ഈ രീതികള്‍ അവലംബിച്ചാല്‍ ആ മേഖലയില്‍ മാങ്ങാനശിപ്പിക്കുന്ന കീടങ്ങള്‍ ഇല്ലാതാകും. നാട്ടുമാവിനങ്ങള്‍ക്ക് സ്വാഭാവികമായ രോഗപ്രതിരോധശേഷിയുണ്ട്. അവ വളര്‍ത്തുന്നത് നല്ലതാണ്.