
ലിയോ ടോൾസ്റ്റോയ് യുടെ പൂർണമായ പേര് കൗണ്ട് ലെവ് നിക്കോളയേവിച്ച് ടോൾസ്റ്റോയ് എന്നാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മികച്ച റഷ്യൻ എഴുത്തുകാരനായിരുന്നു ടോൾസ്റ്റോയ്, മനുഷ്യന്റെ പ്രകൃതങ്ങളെയും സ്വഭാവത്തെയും മനസിലാക്കിയ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായി സാഹിത്യലോകം അദ്ദേഹത്തെ കണക്കാക്കുന്നു. 1828ൽ ഒരു റഷ്യൻ പ്രഭുകുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ബാല്യത്തിൽ തന്നെ അമ്മയും അച്ഛനും മരിച്ച ശേഷം ബന്ധുക്കളുടെ സംരക്ഷണയിലാണ് വളർന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ഒട്ടും മിടുക്കനായിരുന്നില്ല അദ്ദേഹം. അതിനാൽ തന്നെ അധ്യാപകർക്ക് അദ്ദേഹത്തോട് തീരെ താല്പര്യമില്ലായിരുന്നു. യൂണിവേഴ്സിറ്റിയിൽ നിയമവും പൗരസ്ത്യ ഭാഷകളും പഠിക്കുമ്പോൾ, അധ്യാപകർ അദ്ദേഹത്തെ ‘പഠിക്കാൻ കഴിവില്ലാത്തവനും ഇഷ്ടമില്ലാത്തവനും’ എന്ന് വിശേഷിപ്പിച്ചു. അതിനാൽ ടോൾസ്റ്റോയ് പഠനം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് അദ്ദേഹം പതിമൂന്നിലധികം ഭാഷകൾ സ്വയം പഠിച്ചു. ഏതൊരു ഭാഷയും പഠിക്കാൻ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. ആരിൽ നിന്നായാലും എന്തും പഠിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. മദ്യപാനം, ചൂതാട്ടം, ദുർവൃത്തി എന്നിവയിൽ മുഴുകിയ ഒരു ജീവിതം ചെറുപ്പകാലത്ത് നയിച്ചതായി മരണ ശേഷം അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെ ലോകം അറിഞ്ഞു.
ചൂതാട്ടത്തിൽ വലിയ കടബാധ്യതകൾ ഉണ്ടായതിനെ തുടർന്ന്, ക്രിമിയൻ യുദ്ധകാലത്ത് അദ്ദേഹം സഹോദരനോടൊപ്പം സൈന്യത്തിൽ ചേർന്നു. ഈ സമയത്ത് യൂറോപ്പിലുടനീളം നടത്തിയ യാത്രകൾ ടോൾസ്റ്റോയിയെ ‘സമൂഹത്തിലെ ഉന്നതരുടെ എഴുത്തുകാരൻ’ എന്നതിൽ നിന്ന് ഒരു അഹിംസാവാദിയും ആത്മീയ വാദിയുമാക്കി മാറ്റി. ‘വാർ ആൻഡ് പീസ്’, ‘അന്ന കരേനിന’, ‘ദി കിംഗ്ഡം ഓഫ് ഗോഡ് ഈസ് വിത്തിൻ യു’ എന്നീ നോവലുകളിലൂടെ പ്രശസ്തനായ ടോൾസ്റ്റോയ്, ഗാന്ധി, മാർട്ടിൻ ലൂഥർ കിങ് ഉൾപ്പെടെയുള്ള പലരെയും എഴുത്തിലൂടെ ആകർഷിച്ചുകൊണ്ടിരുന്നു. ബ്രഹ്മചര്യത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു എങ്കിലും അതിനുമുമ്പുള്ള കാലം പല സ്ത്രീകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. മുപ്പത്തിനാലാം വയസിൽ അദ്ദേഹം പതിനെട്ടുകാരിയായ സോഫിയ ബെഹേഴ്‌സിനെ വിവാഹം കഴിച്ചു, അതിൽ പതിമൂന്ന് കുട്ടികളുണ്ടായി.
ആത്മീയതയിൽ അടിയുറച്ച് വിശ്വസിച്ചിരുന്നെങ്കിലും പിൽക്കാലത്ത് ഒരു യുക്തിസഹ, അരാജക, സമാധാനവാദ, ക്രിസ്ത്യൻ തത്ത്വചിന്ത വളർത്തിയെടുത്ത ടോൾസ്റ്റോയിയെ റഷ്യൻ ഓർത്തഡോക്സ് സഭ പുറത്താക്കി. എന്നാൽ അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ ലോകത്ത് പലയിടത്തും സമാധാനത്തിന്റെ സന്ദേശങ്ങളായി മാറി. തന്റെ ജീവിതത്തിലെ ഒരു നല്ല കാലയളവ് ദുർമാർഗങ്ങളിലും ചീട്ടുകളിയിലും ഊഹക്കച്ചവടങ്ങളിലും മുഴുകിച്ചേർന്ന് അദ്ദേഹം നശിപ്പിച്ചതായി ഡയറിക്കുറിപ്പുകളിൽ കാണാം.
ജീവിതത്തിന്റെ അർത്ഥം തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തു ജീവിതം എങ്കിലും പലപ്പോഴും ആത്മീയതയുടെ കെട്ടുപാടുകളിൽ നിന്ന് പൂർണമായും മോചിതനാകാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഒരുപാട് എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ കൈയക്ഷരം ഒരിക്കലും നന്നല്ലായിരുന്നു. ലക്ഷക്കണക്കിന് പേജുകൾ അദ്ദേഹം എഴുതിത്തള്ളിയിരുന്നു. കയ്യക്ഷരം മോശമാകയാൽ ഭാര്യയോ മക്കളോ ആയിരുന്നു പലപ്പോഴും പകർത്തിയെഴുത്ത് നടത്തേണ്ടിവന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത നോവലായ ‘യുദ്ധവും സമാധാനവും’ ഒരുപാട് തവണ അങ്ങനെ പകർത്തി എഴുതിയതായി ഭാര്യ സോഫിയ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ വിശ്വാസങ്ങളിലും മതപരമായ കാര്യങ്ങളിലും വളരെ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഒരു കാലം വരെ സ്ത്രീബന്ധങ്ങളിൽ അമിതമായ താല്പര്യം കാട്ടിയിരുന്നു എന്ന് കാണാം.
അമ്പതാമത്തെ വയസിൽ അദ്ദേഹം സമ്പൂർണ സസ്യഭുക്കായി മാറി. ആ കാലത്തിനുശേഷം അദ്ദേഹം മദ്യം ഉപയോഗിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല സാഹിത്യത്തെ ധനസമ്പാദനത്തിനുള്ള മാർഗമായി കാണാനും തുടങ്ങി. അക്കാലത്തിനു ശേഷമുള്ള ജീവിതം ഏറെക്കുറെ ഒരു സന്യാസിയെ പോലെ ലോകത്തെ സുഖഭോഗങ്ങളോടൊന്നും താല്പര്യമില്ലാതെയാണ് അദ്ദേഹം കഴിഞ്ഞത്. എന്നാൽ തന്റെ എഴുത്തുകളിൽ അത്തരം ജീവിതങ്ങൾ അല്ല വന്നെത്തിയിരുന്നത് എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു. ജീവിതത്തിന്റെ പകുതിക്കു ശേഷം പലതിനോടും അദ്ദേഹം നീരസമാണ് കാട്ടിയിരുന്നത്. ചെറി പുഷ്പങ്ങളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. പട്ടികൾ കുരക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അധ്വാനത്തിന്റെ മഹത്വത്തെ അദ്ദേഹം വളരെ വലുതായി തന്നെ കണ്ടിരുന്നു. സ്വന്തമായി അധ്വാനിച്ച് വിളവെടുക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. പലപ്പോഴും തന്റെ വയലുകളിൽ അദ്ദേഹം പണിയെടുക്കുകയും ചെയ്തിരുന്നു. തന്റെ വയൽ സ്വന്തമായി തന്നെ ഉഴണമെന്ന നിർബന്ധക്കാരനായിരുന്നു ടോൾസ്റ്റോയ്. പിടിവാശിക്കാരനും വഴക്കാളിയും ആയിരുന്നെങ്കിലും സാധുക്കളോട് കരുണയുള്ളവനായിരുന്നു.
കൗമാരത്തിന്റെ അവസാന കാലം മുതൽ അദ്ദേഹം ഒരു ‘ജേണൽ ഓഫ് ഡെയ്‌ലി ഒക്യുപേഷൻസ്’ എഴുതി സൂക്ഷിക്കുമായിരുന്നു. രാത്രിയിൽ തന്റെ അന്നത്തെ ദിവസം എങ്ങനെ ചെലവഴിച്ചുവെന്ന് സൂക്ഷ്മമായി രേഖപ്പെടുത്തുകയും അടുത്ത ദിവസം എങ്ങനെ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമായി ആസൂത്രണം ചെയ്യുകയും ചെയ്തു ആ ബുക്കിൽ. അത് പോരാ എന്ന മട്ടിൽ, അദ്ദേഹം തന്റെ ധാർമ്മിക പരാജയങ്ങളുടെ ഒരു തുടർച്ചയായ പട്ടികയും എഴുതിവെച്ചു, മോസ്കോയിലായിരിക്കുമ്പോൾ സംഗീതം കേൾക്കുന്നത് മുതൽ ചീട്ടുകളി വരെ എല്ലാം നിയന്ത്രിക്കുന്ന രേഖകൾ സൃഷ്ടിക്കാൻ പോലും ടോൾസ്റ്റോയ് സമയം കണ്ടെത്തി.
എഴുത്തിന്റെ സന്ദിഗ്ധ ഘട്ടങ്ങളിൽ എഴുത്തു നിർത്തി അദ്ദേഹം ചിലപ്പോൾ ഒറ്റയ്ക്ക് ചീട്ടുകളിക്കാറുണ്ടായിരുന്നു. എഴുതി കുഴയുമ്പോൾ മനസിന് വിശ്രമം നൽകാനോ എഴുതിത്തീർത്ത ഭാഗം ശരിയായോ എന്ന് ചിന്തിക്കാനോ അല്ലെങ്കിൽ ഏതെങ്കിലും കഥാപാത്രത്തെ ഇനി എങ്ങനെ മാറ്റണമെന്ന് തീരുമാനിക്കാനോ ഒക്കെ അദ്ദേഹം ഈ വിനോദത്തിൽ ഏർപ്പെടുന്ന സമയം ഉപയോഗിച്ചിരുന്നുവത്രേ. ഒരു എഴുത്തുകാരൻ സൃഷ്ടിച്ച കഥാപാത്രങ്ങൾ അവരുടേതായ ജീവിതം ജീവിച്ചു തുടങ്ങിയാൽ പിന്നെ എഴുത്തുകാരന്റെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കില്ല. കഥാപാത്രങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് എഴുത്തുകാരൻ നീങ്ങേണ്ടിവരും എന്ന് ടോൾസ്റ്റോയ് പലപ്പോഴും പറഞ്ഞിട്ടുണ്ട് എന്ന് മകൾ തത്യാന കുറിച്ചിട്ടുണ്ട്.
അക്കാലത്ത് ജീവിച്ചിരുന്ന റഷ്യൻ എഴുത്തുകാരൻ ആന്റൺ ചെക്കോവിനെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു ടോൾസ്റ്റോയിയുടെ സമയത്തിന് വലിയ വിലയുണ്ടെന്നും തന്റെ സന്ദർശനം അദ്ദേഹത്തിന്റെ എഴുത്തിനെ ബാധിച്ചേക്കും എന്നും ചെക്കോവ് ഭയപ്പെട്ടിരുന്നു. ചെക്കോവിന്റെ ചെറുകഥകളെയാണ് ടോൾസ്റ്റോയ് കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. വീട്ടിൽ ഭക്ഷണ മേശയ്ക്ക് ചുറ്റും ഇരിക്കുമ്പോൾ ടോൾസ്റ്റോയ് ചെക്കോവിന്റെ കഥകൾ കുടുംബാംഗങ്ങൾക്ക് വായിച്ചു കൊടുക്കുമായിരുന്നു. കഥ തീരുമ്പോൾ അദ്ദേഹം പൊട്ടിച്ചിരിക്കും. എന്നിട്ട് പറയും, ”എത്ര മനോഹരമായ കഥ, തന്റെ കലയുടെ ഏറ്റവും മൂല്യമായ വശം നർമ്മമാണെന്ന് പക്ഷേ ചെക്കോവിന് അറിയില്ല.” കുറച്ചുകൂടി കടന്നുപോയി ഒരിക്കൽ, ”ഷേക്സ്പിയർ നാടകങ്ങളോട് എനിക്ക് തീരെ മതിപ്പില്ല, നിങ്ങളുടേത് അതിലും മോശമാണ്” എന്ന് അദ്ദേഹം ചെക്കോവിനോട് നേരിട്ടു പറഞ്ഞു.
നാടകത്തെപ്പറ്റി ഒക്കെ ഇങ്ങനെ പറഞ്ഞയാൾ ജീവിതത്തിന്റെ വേറൊരു ഘട്ടത്തിൽ നാടകത്തോട് വലിയ താല്പര്യം കാണിച്ചിരുന്നു. ‘ജ്ഞാനത്തിന്റെ ഫലങ്ങൾ’ എന്ന പേരിൽ ഒരു ഹാസ്യ നാടകം അദ്ദേഹം എഴുതിയിരുന്നു. അക്കാലത്ത് അദ്ദേഹം സ്ഥിരമായി വലിയ പ്രതിഭാവിലാസം ഒന്നുമില്ലാത്ത തമാശകൾ നിറഞ്ഞ നേരം കൊല്ലി നാടകങ്ങൾ കാണാൻ പോയിരുന്നു. അപ്പോൾ ഒരു പ്രൊഫസർ അദ്ദേഹത്തോട് ചോദിച്ചു, ”ഇത്തരം നേരംകൊല്ലി നാടകം കാണാൻ അങ്ങ് വരുമെന്ന് ഞാൻ കരുതിയില്ല. എന്താണ് അങ്ങ് ഇത്തരം നാടകങ്ങൾ സ്ഥിരമായി കാണുന്നത്?” അതിന് ടോൾസ്റ്റോയിയുടെ മറുപടി ഇങ്ങനെയായിരുന്നു, ”ഇത്തരത്തിലുള്ള എന്തെങ്കിലും എഴുതാൻ കഴിയണമേ എന്ന് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്, പക്ഷേ എനിക്ക് അതിനുള്ള പ്രതിഭയില്ല.”
എൺപതാമത്തെ വയസിൽ അദ്ദേഹത്തോട് ഒരു യുവാവ് ചോദിച്ചു, ”എങ്ങനെയുണ്ട് ആരോഗ്യം ഇപ്പോൾ?” അദ്ദേഹം പറഞ്ഞു, ”എനിക്ക് എമ്പതു വയസായപോലെ.” ഇങ്ങനെ നിരവധി വൈചിത്ര്യങ്ങളിലൂടെയാണ് ടോൾസ്റ്റോയിയുടെ സർഗാത്മക ജീവിതം കടന്നുപോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.