ഷാജി ഇടപ്പള്ളി

കൊച്ചി

October 10, 2021, 9:33 pm

കാഴ്ചകളിൽ മനം നിറഞ്ഞ് പുഞ്ചിരിയോടെ അവർ മടങ്ങി

Janayugom Online

ആകാശക്കാഴ്ചകളിൽ കൊച്ചിയുടെ സൗന്ദര്യമാസ്വദിച്ച് മതിമറന്നവർ സന്തോഷം പങ്കിട്ടു. മനസിന്റെ പിരിമുറുക്കവും ശാരീരിക വെല്ലുവിളികളുമെല്ലാം മറന്ന് നിറഞ്ഞ പുഞ്ചിരിയോടെയാണ് മെട്രോയിൽ നിന്നും അവരോരുത്തരും ഇറങ്ങിയത്. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച മെട്രോ യാത്ര വേറിട്ട അനുഭവമായി. 

കളക്ടറുടെ കൈയിൽ മുറുകെ പിടിച്ച് പുറം കാഴ്ചകളിലേക്ക് മനസ് തുറന്നപ്പോൾ ഇരുപത്തിയേഴു വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഷൈമോളുടെ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ലാദം. അകക്കണ്ണിന്റെ കാഴ്ചയാണ് നാല് വയസുകാരനായ ടിപ്പുവിന് ഉള്ളത്. മെട്രോയുടെ ചില്ലു ജാലകത്തിനു പുറത്തേക്ക് ചിരിച്ചുകൊണ്ട് ഏറെ നേരം അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഡൗൺ സിൻഡ്രോം ബാധിതരായ ഇരട്ട സഹോദരൻമാർ അസദും അർഷദും പരസ്പരം കൈകോർത്തു പിടിച്ചായിരുന്നു മെട്രോയിൽ ഇരുന്നത്. 

പാട്ടും കഥകളുമായി ആലുവയിൽ നിന്നും എറണാകുളം എം ജി റോഡ് സ്റ്റേഷൻ വരെയുള്ള യാത്രയിൽ മാനസിക പ്രയാസം അനുഭവിക്കുന്നവർ, വീൽ ചെയറിൽ ജീവിക്കുന്നവർ, കിടപ്പുരോഗികൾ, കൊച്ചു കുട്ടികൾ ഉൾപ്പെടെ പ്രായമായവർ വരെയുള്ള നൂറോളം പേരാണ് പങ്കെടുത്തത്.
എല്ലാവർക്കും മധുര പലഹാരവുമായി ജില്ലാ കളക്ടർ ജാഫർ മാലിക് യാത്രയിൽ ചേർന്നു. ജീവിതം മുഴുവൻ ഒരു മുറിയിൽ ഒതുങ്ങിപോകുമായിരുന്നവർക്ക് ഇത്തരം അവസരങ്ങൾ ഒരുക്കുന്നത് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 

രാവിലെ 10. 30ന് ആലുവ മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച യാത്ര 11 മണിക്ക് എം ജി റോഡ് സ്റ്റേഷനിൽ എത്തിയപ്പോൾ പെട്ടെന്ന് യാത്ര അവസാനിച്ചല്ലോയെന്ന സങ്കടവും ചിലരുടെ മുഖത്ത് പ്രകടമായിരുന്നു. കോതമംഗലം നെല്ലികുഴിയിൽ പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. നാലുവയസ്സ് മുതൽ 99 വയസ്സ് വരെയുള്ള 150 ഓളം പേർ ഇപ്പോൾ ഈ കേന്ദ്രത്തിൽ അഗതികളായുണ്ട്. പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, മെട്രോ പിആർഒ സുമി, ഓപ്പറേഷൻസ് വിഭാഗം മേധാവി പ്രദീപ് കത്രി, പീസ് വാലി ഭാരവാഹികളായ എം എം ഷംസുദ്ദീൻ, കെ എ ഷെമീർ, കെ എച്ച് ഹമീദ്, ഇ എ ഉസ്മാൻ, കെ എസ് ഷാജഹാൻ, മെഡിക്കൽ ഓഫിസർ ഡോ ഹെന്ന, ക്ലിനിക്കൽ ഡയറക്ടർ ഡോ ഹേന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Eng­lish Sum­ma­ry : a day out for res­i­dents for peace val­ley out in kochi metro

You may also like this video :