കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുന്ന കടല്‍ മണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ജനുവരി 11, 12 തീയതികളില്‍ കൊച്ചിയില്‍ നടന്ന ശില്പശാലയില്‍ വച്ച് അവസാന തീരുമാനമായിക്കഴിഞ്ഞു. പ്രധാന മൈനിങ് കമ്പനികളും ഡ്രഡ്ജിങ് കമ്പനികളും ടെന്‍ഡറില്‍ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ മാസം 27 ടെന്‍ഡറിന്റെ അവസാന ദിവസമാണ്. അന്ന് ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് തീരദേശ ഹര്‍ത്താലിന് ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി തയ്യാറാക്കിയ കടല്‍ധാതു ഖനനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ‘ബ്ലൂ ഇക്കണോമി’ സ്വകാര്യവല്‍ക്കരണ നയം പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങള്‍ ഉയരാതിരിക്കാന്‍ കോവിഡ് കാലത്താണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഡോ. ശൈലേഷ് നായക് കമ്മിറ്റി തയ്യാറാക്കിയ രേഖപ്രകാരം ക്രൂഡോയിലും പ്രകൃതിവാതകവും മണലും വിവിധയിനം ഖനലോഹങ്ങളുമടക്കം എണ്ണമറ്റ സമ്പത്ത് ഇവിടെ നിന്ന് ഖനനം ചെയ്തെടുക്കാം എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ മൂലകങ്ങളുടെ ഖനനവും വിപണനവും പൊതുമേഖലയില്‍ തന്നെ വേണമെന്ന 2002ലെ കടല്‍ധാതു ഖനന നിയമം 2023ല്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. മണിപ്പൂര്‍ സംഭവം കത്തിനിന്ന സന്ദര്‍ഭത്തില്‍ ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ച സന്ദര്‍ഭം മുതലെടുത്താണ് ഈ തീരുമാനം മോഡി സര്‍ക്കാര്‍ തിടുക്കപ്പെട്ടെടുത്തത്.
ഭരണഘടനയുടെ അനുച്ഛേദം 246 ഷെഡ്യൂള്‍ രണ്ട് പട്ടിക 21 പ്രകാരം 24 കിലോമീറ്റര്‍ (12 നോട്ടിക്കല്‍ മൈല്‍) വരെയുള്ള കടല്‍ഭാഗത്തിന്റെ നിയന്ത്രണാധികാരം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാന സര്‍ക്കാരിനും പൊതുമേഖലയ്ക്കുമുള്ള അവകാശവും നിയന്ത്രണവും എടുത്തുമാറ്റിയാണ് സ്വകാര്യ കുത്തകകള്‍ക്കുവേണ്ടി കേന്ദ്രനിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ഈ നിയമഭേദഗതിക്ക് തൊട്ടുമുമ്പ് 2022 ഏപ്രില്‍ 14 മുതല്‍ 17 വരെ അഡാനി കമ്പനി ആന്ധ്ര കേന്ദ്രീകരിച്ച് അലുവിയല്‍ ഹെവി മിനറല്‍സ് ലിമിറ്റഡ്, ഒഡിഷയില്‍ പുരിത നാചുറല്‍ റിസോഴ്സ് ലിമിറ്റഡ് എന്നീ പേരുകളില്‍ രണ്ട് കമ്പനികള്‍ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തുവെന്ന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. ഖനനം ചെയ്യാവുന്ന സ്ഥലങ്ങളുടെ മാപ്പിങ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയും നടത്തിയിട്ടുണ്ട്. ഇതുപ്രകാരം 79 ദശലക്ഷം ടണ്‍ ലോഹങ്ങളും 1,53,996 ദശലക്ഷം ടണ്‍ ചുണ്ണാമ്പും നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള 745 ദശലക്ഷം ടണ്‍ മണലും വിവിധ മേഖലകളില്‍ ലഭ്യമാണ്. തീരക്കടല്‍, ആഴക്കടല്‍, പുറംകടല്‍ എന്ന വ്യത്യാസം ഇല്ലാതെ ഇതിനെ ചൂഷണം ചെയ്യുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
ഗുജറാത്തിലെ പോര്‍ബന്തറില്‍ മൂന്ന് ബ്ലോക്കുകളില്‍ നിന്ന് ചുണ്ണാമ്പും ചെളിയും കേരളത്തില്‍ കൊല്ലത്തെ മൂന്ന് ബ്ലോക്കുകളില്‍ നിന്ന് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള കടല്‍മണലും ആന്‍ഡമാനിലെ ഏഴ് ബ്ലോക്കുകളില്‍ നിന്ന് മെറ്റാലിക് നൊഡ്യൂള്‍ എന്നറിയപ്പെടുന്ന ധാതുവിഭവങ്ങളും ഖനനം ചെയ്തെടുക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ അഞ്ച് സെക്ടറുകളിലായി 750 ദശലക്ഷം കടല്‍മണല്‍ നിക്ഷേപമുണ്ടെന്ന് ശൈലേഷ് നായക് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. കരിമണലിനു പുറമെ 400 — 1,000 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന പോളിമെറ്റാലിക് സള്‍ഫൈഡുകളും (കോപ്പര്‍, നിക്കല്‍, സിങ്ക്, ഗോള്‍ഡ് എന്നിവ) 2,000 — 4000 മീറ്റര്‍ ആഴത്തിലുള്ള കോബാള്‍ട്ടും, 6,000 മീറ്റര്‍ ആഴത്തില്‍ വരെ പരന്നു കിടക്കുന്നു മാംഗനീസ് നൊഡ്യൂളും ഉള്‍പ്പെടും. ഇവയുടെ വ്യവസായമൂല്യം 18,700 കോടി ഡോളറാണെന്ന് ശൈലേഷ് നായക് കമ്മിറ്റി വിലയിരുത്തുന്നു. കേരളതീരത്തും പുറംകടലിലുമായി കിടക്കുന്ന വെളുത്ത മണലിന്റെ വില്പന നടത്തുവാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 745 ദശലക്ഷം ടണ്‍ വരുന്ന ഈ നിക്ഷേപം പൊന്നാനി, ചാവക്കാട്, ആലപ്പുഴ, കൊല്ലം വടക്ക്, കൊല്ലം തെക്ക് എന്നിങ്ങനെ അഞ്ച് സെക്ടറുകളിലാണുള്ളത്. ഇതില്‍ കൊല്ലം സെക്ടറിലെ മൂന്ന് ബ്ലോക്കുകളിലെ വില്പനയാണ് ഇപ്പോള്‍ നടക്കുന്നത്.
300 ദശലക്ഷം ടണ്‍ മണല്‍ നിക്ഷേപം ഇവിടെയുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെ 85 കിലോമീറ്ററിലായി 3,300 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ‘ക്വയിലോണ്‍ ബാങ്കി‘ല്‍ നിന്നാണ് ഖനനം നടക്കുവാന്‍ പോകുന്നത്. തീരത്ത് നിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള ഒന്നാം സെക്ടറില്‍ 23 മിനറല്‍ ബ്ലോക്കുണ്ടെന്ന് കണക്കാക്കുന്നു. ഇവിടെ നിന്ന് 100.33 ദശലക്ഷം ടണ്‍ മണലാണ് ഊറ്റുക. രണ്ടാം സെക്ടര്‍ 30 കിലോമീറ്റര്‍ അകലെയാണ്. അവിടെ നിന്ന് 100.64 ദശലക്ഷം ടണ്‍ മണലും 27 കിലോമീറ്റര്‍ അകലെയുള്ള മൂന്നാം സെക്ടറില്‍ നിന്ന് 101.45 ദശലക്ഷം ടണ്‍ മണലും ഊറ്റുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. 1961 മുതല്‍ 65 വരെ ഇന്തോ-നോര്‍വീജിയന്‍ പ്രോജക്ടിന്റെ ഭാഗമായി ഗവേഷണം നടത്തിയ കെയര്‍ ലാര്‍സണ്‍ എന്ന ശാസ്ത്രജ്ഞനാണ് 1965ല്‍ ക്വയിലോണ്‍ ബാങ്ക് ഉള്‍പ്പെടെ ഏഴ് ഫിഷിങ് ഗ്രൗണ്ടുകള്‍ കേരളത്തില്‍ കണ്ടെത്തിയത്. ഇന്ത്യയിലെ 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും ഉല്പാദനക്ഷമതയുള്ള പ്രദേശമാണ് കൊല്ലം പരപ്പ്. ഒന്ന് മുതല്‍ ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയും മറ്റവശിഷ്ടങ്ങളും ഉണ്ടെന്നുള്ളതാണ് ഈ പ്രദേശത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമാക്കുന്നത്. അഷ്ടമുടിക്കായലിന്റെ സാമീപ്യവും മത്സ്യസാന്ദ്രത വര്‍ധിപ്പിക്കുന്നതിനുള്ള ഘടകമാണ്.
കരിക്കാടി, പൂവാലന്‍, കലവ, കണവ, പല്ലിക്കോര, ചാള, അയല, നത്തോലി തുടങ്ങി കയറ്റുമതിക്കും ആഭ്യന്തര ഉപയോഗത്തിനുമുള്ള മത്സ്യങ്ങള്‍ ധാരാളം ഇവിടെനിന്നാണ് ലഭിക്കുന്നത്. കേരളത്തിലെ രണ്ട് ലക്ഷത്തില്‍പ്പരം പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നാലില്‍ ഒന്ന് പേര്‍ മീന്‍പിടിക്കാന്‍ ഇവിടമാണ് ആശ്രയിക്കുന്നത്. വാടി, ശക്തികുളങ്ങര, ചെറിയഴീക്കല്‍, വലിയഴീക്കല്‍, തോട്ടപ്പള്ളി, പുന്നപ്ര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങളുടെ വരുമാനത്തിന്റെ പ്രധാന ഉറവിടം കൊല്ലം ബാങ്ക് തന്നെയാണ്. മേല്‍മണ്ണ് നീക്കിയാണ് വെളുത്ത മണല്‍ പുറത്തെടുക്കുക. ഇത് സൃഷ്ടിക്കുന്ന വെള്ളം കലക്കല്‍, പുറത്തുവരുന്ന വിഷ വാതകങ്ങള്‍, ഖനലോഹങ്ങള്‍ ഇതെല്ലാം മത്സ്യമേഖലയെ പ്രതികൂലമായാണ് ബാധിക്കുക. വേണ്ടത്ര പാരിസ്ഥിതികാഘാത പഠനം നടത്താതെ നടത്തുന്ന ഖനന നീക്കത്തിനെതിരായി കേരള സര്‍ക്കാരിന്റെ എതിര്‍പ്പ് രേഖാമൂലം അറിയിച്ചെങ്കിലും ചെവിക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ആദിവാസികളുടെ അവശേഷിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി വനാവകാശ നിയമം പാസാക്കിയ മാതൃകയില്‍ മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി കടലവകാശ നിയമം വേണം എന്ന ആവശ്യം ഉയര്‍ന്നുവരുന്ന സന്ദര്‍ഭത്തിലാണ് കോര്‍പറേറ്റുകള്‍ക്ക് ലാഭം കൊയ്യാന്‍ ഇന്ത്യയുടെ പ്രകൃതി സമ്പത്തായ കടല്‍ വിട്ടുകൊടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിട്ടുള്ള ആഘാതത്തിന്റെ ഇരകളാണ് കേരളത്തിലേതുള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍. സുനാമിയും ഓഖിയും ടൗട്ടേ ചുഴലിക്കാറ്റും സൃഷ്ടിച്ച ആഘാതം വിവരണാതീതമാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള മണല്‍ഖനനം വ്യാപകമായാല്‍ കാത്തിരിക്കുന്നത് സുനാമി പോലുള്ള ദുരന്തങ്ങളായിരിക്കുമെന്ന് ശാസ്ത്രസമൂഹം വിലയിരുത്തുന്നു. ജനങ്ങളുടെ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തിലെല്ലാം ജനവിരുദ്ധനയങ്ങള്‍ സര്‍ക്കാരിന് തിരുത്തേണ്ടി വന്നിട്ടുണ്ട്. ഒന്നാം മോഡി സര്‍ക്കാര്‍ 2017ല്‍ ഡോ. മീനാകുമാരി കമ്മിഷനെ വച്ച് പഠനം നടത്തി ആഴക്കടല്‍ മത്സ്യസമ്പത്ത് ചൂഷണം ചെയ്യുവാന്‍ 250 വിദേശ ട്രോളറുകള്‍ക്ക് അടിയന്തരമായി ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെ ഐക്യപ്രസ്ഥാനമായ ഫിഷറീസ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉജ്വലമായ പ്രക്ഷോഭം ഉയര്‍ന്നുവന്നു. തീരദേശ ജനത രാഷ്ട്രീയം മറന്ന് പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരത്തിന് പിന്തുണ നല്‍കി. തെക്കന്‍ സംസ്ഥാനങ്ങളെല്ലാം പ്രക്ഷോഭം ഏറ്റെടുക്കുവാന്‍ തയ്യാറായി മുന്നോട്ടുവന്നു. അവസാനം മീനാകുമാരി കമ്മിഷന്‍ റിപ്പോര്‍ട്ട് മോഡി സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം നിലനിര്‍ത്തുന്നതിനു വേണ്ടി ആഹ്വാനം ചെയ്തിട്ടുള്ള നാളത്തെ ഹര്‍ത്താലും മാര്‍ച്ച് 12ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.