8 September 2024, Sunday
KSFE Galaxy Chits Banner 2

കയ്യടി അർഹിക്കുന്ന തീരുമാനം

Janayugom Webdesk
July 26, 2024 5:00 am

ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാന വർധന ലക്ഷ്യമിട്ട് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർധിപ്പിക്കുന്നതിന് കൈക്കൊണ്ട തീരുമാനം പുനഃപരിശോധിക്കുകയും ഗണ്യമായ കുറവ് വരുത്തുവാൻ തീരുമാനിക്കുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടി സ്വാഗതാർഹമാണ്. 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്തിയ നിരക്ക് വർധന ജനങ്ങൾക്കുമേൽ വലിയ ഭാരം ചുമത്തുന്നതായി എന്ന് ബോധ്യമായതിനാലാണ് ശ്ലാഘനീയമായ ഈ നടപടി ഉണ്ടായിരിക്കുന്നത്. തനതുവരുമാന വർധന ലക്ഷ്യമിട്ട് വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, അപേക്ഷ, പരിശോധനാ ഫീസുകൾ, വിനോദ നികുതി എന്നിവയാണ് 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വിവിധ ഉത്തരവുകളിലൂടെ പരിഷ്കരിക്കുകയും ആ വർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിലാവുകയും ചെയ്തത്. അധികാര വികേന്ദ്രീകരണം നടപ്പിലാക്കപ്പെട്ടതോടെ തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങൾ ഓരോ വർഷവും വർധിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. അതാതിടങ്ങളിലെ പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ എല്ലാ മേഖലയുടെയും ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായി. കേന്ദ്ര‑സംസ്ഥാന ആവിഷ്കൃത പദ്ധതികൾക്കൊപ്പം തന്നെ വിവിധ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ സ്വയം തീരുമാനിച്ച് നടപ്പിലാക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ വരുമാനം പരിമിതമായിത്തന്നെ തുടരുകയാണ്. കൂടാതെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തിൽ വർധിക്കണമെന്ന കേന്ദ്ര ധനകാര്യ കമ്മിഷൻ മുന്നോട്ടുവച്ച നിബന്ധനയും നിരക്ക് കൂട്ടുന്നതിന് സർക്കാരിനെ നിർബന്ധിതമാക്കി. വരുമാനവർധന കൈവരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകൾക്ക് ധനകാര്യ കമ്മിഷൻ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. തനതുവരുമാനം വർധിപ്പിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മിഷനും നിരന്തരം ആവശ്യപ്പെട്ടതായും മന്ത്രി അറിയിക്കുകയുണ്ടായി. ഈ സാഹചര്യത്തിൽ പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനങ്ങളെ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വരുമാനം ആർജിക്കുക എന്നതു കൂടി കണക്കിലെടുത്താണ് നിരക്കുവർധന പ്രാബല്യത്തിൽ വരുത്തുന്നതിന് തീരുമാനിച്ചത്. മാത്രവുമല്ല, കേരളത്തിൽ നിലവിലുള്ളത് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണെന്ന വസ്തുതയുമുണ്ട്.


ഇതുകൂടി വായിക്കൂ: ജനപക്ഷത്തുനിൽക്കുന്ന നിയമ നിർമ്മാണം


പുതിയ നിരക്ക് വർധന നടപ്പിലാക്കുമ്പോൾ നിലവിലുണ്ടായിരുന്ന നികുതി ചുമത്തൽ രീതികളിൽ പരിഷ്കരണം വരുത്തിയിരുന്നു. താമസത്തിന്, മറ്റാവശ്യങ്ങൾക്കുള്ളത് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടായിരുന്നത് വ്യവസായം, വാണിജ്യം എന്നിവ കൂടി ചേർത്ത് നാലായി തിരിച്ചു. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്ത നിരക്കുകളും ഏർപ്പെടുത്തി. എന്നാൽ നിരക്കുവർധനയിലെ തോത് അസാധാരണമാണ് എന്ന വിലയിരുത്തലും താങ്ങാവുന്നതിലപ്പുറമാണ് എന്ന പരാതിയും വിവിധ കോണുകളിൽ നിന്നുണ്ടായി. പ്രതിപക്ഷം ഇതിനെ സർക്കാരിനെതിരായ ആയുധമായി ഉപയോഗിക്കുവാനും ശ്രമിച്ചു. അതേസമയം സംസ്ഥാനത്തെ പ്രതിപക്ഷമായ യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ഈ വർധന നടപ്പിലാക്കുന്നതിൽ വിമുഖത കാട്ടിയില്ലെന്ന വൈരുധ്യവുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വർധന അനിവാര്യമാണെന്ന് അവരും സമ്മതിക്കുന്നു എന്നതിന്റെ പരോക്ഷ ഉദാഹരണമാണിത്. എങ്കിലും പൊതുജനങ്ങൾക്കുമേൽ അമിതഭാരം ഏല്പിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നിരക്ക് വർധനയിൽ ഇളവ് വരുത്തുന്നതിനാണ് എൽഡിഎഫ് സർക്കാർ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളെയും ബാധിക്കുന്ന ഫീസ് നിരക്കുകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: നാടുണർത്തിയ നവകേരള സദസ്


ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് ചതുരശ്ര മീറ്ററിന് 50ൽ നിന്ന് 25 രൂപയായും നഗരസഭകളിൽ 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയുമായാണ് കുറച്ചിരിക്കുന്നത്. 151 മുതൽ 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ 100 രൂപ എന്നത് 50, നഗരസഭകളിൽ 120ൽ നിന്ന് 60, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയുമായാണ് പുതുക്കിയിരിക്കുന്നത്. 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150 എന്നത് 100 രൂപയായി കുറയ്ക്കും. നഗരസഭകളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 രൂപയായും കുറയും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. കണക്കുകൾ പരിശോധിക്കുമ്പോൾ നിരക്കുകളിൽ 60 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട് എന്ന് വ്യക്തമാകും. ഓഗസ്റ്റ് ഒന്നു മുതലാണ് പുതിയ നിരക്ക് നിലവിൽ വരുന്നതെങ്കിലും 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടെന്നതിനാൽ നേരത്തെ കൂടിയ നിരക്ക് അടച്ചവർക്ക് അത് തിരിച്ചുനൽകുന്നതിനുള്ള തീരുമാനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അനിവാര്യമായ സാഹചര്യത്തിൽ മറ്റു മാർഗമില്ലെന്ന് വന്നതോടെയാണ് ഒരുവർഷം മുമ്പ് നിരക്കുവർധനയ്ക്ക് സർക്കാർ തീരുമാനിച്ചത്. അത് പൊതുജനങ്ങൾക്ക് വലിയ ഭാരമുണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോൾ അത് പുനഃപരിശോധിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തീർച്ചയായും പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കുക എന്നത് ജനകീയ സർക്കാരുകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. അത് നിറവേറ്റുന്നതിന് സന്നദ്ധമായ കേരളത്തിലെ എൽഡിഎഫ് സർക്കാർ വലിയ കയ്യടി അർഹിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.