എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹ നിയമമെന്ന് ഡൽഹി കോടതി. രാജ്യത്ത് സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നത്. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക, അസ്ഥിരതകളെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ നിയമം ചുമത്തരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകസമരവുമായി ബന്ധപ്പെട്ട വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ദേവി ലാൽ ബുർഡാക്, സ്വരൂപ് രാം എന്നിവർക്ക് ജാമ്യം നൽകികൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
ഇവർ രാജ്യദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകൻ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതിയുടെ നിലപാട്.
സെക്ഷൻ 124 എ (രാജ്യദ്രോഹം) ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണെന്നും കോടതി നിരീക്ഷിച്ചു. പൊതുസമാധാനം നിലനിർത്താനുള്ള മികച്ച ഉപകരണമായാണ് രാജ്യദ്രോഹത്തെ ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത് ഒരിക്കലും അസ്ഥിരതയെ അടിച്ചമർത്താനാകരുത്, കോടതി നിരീക്ഷിച്ചു.
പൊതുസമാധാനം തകർക്കുന്നരീതിയിലുള്ള ആഹ്വാനം, ഉപദേശം, വാദങ്ങൾ, പ്രേരണ എന്നിവയിൽ ഒന്നുപോലും ഇല്ലെങ്കിൽ രാജ്യദ്രോഹകുറ്റം ചുമത്തരുതെന്നും കോടതി പറഞ്ഞു. ഡൽഹി പൊലീസിൽ കലാപം, ഇരുന്നൂറോളം ജീവനക്കാർ രാജിക്കൊരുങ്ങുന്നു എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കിൽ വ്യാജ വീഡിയോ ഷെയർ ചെയ്തുവെന്നാണ് ബുർഡാകിനെതിരെ ചുമത്തിയിരിക്കുന്നത്. ഝാർഖണ്ഡിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഡൽഹിയിലേതെന്ന പേരിൽ ഇദ്ദേഹം പങ്കുവച്ചത്. സമാനമായ ടാഗ് ലൈനിൽ റാമും ഒരു വീഡിയോ ഷെയർ ചെയ്തിരുന്നു.
ENGLISH SUMMARY: A Delhi court has ruled that treason should not be charged to quell unrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.