വാഹനാപകടം: ആഘാതം കുറയ്ക്കാന്‍ സംവിധാനവുമായി വനിത ഡോക്ടര്‍ 

Web Desk
Posted on June 12, 2019, 7:22 pm

തൃശൂര്‍: വാഹനാപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള സംവിധാനവുമായി വനിത ഡോക്ടര്‍. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളുടെ മുമ്പിലും പിമ്പിലും വശങ്ങളിലും ഘടിപ്പിക്കാവുന്ന ഈ സംവിധാനം ഉപയോഗിച്ച് അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ ആഘാതം കുറച്ച് മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോ. ധന്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂട്ടിയിടി മൂലമുണ്ടാകുന്ന ആഘാതത്തില്‍ ഉണ്ടാകുന്ന ഊര്‍ജത്തെ പല ഘട്ടങ്ങളിലായി ആഗിരണം ചെയ്യുകയും അപകടത്തിന്റെ കാഠിന്യം കുറയ്ക്കുകയുമാണ് ഡോക്ടര്‍ വികസിപ്പിച്ച ഉപകരണത്തിനറെ രീതി. മെക്കാനിക്കല്‍ ഉപകരണമായതിനാല്‍ കൂടുതല്‍ വിശ്വസനീയതയും ചെലവ് കുറവുമാണെന്ന് ഡോ. ധന്യ പറഞ്ഞു. വാഹനത്തിന് പുറമെ ക്രാഷ്ഗാര്‍ഡ്, മീഡിയനുകള്‍, പാലങ്ങളുടെ തൂണുകള്‍, കപ്പലുകള്‍, ബോട്ടുകള്‍, ബോട്ടുജെട്ടികള്‍, തുറമുഖങ്ങള്‍ എന്നിവടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്.

ഇതിന്റെ പേറ്റന്റിന് വേണ്ടിയുള്ള അപേക്ഷ ഇന്ത്യന്‍ പേറ്റന്റ് ഓഫിസില്‍ സമര്‍പ്പിച്ചു. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനില്‍ നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ലഭിച്ചതായും തന്റെ അപേക്ഷ ഇന്ത്യന്‍ പേറ്റന്റ് ഓഫിസിന്റെ ഔദ്യോഗിക ജേണലില്‍ പ്രസിദ്ധീകരിച്ചതായും ധന്യ പറഞ്ഞു. ശിശു രോഗ വിദഗ്ധനായ ഡോ. കളരിക്കല്‍ രാമചന്ദ്രന്റെയും ഗൈനക്കോളജിസ്റ്റായ ഡോ. സൂര്യയുടേയും മകളായ ധന്യ അക്കിക്കാവ് പിഎസ്എം ദന്തല്‍ കോളജില്‍ പബ്ലിക് ഹെല്‍ത്ത് ദന്തിസ്ട്രി വിഭാഗം അധ്യാപികയാണ്.