സംസ്ഥാന സർവകലാശാലകളിലേക്കുള്ള വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് ചട്ടങ്ങൾ ചാൻസലർക്ക് വലിയ അധികാരങ്ങൾ ഉറപ്പാക്കുന്നു. കേന്ദ്രം നിയമിക്കുന്ന ഗവർണർമാർ സംസ്ഥാന സർവകലാശാലകളുടെ എക്സ്-ഒഫീഷ്യോ ചാൻസലർമാരാണ്. ചാൻസലർക്ക് കൈവരുന്ന അധികാരങ്ങൾ വിദ്യാഭ്യാസ മേഖലയുടെ വികാസത്തിന് പ്രകടമായ തടസം തന്നെയാണ്. ഗവർണർമാരെല്ലാം കേന്ദ്രത്തോട് കടപ്പെട്ടവരും വിധേയരുമാണ്. ഓരോ സർവകലാശാലയുമായി ബന്ധപ്പെട്ട നിർണായക നിയമനങ്ങളിലും തെരഞ്ഞെടുപ്പുകളിലും ചാൻസലർ നേരിട്ട് ഇടപെടണമെന്നും നടപ്പിലാക്കണമെന്നും ശുപാർശയുണ്ട്. സർവകലാശാലയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങളെല്ലാം കേന്ദ്രത്തിന് വിധേയരായ ഇക്കൂട്ടർ നിശ്ചയിക്കുന്ന അവസ്ഥയുണ്ടാകും. അവരുടെ തീരുമാനങ്ങൾ അന്തിമമാകും. ഗതികേടിന്റെ ജനാധിപത്യമാകും നടപ്പാകുക. അധികാരത്തിന്റെ സമസ്ത മേഖലകളും കേന്ദ്രഭരണകൂട ഇച്ഛയിലേക്ക് ചുരുങ്ങുന്നു. അധികാരം കേന്ദ്രത്തിൽ മാത്രം കേന്ദ്രീകരിക്കപ്പെടുന്നു. വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള കേന്ദ്ര പദ്ധതി കരട് തങ്ങളുടെ നിയന്ത്രണങ്ങളിലൂടെ സാധ്യമാക്കാനാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ പരിശ്രമം. വൈസ് ചാൻസവിദ്യാഭ്യാസ‑രംഗം-കുട്ടിചലർ നിയമന മാനദണ്ഡങ്ങളിലെ മാറ്റത്തെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) അംഗങ്ങളും പ്രതിഷേധത്തിലാണ്. കരട് നിയമങ്ങൾ ജനാധിപത്യത്തിന് തിരിച്ചടിയായി അവര്‍ ചൂണ്ടിക്കാട്ടുന്നു. 2024 ഡിസംബർ 23ന് അംഗീകരിച്ച കരടിന് അംഗീകാരം ഉറപ്പാക്കുന്നതിന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ കടുത്ത പരിശ്രമത്തിലാണ്.
പുതിയ നിയന്ത്രണങ്ങൾ കേന്ദ്ര, സംസ്ഥാന, സ്വകാര്യ, ഡീംഡ് സർവകലാശാലകൾക്ക് ബാധകമാകും. നിയമങ്ങൾ വിജ്ഞാപനം ചെയ്തതിന് ശേഷം ആറ് മാസത്തിനുള്ളിൽ എല്ലാ കോളജുകളും സർവകലാശാലകളും പുതിയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. വൈസ് ചാൻസലർ തെരഞ്ഞെടുപ്പിന് നിലവിൽ സംസ്ഥാന സർക്കാർ, ബന്ധപ്പെട്ട സർവകലാശാല, യുജിസി എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സെർച്ച് കമ്മിറ്റി രൂപീകരിച്ചായിരുന്നു പ്രവർത്തനം. ഇപ്പോൾ പറയുന്നത് സംസ്ഥാന സർവകലാശാലകളുടെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നതിന് മൂന്നംഗ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയെ ചാൻസലർമാർ രൂപീകരിക്കണമെന്നാണ്. സമിതിയിൽ, ചെയർമാൻ ഗവർണറുടെ നോമിനിയായിരിക്കും. മറ്റ് രണ്ടംഗങ്ങളെ യുജിസി ചെയർമാനും സർവകലാശാലയുടെ പരമോന്നത സമിതിയും തെരഞ്ഞെടുക്കും. ഗവർണർമാർ സർവകലാശാലയുടെ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് പരിപൂർണ നിയന്ത്രണം കൈവരുന്നു. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയമാണ്. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഈ മേഖലയിൽ സമകാലവർത്തിയായ പങ്കുവഹിക്കാൻ അനുവദിക്കുന്നു. ഒരു പക്ഷത്തിനും പ്രത്യേകാവകാശം നൽകുന്നില്ല. കേന്ദ്രത്തിന്റെ ‘ഏകപക്ഷീയമായ’ നടപടി സംസ്ഥാനങ്ങളെ നിയമന പ്രക്രിയയിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും അതുവഴി ഫെഡറൽ ഘടനയെ അട്ടിമറിക്കുകയും ചെയ്യും. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനവിഭാഗ നിയമനവും പ്രൊമോഷനും മാറ്റിമറിക്കുക എന്നതാണ് കരട് ലക്ഷ്യമിടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അക്കാദമിക് കേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, പൊതുനയം, പൊതുഭരണം, വ്യവസായം എന്നിവയിൽ നിന്നുള്ള പ്രൊഫഷണലുകളെ ഉൾപ്പെടുത്തുന്നതിന് യോഗ്യതാ മാനദണ്ഡങ്ങൾ വികസിപ്പിച്ച് വൈസ് ചാൻസലർമാരുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തുക മാത്രമാണ് നിർദിഷ്ട മാഗനിര്‍ദേശങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് യുജിസി അവകാശപ്പെടുന്നത്. എന്നാൽ കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എല്ലാം കൈപ്പിടിയിലൊതുക്കുക.
ബിജെപി സഖ്യകക്ഷികളും ഇതിനെ എതിർത്ത് അവർ രംഗത്തെത്തിയിട്ടുണ്ട് എന്നത് നിയമത്തിലെ ഏകപക്ഷീയത തെളിയിക്കുന്നു. പാർട്ടി ഇതുവരെ കരട് പ്രമേയം പൂർണമായും അംഗീകരിച്ചിട്ടില്ല എന്ന് ജെഡിയു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈസ് ചാൻസലർമാരുടെ നിയമനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ പങ്ക് പരിമിതപ്പെടുത്തുന്നതിലൂടെ, വിദ്യാഭ്യാസ മേഖലയിലെ സംസ്ഥാന സർക്കാർ പങ്കാളിത്തം പിന്നോട്ടടിക്കുമെന്ന് എൻഡിഎ കക്ഷിയായ ടിഡിപി ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയിലെ ബിആർഎസും യുജിസി കരട് ബില്‍ എതിർക്കുന്നു. തമിഴ്‌നാട്ടിൽ യുജിസി കരട് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം പാസാക്കി. കരട് നിയമത്തിനെതിരെ പിന്തുണ സമാഹരിക്കാന്‍ പ്രതിപക്ഷം ഭരിക്കുന്ന ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കർണാടക, കേരളം, പഞ്ചാബ്, ഡൽഹി, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്കും അദ്ദേഹം കത്തെഴുതിയിട്ടുണ്ട്. യുജിസി കരട് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. ബംഗാളിൽ കരട് ചട്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് എട്ടംഗ വിദഗ്ധ സമിതി രൂപീകരിച്ചു.
കരട് നിയമത്തില്‍ ജനാധിപത്യ വിരുദ്ധവും പിന്തുണയ്ക്കാൻ പ്രയാസകരവുമായ നിരവധി കാര്യങ്ങളുണ്ട്. പൊതുഭരണം, പൊതുനയം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള വിദഗ്ധരെയും പ്രൊഫഷണലുകളെയും നേരിട്ട് വൈസ് ചാൻസലറായി നിയമിക്കാൻ പുതിയ കരട് മാർഗനിർദേശങ്ങളും ശുപാർശകളിൽ ഉൾക്കൊള്ളുന്നു. പ്രൊഫസറായി കുറഞ്ഞത് 10 വർഷത്തെ പരിചയമോ അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് തസ്തികയിൽ ഉള്ളവരോ ഈ സ്ഥാനത്തിന് അർഹരാണ്. വാസ്തവത്തിൽ, മുഴുവൻ അക്കാദമിക് സംവിധാനത്തെയും കുട്ടിച്ചോറാക്കുകയാണ് യുജിസി. ഉദാഹരണത്തിന്, കുറഞ്ഞത് 55 ശതമാനം എംഇ അല്ലെങ്കിൽ എംടെക് (പിജി) നേടിയവരെ ഇനി അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാനാകും. യുജിസി-നെറ്റ് പരീക്ഷ പാസാകാതെ തന്നെ അസിസ്റ്റന്റ് പ്രൊഫസർ (എൻട്രി ലെവൽ തസ്തിക) തസ്തികയിലേക്ക് യോഗ്യത നേടാനാകും. മറ്റൊരു പ്രധാന നിർദേശം, ഒരു വിഷയത്തിൽ പിഎച്ച്ഡി നേടിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബിരുദമോ ബിരുദാനന്തര ബിരുദമോ മറ്റൊരു വിഷയത്തിലാണെങ്കിൽ പോലും തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക മേഖലയിൽ പഠിപ്പിക്കാനാകും. അധ്യയനവിഭാഗത്തിലെ സ്ഥാനക്കയറ്റ മാനദണ്ഡങ്ങളിലും യുജിസി വിചിത്ര വഴികൾ തേടിയിട്ടുണ്ട്. അക്കാദമിക് പെർഫോമിങ് ഇൻഡിക്കേറ്റേഴ്സ് (എപിഐ) സംവിധാനം ഇല്ലാതാക്കാനും നിർദേശിച്ചിട്ടുണ്ട്. പകരം ഗവേഷണ പ്രസിദ്ധീകരണങ്ങൾ, നൂതന അധ്യാപനരീതികൾ, ഡിജിറ്റൽ ഉള്ളടക്ക സൃഷ്ടി, ഗവേഷണ ധനസഹായം തുടങ്ങിയവയാകും മാനദണ്ഡം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.