29 March 2024, Friday

സ്വപ്നസാക്ഷാത്ക്കാരം

Janayugom Webdesk
September 24, 2022 5:00 am

റുപുഞ്ചിരിയിലൂടെ നൈര്‍മല്യവും വാക്കുകളിലൂടെ കാര്‍ക്കശ്യവും കാണിച്ചിരുന്ന കമ്മ്യൂണിസ്റ്റുകാരനാണ് സഖാവ് സി കെ ചന്ദ്രപ്പന്‍. സൗമ്യനെന്നും മിതഭാഷിയെന്നുമെല്ലാം പറയുമ്പോഴും ആരുടെയും മുഖത്തുനോക്കി നിലപാട് തുറന്നുപറഞ്ഞ ധീരന്‍. ചുറ്റും കാണുന്നതെല്ലാം അനുസരിക്കുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ വഴിയെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്ന, സാധാരണക്കാരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും മനസിലാക്കി അവ പരിഹരിക്കാനുള്ള പ്രക്ഷോഭങ്ങള്‍ നയിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവ്. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷണങ്ങളേറെയുള്ള സികെ എന്ന രാഷ്ട്രീയ നേതാവിന് സ്വന്തം സഖാക്കള്‍ പടുത്തുയര്‍ത്തിയ സ്മാരകം ഉദ്ഘാടനം ചെയ്തിരിക്കുന്നു. കൊട്ടാരക്കരയില്‍ കല്ലടയാറിന്റെ തീരത്ത് കുളക്കട ഗ്രാമത്തിലാണ് ഈ സ്വപ്നസാക്ഷാത്ക്കാരം. ജന്മിത്തത്തിനെതിരെ എണ്ണമറ്റ പോരാട്ടങ്ങള്‍ നടന്ന ഇടമാണവിടം. സി കെ ചന്ദ്രപ്പന്‍ സ്മാരകം സാഫല്യമാകുന്നതോടെ കുളക്കട ഗ്രാമം മറ്റൊരു ചരിത്രംകൂടി രചിക്കുകയാണ്.


ഇതുകൂടി വായിക്കൂ: നേരിന്റെയും നന്മയുടെയും പ്രതീകം


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ നയിച്ച, ദേശീയതലത്തില്‍ നേതൃപരമായ പങ്കുവഹിച്ച സികെയുടെ സ്മരണകള്‍ക്ക് നല്‍കാവുന്ന കരണീയമായ അര്‍ച്ചനയാണ് കുളക്കടവിലെ ബൃഹത് സ്മാരകം. മലയാളമണ്ണിലെ ഓരോ പാര്‍ട്ടി കുടുംബവും അഭ്യുദയകാംക്ഷികളും പങ്കാളികളായാണ് ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്. കൊല്ലം നഗരത്തില്‍ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെയും (രണ്ട് ലക്ഷം) ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെയും നടത്തിപ്പില്‍ മിച്ചംവന്ന (20 ലക്ഷം) തുകയാണ് കുളക്കടയില്‍ ഭൂമിവാങ്ങാനായി വിനിയോഗിച്ചത്. പാര്‍ട്ടി അംഗങ്ങളും പൊതുജനങ്ങളും തങ്ങള്‍ക്ക് കഴിയാവുന്ന സംഭാവനകള്‍ സികെ സ്മാരക നിര്‍മ്മാണത്തിനായി സമര്‍പ്പിച്ചു. വീടുകളില്‍ ഹുണ്ടികവച്ച് കഴിയാവുന്നത്ര തുക അവര്‍ നല്‍കി. മനോഹരമായ കെട്ടിടമാണ് ആര്‍ക്കിടെക്റ്റ് സുരേഷിന്റെ നേതൃത്വത്തില്‍ രൂപകല്പന ചെയ്തത്. വിരമിച്ച പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി ഗോപിനാഥന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചെയര്‍മാനായ കമ്മിറ്റിയുടെയും മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം. പ്രളയവും കോവിഡും തളര്‍ത്തിയ സാമൂഹിക പശ്ചാത്തലത്തില്‍ ഒട്ടേറെ ക്ലേശതകളനുഭവിച്ചാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഈ ദൗത്യം ഏറ്റെടുത്തത്. രണ്ട് പ്രതിസന്ധികാലത്തും രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തം എന്ന നിലയില്‍ ഒട്ടേറെ കാരുണ്യപ്രവര്‍ത്തനങ്ങളും സേവനങ്ങളും ഏറ്റെടുത്തിരുന്നുവെന്നതും വസ്തുതയാണ്. എല്ലാ പരാധീനതകളും നിലനില്‍ക്കുമ്പോഴും സഖാവിന്റെ സ്മാരകം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യം പാര്‍ട്ടി സംസ്ഥാന കൗണ്‍സിലും കൊല്ലം ജില്ലാ കൗണ്‍സിലും പരാതികള്‍ക്കിടയില്ലാതെ തന്നെ നിര്‍വഹിച്ചു.


ഇതുകൂടി വായിക്കൂ: സി കെ ചന്ദ്രപ്പന്‍ ഓര്‍മ്മയായിട്ട് 10 വര്‍ഷം | C K Chandrappan | Kanam Rajendran


2016 മാര്‍ച്ച് 22നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന എസ് സുധാകര്‍ റെഡ്ഡി കെട്ടിടത്തിന് ശിലയിട്ടത്. 2019 ഡിസംബര്‍ 19ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു. തീര്‍ത്തും പ്രകൃതി സൗഹൃദമായാണ് കെട്ടിടവും അനുബന്ധ നിര്‍മ്മാണവും. കല്ലടയാറിന്റെ തീരം എത്രത്തോളം മനോഹരിയാണോ അതത്രയും ചോരാതെയാണ് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വപ്നസൗധം തീര്‍ത്തിരിക്കുന്നത്. രണ്ടര ഏക്കര്‍ ഭൂമിയിലാണ് സികെ സ്മാരകം നിലകൊള്ളുന്നത്. 17,000 ചതുരശ്ര അടി വിസ്തൃതിയില്‍ ശില്പചാതുരിയോടെയുള്ള നാലുനില കെട്ടിടവും 17 മീറ്ററില്‍ നടുമുറ്റവും താഴത്തുകുളക്കടയിലെ പ്രധാന റോഡിലേക്കായി നൂറുമീറ്റര്‍ ദൂരത്തില്‍ രണ്ടുവരിയില്‍ രണ്ടുമീറ്റര്‍ മീഡിയനോടെയുള്ള പാതയും ഗ്രാമത്തിന്റെ വിശുദ്ധിയോടിണങ്ങി നില്‍ക്കും വിധമാണ് പൂര്‍ത്തിയായത്. അപൂര്‍വയിനം ചെടികളോടെ പൂങ്കാവനവും ഔഷധസസ്യങ്ങളുടെയും ഫലവൃക്ഷത്തൈകളുടെയും നഴ്സറിയും അലങ്കാരമാകുന്നു.
ഒരേസമയം ഇരുന്നൂറ് പേര്‍ക്ക് താമസിച്ച് പഠന ഗവേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കുമുള്ള സൗകര്യമാണ് കെട്ടിടത്തിനകത്തെ പ്രധാന ആകർഷണം. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈബ്രറിയും കോണ്‍ഫറന്‍സ് ഹാളും മിനി കോണ്‍ഫറന്‍സ് ഹാളും ജനസേവാദള്‍ അംഗങ്ങള്‍ക്ക് ദുരന്തനിവാരണത്തിലും മറ്റു സേവന പ്രവര്‍ത്തനങ്ങളിലും വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍, അഞ്ഞൂറ് പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, രണ്ട് ഫ്ലാറ്റുകള്‍, മുന്നൂറ് പേര്‍ക്ക് വിശ്രമിക്കാവുന്ന ഡോര്‍മെറ്ററി, ഇരുന്നൂറ് പേര്‍ക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഡൈനിങ് ഹാള്‍ തുടങ്ങി കെട്ടിടത്തിലെ സൗകര്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയാണ് ഒരുക്കിയത്. പാര്‍ട്ടി സ്കൂളുകളും വളണ്ടിയര്‍ പരിശീലന പരിപാടികളുമെല്ലാം സംഘടിപ്പിക്കാവുന്ന വിധം സികെ സ്മാരകം രാഷ്ട്രീയ കേരളത്തില്‍ തലയെടുപ്പോടെ നിലകൊള്ളുമെന്നതില്‍ സംശയമില്ല. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന് താങ്ങുംതണലുമായ പാര്‍ട്ടി സഖാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.