മാലിന്യ സംസ്കരണത്തിന് ഒരു പെൺ ടച്ച്

ഒ പ്രതീഷ്
Posted on January 22, 2020, 6:05 am

ഒരു കാലത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ ‘തെരുവുനായ് വളർത്തൽ’ കേന്ദ്രമായിരുന്ന മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിലൂടെ ഇന്ന് മൂക്കത്ത് വിരൽ വെച്ചാണ് ജനങ്ങൾ നടക്കുന്നത്. കുടുംബശ്രീ സിഡിഎസിന്റെ 39 ഹരിത കർമ്മ സേനയിലെ സ്ത്രീ കൂട്ടായ്മയുടെ വിജയം നാടിനും ഭരണകൂടത്തിനും വലിയ പ്രതീക്ഷ നൽകുന്നു. ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് ചെമ്മട്ടം വയൽ മാലിന്യ സംസ്കരണ കേന്ദ്രം. അഞ്ച് വർഷം മുമ്പ് ജനകീയ സമരത്തെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് അടച്ചു പൂട്ടുകയുണ്ടായി. തെരുവുനായ്ക്കളെയും ദുർഗന്ധത്തെയും പകർച്ച വ്യാധിയെയും തുടർന്ന് ജനകീയ ഇടപെടലിന് പിന്നാലെയാണ് അന്നത്തെ ഭരണനേതൃത്വം സംസ്കരണ കേന്ദ്രം അടച്ചു പൂട്ടിയത്.

മാലിന്യത്തിൽ നിന്ന് അലങ്കാര വസ്തുക്കൾ, ചാക്കുകൾ, ചവിട്ടികൾ എന്നിവ നിർമ്മിച്ച് കുടുംബശ്രീ ഹരിതസേന മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ മുഖഛായ തന്നെ മാറ്റി. ഇച്ഛാശക്തിയും കാര്യശേഷിയുമുള്ള ഇടതുപക്ഷ ഭരണത്തിനും ഊർജ്ജസ്വലനായ നഗര പിതാവിനും ജനകീയനായ കാഞ്ഞങ്ങാട്ട് മന്ത്രിയ്ക്കും ഇതിൽ അഭിമാനിക്കാം. ഇതാണ് യഥാർഥ വികസനം. കുടുംബശ്രീയുടെ ഹരിത കർമ്മ സേന ഒത്തുചേർന്ന് ‘നോ വേസ്റ്റ് നോ കോസ്റ്റ് ‘എന്ന പദ്ധതി അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കി. ജനങ്ങൾ അരികിൽ കൂടി പോകാൻ പോലും മടിച്ച ഇവിടെ ഇന്ന് 40 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അത്യാധുനിക രീതിയിലുള്ള ഓഫീസും, ജോലി സ്ഥലവും ഇന്ന് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനകത്ത് പ്രവർത്തിച്ചു വരുന്നു. മാലിന്യത്തെ കൃത്യമായ ആസൂത്രണത്തോടെ ശേഖരിച്ചാൽ വലിയ വിപണന സാധ്യതയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെട്ട് കഴിഞ്ഞു.

മഴക്കാലത്ത് ചെമ്മട്ടം വയലിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യം നഗരസഭയ്ക്കും ആരോഗ്യ വിഭാഗത്തിനും ഒരു കാലത്ത് തീരാ തലവേദനയായിരുന്നു. എന്നാൽ ഇന്ന് ഇതിലെ വരുമാനം കൊണ്ട് അമ്പതോളം കുടുംബങ്ങൾ പുലരുന്നു. ഇതിലെ മാലിന്യം ശാസ്ത്രീയമായ വിപണന മൂല്യം കൂടി പരിഗണിച്ച് ഉപയോഗിച്ചപ്പോൾ മഴക്കാല പകർച്ച വ്യാധികൾ 60 ശതമാനവും കുറഞ്ഞതായാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. സീമ കെ, പ്രസന്ന, ലക്ഷ്മി എം, ജയശ്രീ പി തുടങ്ങിയ ഹരിത കർമ്മ സേനയിലെ വനിതകളുടെ പ്രധാന വരുമാന മാർഗം കൂടിയാണിത്.

ഒരു ദിവസം ഇവർക്ക് 320 രൂപ ലഭിക്കുന്നു. മികവുറ്റ കൈയ്യുറകളും സാങ്കേതികമായ പരിശീലനങ്ങളും ഇവർക്ക് നൽകിയതിന് ശേഷമാണ് ജോലി ചെയ്യാൻ തുടങ്ങിയതെന്നും വീട് പുലർത്താൻ ഇന്ന് ആരുടെ മുമ്പിലും കൈ നീട്ടേണ്ട ഗതികേടില്ലെന്നും ഇവർ പറയുന്നു. കരാർ അടിസ്ഥാനത്തിൽ നിയമിച്ച മൂന്ന് കോഡിനേറ്റർമാർക്കും പതിനായിരം രൂപയിൽ കൂടുതൽ മാസവരുമാനം ലഭിക്കുന്നു. ഉല്പന്നങ്ങൾക്കെല്ലാം നല്ല ആവശ്യക്കാരുണ്ടെന്നും നഗരസഭയുടെ അകമഴിഞ്ഞ സഹായവും ഈ ദൗത്യത്തിന് പിന്നിലുണ്ടെന്നും കോഡിനേറ്റർമാരായ സാഹിൽ ബി എം, അഞ്ജിത പി, വിനീഷ് വി എന്നിവർ പറയുന്നു. പ്രവർത്തനം ഇങ്ങനെ ആഴ്ചയിൽ ഒരിക്കൽ കുടുംബശ്രീ സിഡിഎസ് പ്രവർത്തകർ നഗരസഭാ പരിധിയിലെ വീടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നു. പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, കുപ്പിച്ചില്ല്, ചെരുപ്പ് തുടങ്ങിയവ തരം തിരിച്ചാണ് ഇവർ ശേഖരിക്കുന്നത്. തുടർന്ന് ട്രഞ്ചിംഗ് ഗ്രൗണ്ടിലെത്തിച്ച് ശാസ്ത്രീയമായി കഴുകി ഉണക്കുന്നു. പ്ലാസ്റ്റിക് കുപ്പികളും, കുപ്പി ചില്ലുകളും കഴുകി ഉണക്കി കയറ്റി അയക്കുന്നു. പഴയ സാരികൾ കൊണ്ട് നിർമ്മിക്കുന്ന ചാക്കുകളിലാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കയറ്റി അയക്കുന്നത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന തുണിത്തരങ്ങൾ കൊണ്ട് മനോഹരങ്ങളായ ചവിട്ടികള്‍ നിർമ്മിക്കുന്നു. വീടുകളിലെ ഭക്ഷണ പദാർഥങ്ങൾ ഒഴികെ എന്തും ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ സ്വീകരിക്കപ്പെടും. ഒരു വീട്ടിൽ നിന്ന് ഇതിനായി ഇവർ ഈടാക്കുന്നത് അമ്പത് രൂപയാണ്.