7 December 2024, Saturday
KSFE Galaxy Chits Banner 2

മാനവികതയുടെ പോരാളിയും പാട്ടുകാരനും

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
October 26, 2024 4:30 am

ലയാളിയെ മാനവാഭിമാനമുള്ളവരാക്കുന്നതിനായി സർഗസംഗീത സപര്യ ചെയ്ത അക്ഷര ഗന്ധർവനാണ് മഹാകവി വയലാർ രാമവർമ്മ. നമ്പൂരിയെ മനുഷ്യനാക്കാൻ നടന്ന പ്രവർത്തനത്തെ ‘ഉണ്ണിനമ്പൂരി’ എന്ന നവോത്ഥാന പ്രസ്ഥാനമായാണ് നാം അടയാളപ്പെടുത്തിയത്. ഈ രീതിയിൽ വയലാറെന്ന മഹാകവിയെ അടയാളപ്പെടുത്താൻ നോക്കിയാൽ മലയാളത്തിലെ ഏറ്റവും വലിയ ജനകീയ നവോത്ഥാന കവി എന്നു പറയേണ്ടി വരും. എന്തുകൊണ്ടെന്നാൽ ജാതിമത ഭേദമന്യേ മുഴുവൻ മലയാളികളെയും മാനവാഭിമാനമുള്ളവരാക്കുന്ന വിവേക വൈഖരീ കലയാണ് വയലാറിന്റെ ഗാനകാവ്യങ്ങൾ.
വയലാറിന്റെ ചലച്ചിത്ര ഗാനങ്ങളോടു കിടപിടിക്കാവുന്ന ഗാനങ്ങൾ എഴുതണമെന്ന സർഗാത്മകമായ ഒരു മാത്സര്യ വീര്യം ബോധോപബോധങ്ങളിൽ പ്രവർത്തിച്ചിരുന്നതിനാലാണ് ഒഎൻവി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, തുടങ്ങി ഗിരീഷ് പുത്തഞ്ചേരി വരെ ഉൾപ്പെടുന്ന മലയാള സിനിമാഗാന രചയിതാക്കളുടെ രചനകളിൽ സർഗാത്മകതയുടെ സുന്ദരസഫല നർത്തനങ്ങൾ സംഭവിച്ചത്. വയലാർ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ചലച്ചിത്രഗാന ശാഖയ്ക്ക് ഇത്രമേൽ കവിത്വത്തിന്റെ തേജസും ഓജസും ഉണ്ടാകുമായിരുന്നില്ല.
മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ ചങ്ങമ്പുഴയെ അനുകരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവർ ഒട്ടേറെയുണ്ട്; വിജയിച്ചവർ ഒന്നോ രണ്ടോ. എന്നാൽ മലയാള ചലച്ചിത്രഗാന സാഹിത്യ ചരിത്രത്തിൽ വയലാറിനെ അനുകരിച്ചെഴുതാൻ ശ്രമിച്ചതിനാൽ മാത്രം നല്ല ഗാനരചയിതാക്കളായി മാറിയവരാണ് മിക്കവരും. ഇതിൽ നിന്നു വ്യത്യസ്തമെന്നു പറയാവുന്ന ഒരു പാട്ടുസാഹിത്യം മലയാള സിനിമക്കുണ്ടോ എന്നു പരീക്ഷിച്ചറിയാനുള്ള സാധ്യത തെല്ലെങ്കിലും അവശേഷിപ്പിക്കുന്നത് പി ഭാസ്കരൻ മാഷുടെ രചനാലോകമാണ്. 

മതിലുകളെ മറിക്കടക്കാനുള്ള കഴിവ് സംഗീതത്തിനുണ്ട്. മത, ജാതി, ലിംഗ, കാല, ദേശ ഭേദങ്ങളുടെ മതിലുകൾക്കപ്പുറം കടന്നു മനുഷ്യന്റെ മനസിൽ ഒരു മൂളിപ്പാട്ടെങ്കിലുമായി പ്രവേശിക്കാനുളള സംഗീതത്തിന്റെ സൂക്ഷ്മതരംഗ സിദ്ധിയാണ് വയലാറിനെയും ഏറ്റവും വലിയ ജനകീയ കവിയാക്കിയത്. വയലാർ ഏന്ന ദേശനാമം പുതുതലമുറ ഓർമ്മിക്കുന്നത് പുന്നപ്ര‑വയലാർ പോരാട്ടങ്ങളുടെ പേരിലാണോ വയലാർ എന്ന കവിയുടെ പേനത്തുമ്പിലൂടെ ഒഴുകിവന്ന പാട്ടൂകളുടെ പേരിലാണോ എന്ന ചോദ്യത്തിന് മറുപടി പറയുക തെല്ലും എളുപ്പമാകില്ല.
വയലാറിന്റെ പാട്ട് ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരിലും പ്രവേശിച്ചിട്ടുണ്ടെങ്കിലും ആ പാട്ടുകളുടെ അർത്ഥം എല്ലാവരിലും പ്രവർത്തിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്ന മറുപടി തന്നെ പറയേണ്ടി വരും. വയലാർ പ്രസരിപ്പിച്ച മാനവികതയുടെ സാർത്ഥകാഭിമാനങ്ങൾ ആ പാട്ടുകള്‍ രാപ്പകൽ മൂളിനടക്കുന്നവരിലും പ്രവർത്തനക്ഷമം അല്ലാത്തതിനാലാണ് മിക്കവരും ജാതിമത വംശാഭിമാനങ്ങളാൽ ആക്രോശിച്ചുറഞ്ഞു തുള്ളുന്നത്. തന്റെ ശബ്ദ ശരീരം ചുമക്കുന്നവരിൽ അതിന്റെ അകക്കാമ്പായ അർത്ഥത്തിന്റെ രുചിയറിഞ്ഞവരുണ്ടോ എന്നന്വേഷിച്ചു കൊണ്ട് എവിടെയും എപ്പോഴും ആരിലൂടെയും കടന്നുപോവുകയാണ് വയലാറിന്റെ പാട്ടുകളും കവിതകളും.
‘ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല/ ഇന്ദ്രനും ചന്ദ്രനുമല്ല’ എന്നു തുടങ്ങുന്ന പാട്ടു പാടുന്നവരും അതു കേൾക്കുന്നവരും അർത്ഥം ചിന്തിച്ചിരുന്നെങ്കിൽ ദൈവത്തെ മത തടങ്കലുകളിൽ നിന്നു മോചിപ്പിക്കാനുള്ള പോരാട്ടം ദൈവഭക്തരെല്ലാം മനുഷ്യരെന്ന ഒരുമയോടെ ഒരുമിച്ചു നടത്തിയേനെ. വയലാറിന്റെ പാട്ടു പാടുമ്പോഴും മതത്തിൽ നിന്നു ദൈവത്തെ മോചിപ്പിക്കാൻ പോരാടുന്ന ഭക്തരായ മനുഷ്യരായി മലയാളികൾക്കു മാറാനാകാതെ വരുന്നത് പാട്ടിന്റെ അർത്ഥ ചിന്തന നടക്കാത്തതുകൊണ്ടാണ്. 

അർത്ഥമറിയാതെ വേദമന്ത്രങ്ങൾ മനഃപാഠമാക്കി മന്ത്രിക്കുന്നവരെ കുങ്കുമം ചുമക്കുന്ന കഴുതയോടുപമിച്ച വേദാർത്ഥചിന്തകനായ യാസ്ക മഹർഷി ഇവിടെ ഉണ്ടായിട്ടുണ്ട്. മാനവികതയുടെ മഹാബീജ മന്ത്രാക്ഷരികളായ വയലാറിന്റെ പാട്ടുകൾ ഹൃദിസ്ഥമാക്കി പാടുന്നവരും കേൾക്കുന്നവരും ആ പാട്ടുകളുടെ അർത്ഥം കൂടി ഗ്രഹിച്ചു പ്രസരിപ്പിച്ചില്ലെങ്കിൽ ഇവിടെ വർഗീയത മാനവികതയ്ക്കു പട്ടട തീർക്കാൻ വയലാറിന്റെ പാട്ടുകളും ഉപയോഗിക്കുന്ന നിലയുണ്ടാകും. ‘കൊടുങ്ങല്ലൂരമ്മേ, കൊടുങ്ങല്ലൂരമ്മേ’ എന്ന പാട്ടും ‘ഏഴര പൊന്നാന പുറത്തെഴുന്നെള്ളും ഏറ്റുമാനൂരപ്പാ’ എന്ന പാട്ടും ‘കണ്ണാ ആലിലക്കണ്ണാ’ എന്ന പാട്ടും ‘ശബരിമലയിൽ തങ്ക സൂര്യോദയം’ എന്ന പാട്ടും ‘ദേവീ കന്യാകുമാരീ’ എന്ന പാട്ടുമൊക്കെ എഴുതിയ വയലാറിനെ ഹിന്ദു ഭക്തകവിയാക്കാനുള്ള നീക്കങ്ങൾ ഹിന്ദു രാഷ്ട്രവാദികളുടെ പ്രസിദ്ധീകരണങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ യുക്തിയിൽ ചിന്തിച്ചാൽ അരനാഴികനേരം എന്ന ചലച്ചിത്രത്തിനുവേണ്ടി ‘ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു’ എന്ന പാട്ടെഴുതിയ വയലാറിനെ ക്രൈസ്തവ ഭക്തിഗാന രചയിതാവും ആക്കാമല്ലോ.
മാനവികതയെ സ്വാധീനിച്ച വിവിധ ചരിത്ര പ്രതിഭാസങ്ങൾ എന്ന നിലയിലാണ് വേദോപനിഷത്തുക്കളെയും ഇതിഹാസ പുരാണങ്ങളെയും ബൈബിളിനെയും ഖുർആനെയും കാളിദാസനെയും ഷേക്‌സ്പിയറെയും അമ്പലങ്ങളെയും പള്ളികളെയും മസ്ജിദുകളെയും ഗാന്ധിജിയെയും മാർക്സിനെയും നാരായണഗുരുവിനെയും ഒക്കെ വയലാർ കണ്ടിരുന്നതും സ്വാംശീകരിച്ചിരുന്നതും. മനുഷ്യത്വമെന്നതാണ് മതപരവും മതേതരവുമായ സകല പ്രവർത്തനങ്ങളുടേയും പരമമായ അടിത്തറ എന്ന അവബോധത്തിലൂന്നി, മനുഷ്യജീവിതത്തെ വൈകാരികവും വൈചാരികവുമായി സ്വാധീനിച്ച എല്ലാറ്റിനെയും പറ്റി മലയാള ഭാഷയിൽ ഇമ്പമാർന്ന ശൈലിയിൽ എഴുതിപ്പോവുകയാണ് വയലാർ ചെയ്തത്.
കൊടുങ്ങല്ലൂരമ്മയെപ്പറ്റിയും മറ്റും വയലാർ എഴുതിയത് മലയാളക്കരയിലെ മനുഷ്യരെ സ്വാധീനിച്ച ഒരു മഹാമൂർത്തി ചൈതന്യത്തിന്റെ മിത്താണ് കൊടുങ്ങല്ലൂരമ്മ എന്നതിനാലാണ്; അല്ലാതെ ഹിന്ദു ദൈവമാണെന്നതിനാലല്ല. മനുഷ്യരല്ലാത്തവർക്ക് ഹിന്ദുക്കളോ മുസ്ലിങ്ങളോ ക്രൈസ്തവരോ ആകാനാവില്ല എന്ന തിരിച്ചറിവ് വയലാറിനു വേണ്ടുവോളം ഉണ്ടായിരുന്നു. മനുഷ്യത്വവും മനുഷ്യപുത്രനു തലചായ്ക്കാൻ ഇടമില്ലാത്ത നിലയുള്ള ഭൂമിയും വയലാറിലെ കാരുണികനായ കവിയെ വേദനിപ്പിച്ചിരുന്നു; ഒപ്പം പോരാട്ടത്തിന്റെ ക്ഷാത്രവീര്യത്തെ വിപ്ലവത്തിന്റെ പൊതുവീഥിയിലേക്ക് എടുത്തു ചാടിക്കുകയും ചെയ്യിച്ചു. ഉദ്യോഗപർവം എന്ന നാടകത്തിനെഴുതിയ ഗാനത്തിൽ ഇതു കാണാം. 

(‘മനുഷ്യൻ! ഹാ! മനുഷ്യൻ!
മാക്സിംഗോർഖിയുടെ മനോജ്ഞ ശൈലിയിൽ മനുഷ്യനുജ്വല പ്രതിഭാസം മഹാത്മാഗാന്ധിയുടെ മാതൃഭൂമിയിൽ മനുഷ്യനിന്നുമൊരപശബ്ദം’) എന്നാണ് വയലാർ എഴുതുന്നത് (സമ്പൂർണ കൃതികൾ: പേജ് 1011; 2007; ഡിസിബുക്സ്). മഹാത്മാഗാന്ധിയുടെ ഇന്ത്യയിൽ മനുഷ്യൻ എന്നത് അപശബ്ദമായത് മതരാഷ്ട്രവാദികളുടെ മതസ്വത്വവാദം കൊണ്ടും ജാതീയതയുടെ ഉചനീചത്വം കൊണ്ടും അതിനെ പിൻപറ്റിയുണ്ടായ ജാതിസ്വത്വവാദ രാഷ്ട്രീയം കൊണ്ടുമാണ്.
ജാതിയും മതവും ഓർമ്മിക്കാനും ഓർമ്മിപ്പിക്കാനുമുള്ള ആവേശം, നാം മനുഷ്യരാണെന്ന് ഓർമ്മിക്കാനും ഓർമ്മിപ്പിക്കാനും ഇല്ലാത്തവരുടെ ഇന്ത്യയാണ് ഇന്നത്തെ ഇന്ത്യ എന്നതിനാലാണ് വയലാർ ‘മഹാത്മാഗാന്ധിയുടെ മാതൃഭൂമിയിൽ മനുഷ്യനിന്നുമൊരപശബ്ദം’ എന്നെഴുതിയത്. മറ്റെന്തിലുമുപരി നാം മനുഷ്യരാണെന്ന് ഓർമ്മയുളള മലയാളികളായി നമുക്ക് നമ്മളിൽ പുനർജനിക്കാൻ വയലാറിനെ നാം അർത്ഥചിന്തന ചെയ്തു പാടിക്കൊണ്ടാടിയുൾക്കൊള്ളണം. വയലാർ മാനവികതയുടെ പോരാളിയും പാട്ടുകാരനുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.