യുവഡോക്ടറെ കൊലപ്പെടുത്തിയ സുഹൃത്ത് ആത്മഹത്യാ ശ്രമത്തിനിടെ പിടിയില്‍

Web Desk
Posted on May 03, 2019, 6:23 pm

യുവഡോക്ടറെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ സുഹൃത്ത് പിടിയില്‍. ഗരിമ മിശ്ര എന്ന യുവ ഡോക്ടറെയാണ് ദില്ലിയിലെ വസതിയില്‍ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലയ്ക്കുപയോഗിച്ച കത്തിയും സമീപത്ത് ഉണ്ടായിരുന്നു. സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പ്രതി പിടിയിലായത്.

ഇവരുടെ അയല്‍വാസിയും ഡോക്ടറും കൂടിയായ ചന്ദ്രപ്രകാശ് വര്‍മ്മ എന്ന ഡോക്ടറാണ് പിടിയിലായത്. ഗിരിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ചന്ദ്ര പ്രകാശ് വര്‍മ്മയെയും കാണാതായിരുന്നു. അന്നേ ദിവസം ഇയാള്‍ ബാഗുമായി ഫ്‌ലാറ്റില്‍ നിന്നും പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ ഉത്തരാഖണ്ഡില്‍ വെച്ച് പിടികൂടുകയായിരുന്നു. കനാലില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. സോഷ്യല്‍ മീഡയയിലെ പ്രവര്‍ത്തനങ്ങളിലൂടെയും കോള്‍ റിക്കോര്‍ഡിലൂടെയുമാണ് പൊലീസ് ഇയാളിലേക്ക് എത്തിയത്. ഗിരിമയെ താന്‍ പ്രണയിച്ചിരുന്നതായും എന്നാല്‍ ഗിരിമ തന്നെ സുഹൃത്തായി മാത്രം കരുതിയെന്നും ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട ഗിരിമ എംബിബിഎസിനു ശേഷം പിജി ചെയ്യുകയായിരുന്നു.