November 25, 2023 Saturday

Related news

November 25, 2023
November 24, 2023
November 24, 2023
November 24, 2023
November 22, 2023
November 22, 2023
November 22, 2023
November 22, 2023
November 21, 2023
November 21, 2023

കോണ്‍ഗ്രസില്‍ ഒരു തലമുറ പുറത്തേക്ക്: അവസരം ലഭിക്കാതെ യുവനേതാക്കളും വഴിപിരിയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2022 9:47 pm

ജി23 നേതാക്കള്‍ ഓരോരുത്തരായി കളമൊഴിയുന്നതോടെ കോണ്‍ഗ്രസില്‍ ഒരു തലമുറ തന്നെ ഇല്ലാതാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമീപ വര്‍ഷങ്ങളില്‍ കാഴ്ചവയ്ക്കുന്ന മോശം പ്രകടനങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാക്കളടക്കം കൂട്ടത്തോടെ രാജി വയ്ക്കുന്നത് കോണ്‍​ഗ്രസിനെ വീണ്ടും പടുകുഴിയിലേക്ക് തള്ളിവിടുന്നു.
ഒരുവര്‍ഷത്തിനിടെ തലയെടുപ്പുള്ള നിരവധി നേതാക്കള്‍ കോണ്‍ഗ്രസുമായി വഴിപിരിഞ്ഞു. കപിൽ സിബല്‍, ആർപിഎൻ സിങ്, മുൻ കേന്ദ്രമന്ത്രി അശ്വിനി കുമാർ, ഹാർദിക് പട്ടേൽ, അമരിന്ദർ സിങ്, സുനിൽ ജാക്കർ തുടങ്ങിയവരെല്ലാം വിവിധ കാരണങ്ങളാല്‍ പാര്‍ട്ടിക്ക് പുറത്തെത്തി. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സി എം ഇബ്രാഹിം കോൺഗ്രസിൽ നിന്ന് രാജി വച്ചത് ഇക്കഴിഞ്ഞ മാർച്ചിലാണ്. മുതിർന്ന നേതാക്കളെല്ലാം ഓരോരുത്തരായി പാർട്ടി വിടുമ്പോഴും ഒരു സ്ഥിരം പ്രസിഡന്റിനെ പോലും കണ്ടെത്താൻ കഴിയാത്ത ഗതികേടിലാണ് കോൺഗ്രസ് നേതൃത്വം. ഈ മാസം 21 ന് ആരംഭിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് അനിശ്ചിതമായി വീണ്ടും നീളുകയാണ്.
ജി-23 നേതാക്കളുടെ കൂട്ടായ്മയില്‍ അംഗമായ ആനന്ദ് ശര്‍മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഒരു സംസ്ഥാനത്തിന്റെ മാത്രം ചുമതലക്കാരനായി ഒതുക്കുന്നതിലെ നീരസം കൂടിയായിരുന്നു ശര്‍മ പ്രകടിപ്പിച്ചത്. ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നുവെന്നും പ്രശ്നങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ചര്‍ച്ചകളും നടപടികളുമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ലെന്നും ആനന്ദ് ശര്‍മ ഗുലാം നബിയുടെ രാജിയോട് പ്രതികരിച്ചു. പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്ന സൂചനകളും അദ്ദേഹം നല്‍കുന്നുണ്ട്.
യുവനേതാക്കളാകട്ടെ മികച്ച അവസരങ്ങളും സ്ഥാനങ്ങളും തേടി പാര്‍ട്ടിക്ക് പുറത്തെത്തി. കോണ്‍​ഗ്രസില്‍ നിന്നും പുറത്തു പോയവരില്‍ ചിലര്‍ ചേക്കേറിയ പാര്‍ട്ടികളില്‍ മന്ത്രിമാരായോ എംപിമാരായോ പ്രവര്‍ത്തിക്കുന്നുമുണ്ട്. മുപ്പതുകാരനായ ജയ്‌വീര്‍ ഷെര്‍ഗില്‍ ആണ് കോണ്‍​ഗ്രസ് വിട്ട യുവ നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാള്‍.
ജ്യോതിരാദിത്യ സിന്ധ്യ, ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിലെ ബ്രാഹ്മണ മുഖമായിരുന്നു ജിതിന്‍ പ്രസാദ, സംവരണ പ്രക്ഷോഭത്തിലൂടെ ഉയര്‍ന്നുവന്ന ഹാര്‍ദിക് പട്ടേല്‍, കോണ്‍ഗ്രസിന്റെ വനിതാ വിഭാഗം ദേശീയ അധ്യക്ഷയായിരുന്ന സുസ്മിത ദേവ് തുടങ്ങിയവരെല്ലാം അടുത്തകാലത്ത് പാര്‍ട്ടി വിട്ടുപോയവരാണ്. 

Eng­lish Sum­ma­ry: A gen­er­a­tion out in Con­gress: Young lead­ers also part ways with­out get­ting a chance

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.