16 November 2025, Sunday

ബാങ്കോക്കിൽ നടുറോഡിൽ ഭീമാകാരമായ ഗർത്തം; ഭൂഗർഭ റെയിൽവെ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ അപകടകാരണം, ആളപായമില്ല

Janayugom Webdesk
ബാങ്കോക്ക്
September 25, 2025 11:41 am

ബാങ്കോക്കിൽ തിരക്കേറിയ റോഡ് പൊടുന്നനെ ഇടിഞ്ഞുതാഴ്ന്ന് ഭീമാകാരമായ ഗര്‍ത്തം രൂപപ്പെട്ടു. ഡുസിറ്റ് ജില്ലയിലെ സാംസെൻ റോഡാണ് ഇടിഞ്ഞത്. 50 മീറ്റര്‍ ആഴമുള്ള കൂറ്റൻ സിങ്ക് ഹോൾ രൂപപ്പെട്ടത് മൂലം വജിറ ആശുപത്രിക്ക് സമീപമുള്ള പ്രദേശത്തെ ഗതാഗതം തടസ്സപ്പെടുത്തുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മൂന്ന് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ബാങ്കോക്ക് ഗവർണർ ചാഡ്ചാർട്ട് സിറ്റിപണ്ട് അറിയിച്ചു. ഭൂഗർഭ റെയിൽവെ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് റോഡ് തകര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരവധി വൈദ്യുതി തൂണുകൾ ഇടിഞ്ഞുവീഴുകയും ജലവിതരണ പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രണ്ട് ദിവസത്തേക്ക് ഔട്ട്പേഷ്യന്‍റ് സേവനങ്ങൾ അടച്ചിടുമെന്ന് സമീപത്തുള്ള ഒരു ആശുപത്രി അറിയിച്ചു. ആശുപത്രി കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബാങ്കോക്ക് നഗര അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.