തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉയർത്തിയ പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്. അവ വോട്ടർമാരെ ഏതു വിധത്തിൽ സ്വാധീനിക്കും?
അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്നതിൽ ഒരർത്ഥവുമില്ലെന്ന് പുതിയ കാലം നമ്മെ ഓർമ്മപ്പെടുത്തുന്നു. മുതിർന്നവരുടെ ക്ഷേമം, പുതിയ തലമുറയുടെ ഭാവി, പശ്ചാത്തല സൗകര്യവികസനം, റോഡ്-ഗതാഗത നവീകരണം, മികച്ച ആരോഗ്യപരിപാലന സംവിധാനങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലൂന്നിയാവണം വികസനമെന്ന് തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ ഒമ്പതുവർഷമായി നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ ഏതെങ്കിലുമൊരു പദ്ധതിയുടെ സദ്ഫലം അനുഭവിക്കാത്തവരായി ആരുമുണ്ടാവില്ല. അതുകൊണ്ടുതന്നെ വികസന രാഷ്ട്രീയമാണ് ഞങ്ങൾ പ്രചരണത്തിൽ ഊന്നിപ്പറഞ്ഞത്. ജനങ്ങൾ നേരിൽ കാണുന്ന കാര്യങ്ങളായതിനാൽ അവരത് ഉൾക്കൊണ്ടിട്ടുണ്ട്. തീർച്ചയായി വോട്ടർമാർ എൽഡിഎഫിനൊപ്പം നിൽക്കും.
അടിച്ചേല്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണെന്ന് വോട്ടർമാർക്കിടയിൽ സംസാരമുണ്ടല്ലോ?
അങ്ങനെയാണെങ്കിൽ പോലും എൽഡിഎഫ് ഉത്തരവാദിയല്ലെന്നും ജനത്തിന് ബോധ്യമുണ്ട്. ഞങ്ങൾ പുറത്താക്കിയിട്ടോ രാജി ആവശ്യപ്പെട്ടിട്ടോ അല്ലല്ലോ പി വി അൻവർ സീറ്റൊഴിഞ്ഞത്. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിക്കാനുള്ള സുവർണാവസരമാണ് നിലമ്പൂരിലെ വിജയത്തോടെ ലഭിക്കാൻ പോകുന്നത്.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ മുന്നണിയിൽ കൂട്ടിയത് വലിയ വിവാദമായല്ലോ?
താൽക്കാലിക നേട്ടത്തിനായി വിഘടനവാദികളുമായി കൂട്ടുകൂടുന്ന രീതി കോൺഗ്രസിന് പണ്ടേയുണ്ട്. പഞ്ചാബിൽ അകാലിദൾ കോൺഗ്രസിന് ഭീഷണിയാകുമെന്ന് കണ്ടാണ് അവർ ഒരു ഗ്രൂപ്പിനെ അടർത്തിയെടുത്ത് ഭിന്ദ്രൻവാലയെ വളർത്തിയത്. പിന്നീട് അയാളുമായി സഖ്യത്തിലുമായി. ഖാലിസ്ഥാൻ വാദം വളർന്നതും പിൽക്കാലത്ത് ഇന്ദിരാഗാന്ധിക്ക് സംഭവിച്ചതുമെല്ലാം ചരിത്രമാണല്ലോ. ഹൈന്ദവ പ്രീണനത്തിന് രാജീവ് ഗാന്ധി രാമജന്മഭൂമി തുറന്നുകൊടുത്തത് ആരും മറന്നിട്ടില്ല. ഷബാനു കേസിൽ ഇസ്ലാമിക പ്രീണനം നടത്തിയതിന്റെ പ്രായശ്ചിത്തമായിരുന്നല്ലോ അത്. ബാബറി മസ്ജിദിന്റെ തകർച്ച ഉൾപ്പെടെ എന്തെല്ലാം അനന്തരഫലങ്ങളുണ്ടായി പിന്നീട്. ബിജെപിക്ക് വളരാൻ അത് തുറുപ്പുചീട്ടായിരുന്നു. ഇങ്ങനെ തിരിച്ചടികൾ നേരിട്ടിട്ടും കോൺഗ്രസ് പാഠം പഠിക്കാൻ തയ്യാറാവാതെ വീണ്ടും വിഘടന — വർഗീയവാദമുയർത്തുന്നവരുമായി കൂട്ടുകൂടുകയാണ്. കേരളത്തിലെ നേതാക്കൾ പ്രത്യാഘാതം മനസിലാക്കിയില്ലെങ്കിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ അതും ഉണ്ടാവുന്നില്ല. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെ കോൺഗ്രസിലെ ഭൂരിഭാഗം നേതാക്കളും ലീഗ് നേതൃത്വവും ഇനിയും ഉൾക്കൊണ്ടിട്ടില്ല.
അൻവറിന്റെ സ്ഥാനാർത്ഥിത്വം ഒരു ഘടകമാണെന്ന് കരുതുന്നുണ്ടോ?
അൻവറിനെ ഇന്നത്തെ അൻവറാക്കിയത് എൽഡിഎഫ് ആണെന്ന യാഥാർത്ഥ്യം അദ്ദേഹം മറക്കുകയാണ്. എന്നാൽ ഇവിടുത്തെ വോട്ടർമാർ അതു മറക്കില്ല. മാത്രവുമല്ല, വോട്ടർമാർ വലിയ പ്രാധാന്യമൊന്നും ആ സ്ഥാനാർത്ഥിത്വത്തിന് നൽകുന്നുമില്ല. നിലമ്പൂർ ജനതയ്ക്ക് മികച്ച ഒരു നിയമസഭാ സാമാജികനെ ലഭിക്കാനുള്ള സുവർണാവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഭാവി കേരള രാഷ്ട്രീയത്തിലെ വലിയ വാഗ്ദാനമായിരിക്കും എം സ്വരാജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.