8 September 2024, Sunday
KSFE Galaxy Chits Banner 2

കർഷകരെ ചേർത്ത് പിടിക്കുന്ന സർക്കാർ

Janayugom Webdesk
October 22, 2022 5:00 am

ജനകീയ സർക്കാരെന്ന് വെറുതേ മേനി നടിക്കുകയല്ല, പ്രവർത്തനങ്ങളിലൂടെ ഉറപ്പിക്കുകയാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ. ജനതയുടെ സർവതോമന്മുഖമായ വികസനം ലക്ഷ്യമാക്കിയാണ് പദ്ധതികളോരോന്നും നടപ്പാക്കുന്നത്. കർഷകരുടെയും തൊഴിലാളികളുടെയും അരികുവല്ക്കരിക്കപ്പെട്ടവരുടെയും ഒപ്പമാണ് സർക്കാരെന്ന് ഓരോ ഇടപെടലും തെളിയിക്കുന്നു. കേരളത്തിലെ നെൽക്കർഷകരെ ആശങ്കയിലാഴ്ത്തി ഏതാനും ദിവസമായി നിലനിന്ന നെല്ല് സംഭരണത്തിലെ തടസം നീക്കിയത് ഭക്ഷ്യ‑സിവിൽ സപ്ലെെസ് മന്ത്രി ജി ആർ അനിലിന്റെ നിരന്തര ഇടപെടലാണ്. സംസ്ഥാനത്തെ മുക്കാൽ ലക്ഷത്തിലേറെ കർഷകരുടെ ആശങ്കയാണ് ഇതോടെ നീങ്ങിയത്.


ഇതുകൂടി വായിക്കൂ:  കുടുംബ ബജറ്റ് താളം തെറ്റിച്ച് അരിവിലയും കുതിക്കുന്നു


സംഭരണത്തിൽ നിന്ന് വിട്ടുനിന്ന 54 മില്ലുകൾ കൂടി ഇന്നലെ മുതൽ നെല്ല് സംഭരിക്കാൻ തുടങ്ങി. അടുത്ത ജനുവരി 31 വരെ നെല്ല് സംഭരിക്കാനാണ് റൈസ് മില്ലുടമകള്‍ സപ്ലൈകോയുമായി കരാറുണ്ടാക്കുക. പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി 15 കോടി രൂപ വിതരണം ചെയ്യുക, നെല്ലിന്റെ ഔട്ട് ടേൺ അനുപാതം 68ൽ നിന്ന് 64.5 ശതമാനമാക്കുക, കെെകാര്യ ചെലവ് തുകയുടെ ജിഎസ്‌ടി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മില്ലുടമകൾ സംഭരണത്തിൽ നിന്ന് മാറി നിന്നത്. ഔട്ട് ടേൺ അനുപാതം 68 കിലോയായി പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവിനെതിരെ നിയമ നടപടിയും കൈകാര്യ ചെലവിന്മേലുള്ള ജിഎസ്‌ടി പിൻവലിക്കാന്‍ ധനമന്ത്രി വഴി ജിഎസ്‌ടി കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ഉറപ്പു നല്കിയാണ് മന്ത്രി, മില്ലുടമകളുടെ സഹകരണം ഉറപ്പാക്കിയത്.
ഈ സീസണില്‍ സപ്ലൈകോ വഴി എട്ടു ലക്ഷം ടൺ നെല്ല് സംഭരിക്കുകയാണ് ഭക്ഷ്യവകുപ്പിന്റെ ലക്ഷ്യം. 2020–21ൽ 7.65 ലക്ഷം ടണ്ണും 2021–22ൽ 7.48 ലക്ഷം ടണ്ണുമാണ് സംഭരിച്ചത്. നെല്ലിന്റെ സംഭരണ വില കർഷകർക്ക് നേരിട്ട് വേഗത്തിൽ നൽകുന്നതിനായി ബാങ്കുകളുടെ കൺസോർഷ്യവുമായി സപ്ലെെകോ കരാർ ഒപ്പിട്ടിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയാണ് കൺസോർഷ്യം. കരാറനുസരിച്ച് 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപ സപ്ലെെകോയ്ക്ക് കൺസോർഷ്യം വായ്പ നൽകും. നേരത്തേയുണ്ടായിരുന്ന പിആർഎസ് വായ്പയിൽ കർഷകർക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പുതിയ ക്രമീകരണം. നെല്ല് സംഭരിച്ച ശേഷം കർഷകർക്ക് അക്കൗണ്ടിലേക്ക് പണം ഉടൻ നൽകുന്നതിനാണ് പിആർഎസ് വായ്പാ പദ്ധതി നടപ്പാക്കിയിരുന്നത്. സപ്ലെെകോയുടെ ജാമ്യത്തിൽ കർഷകർക്ക് നൽകുന്ന വായ്പയിലൂടെ നെല്ലിന്റെ വില ലഭ്യമാക്കുകയാണ് ചെയ്തിരുന്നത്. സപ്ലൈകോ ബാങ്കുകൾക്ക് പണം നല്കുമ്പോൾ വായ്പ അടച്ചു തീർത്തതായി കണക്കാക്കും.
ഒരു വർഷത്തിനകം പലിശ സഹിതം തിരിച്ചടയ്ക്കേണ്ടതായിരുന്നു പിആർഎസ് വായ്പ. ഏതെങ്കിലും കാരണവശാല്‍ സപ്ലെെകോയില്‍ നിന്ന് തിരിച്ചടവ് വൈകിയാൽ കർഷകര്‍ വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെ പട്ടികയിലാവുകയും സിബിൽ സ്കോർ കുറയുകയും ചെയ്യും. തിരിച്ചടവ് മുടങ്ങിയാൽ രണ്ടു ശതമാനം പിഴപ്പലിശയും സപ്ലെെകോ ബാങ്കുകൾക്ക് നല്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പിആർഎസ് വായ്പയ്ക്ക് പകരമായി കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ തുക വായ്പയായി എടുക്കുന്നതിന് സപ്ലെെകോ തീരുമാനിച്ചത്. സർക്കാരിന്റെ ജാമ്യത്തിലാണ് കൺസോർഷ്യം 2500 കോടി നല്കുന്നത്. കർഷകർക്ക് സപ്ലെെകോയിൽ നിന്ന് നേരിട്ട് നെല്ലിന്റെ വില കിട്ടുകയും ചെയ്യും.


ഇതുകൂടി വായിക്കൂ:  സംസ്ഥാനങ്ങളില്‍ വിലനിലവാരം വ്യത്യസ്തമാകുന്നതെങ്ങനെ?


കിലോഗ്രാമിന് 28.20 രൂപയ്ക്കാണ് സിവിൽ സപ്ലൈസ് കോർപറേഷൻ നെല്ലു സംഭരിക്കുന്നത്. കഴിഞ്ഞ സീസണിൽ 28 രൂപയായിരുന്നു വില. നിലവിലെ 28.20 രൂപയിൽ കേന്ദ്ര താങ്ങുവില 19.40 രൂപയാണ്. ബാക്കി 8.80 രൂപ സംസ്ഥാന സർക്കാർ നല്കുന്ന പ്രോത്സാഹന ബോണസാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വയലുകളുടെ വിസ്തൃതിയും നെല്ലുല്പാദനവും കുറഞ്ഞുവരികയായിരുന്നു. എന്നാൽ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതു മുതൽ ശക്തമായ ഇടപെടലിലൂടെ കൃഷിയില്‍ ക്രമാനുഗതമായ വർധനയുണ്ടായി. 2016 ലെ വയലുകളുടെ വിസ്തൃതി 1,71,398 ഹെക്ടറും ഉല്പാദനം 4,36,483 ടണ്ണും മാത്രമായിരുന്നു. സര്‍ക്കാരും കൃഷി മന്ത്രിയായിരുന്ന വി എസ് സുനിൽ കുമാറും മുന്നോട്ടു വച്ച പദ്ധതികളിലൂടെ 2017–18 ൽ യഥാക്രമം 1,89,086 ഹെക്ടർ, 5,21,310 ടൺ, 2018–19 ൽ 1,98,026 ഹെക്ടര്‍,5,78,256 ടണ്‍, 2019–20 ൽ 1,91,051 ഹെക്ടര്‍, 5,87,078 ടണ്‍ എന്നിങ്ങനെ വർധിച്ചു. കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വലിയ മുന്നേറ്റമുണ്ടായില്ലെങ്കിലും നെല്ലുല്പാദനം കൂട്ടാനുള്ള തീവ്രപദ്ധതികളുമായാണ് സർക്കാരും നിലവിലെ കൃഷിമന്ത്രി പി പ്രസാദും മുന്നോട്ടു പോകുന്നത്, ഒപ്പം കര്‍ഷകര്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധതയും നിറവേറ്റുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.