നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ ഭാഗമായി ആയുഷ് മേഖല സംബന്ധിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് 2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെ നടത്തിയ ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേയില്‍ കേരളത്തിന് മുന്‍തൂക്കം.
ആയുര്‍വേദം, ഹോമിയോപതി, യോഗ, പ്രകൃതി ചികിത്സ, സിദ്ധ, യുനാനി എന്നിവ ഉള്‍പ്പെടുന്ന ആയുഷ് ആരോഗ്യ ശാഖകളെ സംബന്ധിച്ചാണ് ആദ്യമായി അഖിലേന്ത്യാ സര്‍വേ നടത്തിയത്. ഇന്ത്യയിലെ ഗ്രാമ, നഗര പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ച് കൊണ്ടായിരുന്നു സര്‍വേ. രോഗ പ്രതിരോധത്തിനും ചികിത്സയ്ക്കും പ്രസവാനന്തര ശുശ്രൂഷയ്ക്കും ഗര്‍ഭിണികളുടെ പരിചരണത്തിനും മറ്റുമുള്ള ആയുഷ് ചികിത്സാരീതികളുടെ ഉപയോഗം, ഗൃഹ ഔഷധങ്ങള്‍, ഔഷധ സസ്യങ്ങള്‍, ആയുഷ് പാരമ്പര്യ അറിവുകള്‍ എന്നിവയെപ്പറ്റിയും സര്‍വേയില്‍ വിശകലനം ചെയ്തു.
സംസ്ഥാന ആയുഷ് വകുപ്പ് ആയുഷ് മേഖലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ആയുഷ് സാമ്പിള്‍ സര്‍വേ ഫലമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആയുഷ് മേഖലയിലെ ബജറ്റ് വിഹിതത്തില്‍ മുന്‍കാലങ്ങളെക്കാളും മൂന്നിരട്ടിയോളം വര്‍ധനവാണ് ഈ സര്‍ക്കാരിന്റെ കാലത്ത് വരുത്തിയിട്ടുള്ളത്. കേരളത്തിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ആയുര്‍വേദ, ഹോമിയോ സ്ഥാപനങ്ങള്‍ നിലവില്‍ വന്നുകഴിഞ്ഞു.
700 ഓളം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. ആയുഷ് സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി. കോവിഡ് സമയത്ത് ജനങ്ങള്‍ രോഗ പ്രതിരോധത്തിന് ആയുഷ് ചികിത്സാ ശാഖകളെ ധാരാളമായി ആശ്രയിച്ചു. മികച്ച സൗകര്യങ്ങളാലും ഗുണമേന്മയുള്ള ചികിത്സയാലും ആയുഷ് മേഖലയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാമാണ് ദേശീയ ശരാശരിയേക്കാളും ഉയര്‍ന്നതോതില്‍ ആയുഷ് ചികിത്സാരീതികള്‍, ഔഷധസസ്യങ്ങള്‍, രോഗപ്രതിരോധം തുടങ്ങിയ കാര്യങ്ങളില്‍ കേരളം മുന്നിലെത്താന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
ആയുഷ് ശാഖകളെ പറ്റിയുള്ള അവബോധത്തിലും ഉപയോഗത്തിലും ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ് കേരളം. സര്‍വേ പ്രകാരം ആയുഷ് ആരോഗ്യ ശാഖകളെ പറ്റിയുള്ള അവബോധം കേരളത്തിലെ നഗര മേഖലകളില്‍ 99.3 ശതമാനവും ഗ്രാമീണ മേഖലകളില്‍ 98.43 ശതമാനവും ആണ്. നഗര, ഗ്രാമീണ മേഖലകളില്‍ 52 ശതമാനം ആളുകള്‍ ചികിത്സ ആവശ്യങ്ങള്‍ക്കായി ആയുഷ് ശാഖകളെ ആശ്രയിക്കുന്നു. ഗ്രാമ പ്രദേശങ്ങളിലുള്ള 38.64 ശതമാനം പേരും നഗര പ്രദേശങ്ങളിലുള്ള 31.98 ശതമാനം പേരും ആയുര്‍വേദം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഔഷധ സസ്യങ്ങള്‍ ആരോഗ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെപ്പറ്റി 99 ശതമാനം വീട്ടുകാര്‍ക്കും കൃത്യമായ അവബോധമുണ്ട്.
ആയുഷ് ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഓരോ വ്യക്തിയ്ക്കും ചെലവാക്കുന്ന തുക ഗ്രാമീണ മേഖലയില്‍ ദേശീയ ശരാശരിയുടെ ഇരട്ടിയും നഗര മേഖലകളില്‍ രണ്ടിരട്ടിയുമാണ്. പത്തില്‍ എട്ട് വീടുകളിലും ആയുഷ് ചികിത്സ അല്ലെങ്കില്‍ മരുന്ന് ഫലവത്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പത്തില്‍ നാല് വീടുകളും ആയുഷ് ചികിത്സയുടെ മുന്‍കാല ഗുണഫലങ്ങളെ അടിസ്ഥാനമാക്കി ചികിത്സ തുടരുന്നവരാണ്. ആയുഷ് മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ഈ സര്‍വേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.