November 29, 2023 Wednesday

കാനഡ ഇടഞ്ഞാല്‍ വന്‍ സാമ്പത്തിക പ്രഹരം

 ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ തമ്മിലും യുദ്ധം 
കെ രംഗനാഥ്
തിരുവനന്തപുരം
September 22, 2023 10:10 pm

അനുനിമിഷം വഷളായിക്കൊണ്ടിരിക്കുന്ന ഇന്തോ — കനേഡിയന്‍ നയതന്ത്രബന്ധത്തില്‍ ഇനിയും കൂടുതല്‍ ഉലച്ചില്‍ സംഭവിച്ചാല്‍ അത് ഇന്ത്യക്കുമേലുള്ള വന്‍ സാമ്പത്തിക പ്രഹരമായി കലാശിക്കുമെന്ന് വിദഗ്ധര്‍.
ഇക്കഴിഞ്ഞ മാര്‍ച്ചു വരെ ഇന്ത്യയില്‍ കാനഡയ്ക്ക് 2.31 ലക്ഷം കോടിയുടെ നിക്ഷേപമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തകര്‍ച്ചയില്‍ ഈ നിക്ഷേപങ്ങള്‍ മുഴുവന്‍ പിന്‍വലിക്കാന്‍ കാനഡ തീരുമാനിച്ചാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെത്തന്നെ പിടിച്ചുലയ്ക്കുന്ന നടപടിയായിരിക്കും അതെന്ന് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് മേധാവി അജയ് ശ്രീവാസ്തവ മുന്നറിയിപ്പ് നല്കുന്നു.

ഇതെല്ലാം കനേഡിയന്‍ കോര്‍പറേറ്റുകളുടെ നിക്ഷേപം. ഇതിനുപുറമെ കനേഡിയന്‍ സര്‍ക്കാരിന്റെ 11 ലക്ഷം കോടി രൂപ ഇന്‍ഫോസിസ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, പേടിഎം, കൊടാക് മഹീന്ദ്ര, സൊമാറ്റോ, ന്യാകാ തുടങ്ങിയ കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 75,000 കോടിയുടെ ഇന്ത്യന്‍ ഉല്പന്നങ്ങളാണ് കാനഡ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ കയറ്റുമതി പ്രതിവര്‍ഷം 63,000 കോടിയും ആഗോളതലത്തില്‍ ഇന്ത്യയുമായി ലോകത്തെ ഒമ്പതാമത്തെ വ്യാപാര ‑വാണിജ്യ പങ്കാളിത്തമാണ് കാനഡയ്ക്കുള്ളത്. ഇന്ത്യയിലെ വിദേശനിക്ഷേപക രാജ്യങ്ങളില്‍ കാനഡയ്ക്കുള്ളത് പതിനേഴാം സ്ഥാനവും. കാനഡ ലോകത്ത് നടത്തുന്ന നിക്ഷേപങ്ങളില്‍ 40.63 ശതമാനവും ഇന്ത്യയിലാണ്.

ഇത്ര വലിയൊരു സാമ്പത്തിക പങ്കാളിയുമായുള്ള ബന്ധം തല്‍ക്കാലം ഉലയില്ലെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പക്ഷമെങ്കിലും കാര്യങ്ങളുടെ പോക്ക് മറിച്ചാണ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ആവര്‍ത്തിച്ചതും തെളിവുണ്ടെന്ന് അവകാശപ്പെട്ടതും പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നുവെന്നതിന്റെ സൂചനയായി. ഇതിനൊപ്പം കാനഡയിലെ ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളണമെന്ന ഖലിസ്ഥാന്‍ ഭീകരരുടെ മുന്നറിയിപ്പ് ഇന്ത്യന്‍ വംശജര്‍ തമ്മിലുള്ള ഒരാഭ്യന്തര യുദ്ധത്തിന്റെ വക്കിലേക്കും കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.
30 ലക്ഷം ഇന്ത്യന്‍ പ്രവാസികളുള്ള കാനഡയില്‍ 13 ലക്ഷം ഹിന്ദുക്കളും 16 ലക്ഷം സിഖുകാരും ഒരു ലക്ഷത്തോളം ക്രിസ്ത്യാനികളുമുണ്ടെന്നാണ് കണക്ക്. ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നാല്‍ അത് ബംഗ്ലാദേശ് യുദ്ധാനന്തരമുണ്ടായതിനു തുല്യമായ അഭയാര്‍ത്ഥി പ്രവാഹമാണ് സൃഷ്ടിക്കുക. അതുണ്ടാക്കുന്ന ആഘാതം ഇന്ത്യന്‍ സാമ്പത്തിക, സാമൂഹ്യ മേഖലകളിലാവും പ്രതിഫലിക്കുക.

അതേസമയം ഇന്ത്യയുടെയും കാനഡയുടെയും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ തമ്മിലും യുദ്ധം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ വന്‍ നിക്ഷേപമുള്ള ഒരു കനേഡിയന്‍ കമ്പനി ഇന്ത്യന്‍ കമ്പനിക്ക് വിറ്റ് നാടുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകഴിഞ്ഞു. തിരിച്ചടിയെന്നോണം ഇന്ത്യയിലെ മഹീന്ദ്ര ആന്റ് മഹീന്ദ്ര കനേഡിയന്‍ കമ്പനിയായ റെയ്സണ്‍ ഹയറോസ്പേസിലെ 11.18 ശതമാനം ഓഹരികള്‍ പിന്‍വലിച്ചതായി ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ഇന്നലെ വെളിപ്പെടുത്തി. വരും ദിനങ്ങളില്‍ കൂടുതല്‍ കനേഡിയന്‍ ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്ന സൂചനകളും ശക്തമായിട്ടുണ്ട്.

Eng­lish summary;A huge eco­nom­ic blow if Cana­da falls

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.