Friday
22 Feb 2019

‘നഗര നക്സൽ’ വേട്ടയിൽ ജെസ്യൂട്ട് പുരോഹിതനും 

By: Web Desk | Monday 3 September 2018 8:25 PM IST

സ്റ്റാൻ സ്വാമി, റാഞ്ചിയ്ക്കു പുറത്തുള്ള ഒറ്റമുറി പാർപ്പിടം പൊലീസ് റെയ്ഡ് ചെയ്തപ്പോൾ 

നരേന്ദ്ര മോഡി സർക്കാർ ദേശവ്യാപകമായി നടത്തുന്ന ‘നഗര നക്സൽ’ വേട്ടയിലെ ഇരകളിൽ ഛത്തീസ്ഗഡിലെ ജെസ്യൂട്ട് പുരോഹിതൻ സ്റ്റാൻ സ്വാമിയും. ഛത്തീസ്ഗഡിലെ ഗോത്രവിഭാഗത്തിനിടയിൽ, അവരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന 81 കാരനായ ഈ മനുഷ്യാവകാശ പ്രവർത്തകന്‍റെ ഒറ്റമുറി പാർപ്പിടം മഹാരാഷ്ട്ര പൊലീസ് ഓഗസ്റ്റ് 28 നു റെയ്‌ഡ് ചെയ്ത് അദ്ദേഹത്തിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും സി ഡി കളും പിടിച്ചെടുത്തു.

ഭീമ കൊറഗാവ് ലഹളയിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന മഹാരാഷ്ട്ര പൊലീസ് സംഘം രാവിലെ 6 മണിയ്ക് സ്വാമിയുടെ റാഞ്ചിയ്ക്കു പുറത്തുള്ള താമസസ്ഥലത്തു  മറാത്തിയിൽ എഴുതിയ ഒരു രേഖയുമായി എത്തുകയായിരുന്നു. അദ്ദേഹത്തിന് മറാത്തി അറിയില്ല. തനിക്ക് പുണെ സംഭവവുമായി ഒരു ബന്ധവുമില്ലെന്നും മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റ് ചെയ്തത് അപലപനീയമാണെന്നും സ്റ്റാൻ സ്വാമി അന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.

ജാർഖണ്ഡിലെ ആദിവാസികളെ നക്സലുകൾ എന്ന് മുദ്രകുത്തി വിചാരണത്തടവുകാരാക്കിയതിനെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ് സ്റ്റാൻ സ്വാമിയെ കരുവാക്കാൻ സർക്കാരിനെ മുഖ്യമായും പ്രേരിപ്പിച്ചത്. ഇങ്ങനെ വിചാരണത്തടവുകാരായി തുടരുന്ന 102 ഗോത്രജനതയിൽ  97 % പേരും നിരപരാധികളാണെന്നും ഇവരെ യു എ പി എ ചുമത്തി ഏകാന്ത തടവിലാക്കുകയായിരുന്നുവെന്നും സ്വാമി റിപ്പോർട്ട് ചെയ്തു. പലരും നിരപരാധികളെന്നു കണ്ട്  കോടതി വിട്ടയച്ചതോടെ സ്റ്റാൻ സ്വാമി പറഞ്ഞത് ശരിയായിരുന്നുവെന്ന് വ്യക്തമായി.

നിയമവിരുദ്ധ ഏകാന്ത തടവിനെതിരെ ഇപ്പോൾ വീട്ടുതടങ്കലിലുള്ള സുധ ഭരദ്വാജുമായി ചേർന്നു ഏപ്രിലിൽ ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ലേഖനം എഴുതിയതും ഈ വയോധിക വൈദികനെ വേട്ടയാടാൻ കാരണമായി. ഖനി മാഫിയ ആദിവാസികളുടെ ഭൂമി കവരുന്നതിനെതിരെ, അവർക്കു ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രത്യേകാവകാശങ്ങൾക്കു വേണ്ടി വാദിച്ചതും സ്റ്റാൻ സ്വാമിയെ ‘നഗര നക്സൽ’ ആക്കാൻ അധികൃതരെ പ്രേരിപ്പിച്ചു.

കൃഷിക്കാരുടെ ഭൂമി കവരുന്നതിനെതിരെ 2017 ൽ നടത്തിയ ഒരു യോഗത്തിൽ സ്റ്റാൻ സ്വാമി.

Related News