ഒരു ആദിവാസിയും ഭൂരഹിതരാകില്ല: മന്ത്രി

Web Desk
Posted on February 23, 2019, 10:42 pm

തിരുവനന്തപുരം: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു ആദിവാസിയും ഭൂരഹിതരാകില്ലെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തരവ് ഉപയോഗിച്ച് ആദിവാസികളെ ഒഴിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. ആദിവാസികളെ ഭൂരഹിതനാക്കുന്ന നീക്കം സര്‍ക്കാര്‍ അനുവദിക്കില്ല. ഇടക്കാല ഉത്തരവിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്ത് ലക്ഷം പട്ടികവര്‍ഗ വിഭാഗക്കാര്‍ ഒഴിപ്പിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ 2006 ലെ വനാവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കേന്ദ്ര പട്ടികവര്‍ഗ വികസന ജുവല്‍ ഒറാമിന് ഇത് സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്.
നിലവില്‍ 2005 ഡിസംബര്‍ 13ന് മുമ്പ് വനഭൂമിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കാണ് ഭൂമിയില്‍ അവകാശമുള്ളത്. 2005 ഡിസംബര്‍ 13 എന്നത് നിയമ ഭേദഗതിയിലൂടെ 2010 ആയി ഉയര്‍ത്തണം. ഇതിലൂടെ ബഹുഭൂരിപക്ഷവും പട്ടികവര്‍ഗക്കാര്‍ സംരക്ഷിക്കപ്പെടും. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ തീരുമാനമെടുക്കണം. സുപ്രീംകോടതി ഒഴിപ്പിക്കണമെന്ന് പറഞ്ഞ 894 അപേക്ഷകര്‍ക്കും ഭൂമി നല്‍കി സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പകരം ഭൂമി നല്‍കുന്നതുവരെ ഇവരെ ഒഴിപ്പിക്കരുതെന്ന്്‌കോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഒഴിപ്പിക്കേണ്ടി വന്നാല്‍ 894 അപേക്ഷകര്‍ക്കും വനഭൂമി തന്നെ പകരം നല്‍കും. ഇതിനുള്ള സാഹചര്യം സംസ്ഥാനത്തുണ്ട്.

വനാവകാശ നിയമപ്രകാരം ഭൂമി നല്‍കാന്‍ സാങ്കേതിക തടസ്സമുള്ള അപേക്ഷകര്‍ക്ക് പകരമായി നിക്ഷിപ്ത വനഭൂമി നല്‍കാനാകും. ഈ സാഹചര്യത്തില്‍ 894 അപേക്ഷകര്‍ക്കും വനഭൂമി ലഭ്യമാക്കാന്‍ കഴിയും. വനം, റവന്യു വകുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി വിഷയം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.