20 April 2024, Saturday

ഉപഭോക്തൃ ശാക്തീകരണത്തിൽ ഒരു കേരളമാതൃക

അഡ്വ. ജി ആര്‍ അനില്‍
ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി
December 24, 2021 7:00 am

സാമൂഹ്യവികാസ സൂചികകളിൽ ലോകത്തെ ഒന്നാംകിട രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. സാർവത്രികമായ വിദ്യാഭ്യാസം, സമ്പൂർണ സാക്ഷരത, മികച്ച ആരോഗ്യ പരിപാലനരംഗം, കാര്യക്ഷമമായ ഭരണനിർവഹണം എന്നിവയെല്ലാം കേൾവികേട്ട ഈ കേരളമാതൃകയുടെ മുഖമുദ്രകളാണ്. ദാരിദ്യനിർമ്മാർജ്ജനത്തിലും ദേശീയനയപ്രകാരമുള്ള ജനസംഖ്യാനിയന്ത്രണത്തിലും നാം ഏറെ മുന്നോട്ടുപോയി. രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും ഏറ്റവും കൂടിയ ആയുർദൈർഘ്യവും നാം കൈവരിച്ചു. കോവിഡ് മഹാമാരിപോലുള്ള ദുരന്തഘട്ടങ്ങളിലും അല്ലാത്തപ്പോഴും കാര്യക്ഷമമായ പൊതുവിതരണശൃംഖല പ്രവർത്തിപ്പിച്ച് ജനങ്ങൾക്ക് ഭക്ഷ്യലഭ്യത ഒരുക്കി. വ്യാവസായികവും കാർഷികവുമായ ഉല്പാദനമേഖലകളിലെ വികാസത്തിന്റെ അനന്തരഫലമായി മാത്രം വികസിതരാഷ്ട്രങ്ങൾ നേടിയ മികവുകൾ, അതു കൂടാതെ തന്നെ നേടാൻ കഴിഞ്ഞു എന്നതാണ് ഈ മാതൃകയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിൽ ഒരു പ്രശംസയോടൊപ്പം വിമർശനവും ഉൾക്കൊള്ളുന്നു എന്നത് കാണാതെ പോകരുത്. മറ്റു പല വികസനമാനകങ്ങൾ പോലെ ഉപഭോഗ നിരക്കിലും വികസിത രാജ്യങ്ങൾക്കൊപ്പമാണ് കേരളം. ധാന്യങ്ങളുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് മാത്രമല്ല ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങൾക്കും നാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. അങ്ങനെ നാം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിയിരിക്കുന്നു. ഉപഭോക്തൃ ശാക്തീകരണ പ്രവർത്തനങ്ങളിൽ പക്ഷെ കേരളം അത്ര മുന്നേറിയിട്ടില്ല. അതിവേഗം ഒരു വികസിത സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന കേരളം ഉപഭോക്തൃ ശാക്തീകരണ കാര്യത്തിലും ലോകത്തിനു മാതൃകയാകണം. ഉയർന്ന ഉപഭോഗ നിരക്കുള്ള ഒരു രാജ്യത്തെ ഒരു ശരാശരി ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ ആറ് ഹെക്ടർ സ്ഥലത്തെ ഉല്പാദനം വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ 1.7 ഹെക്ടറിലും താഴെ മാത്രമേ ഉല്പാദനം നടക്കുന്നുള്ളൂ. ഈ കുറവ് പരിഹരിക്കപ്പെടുന്നത് ലോക വ്യാപകമായി നടത്തപ്പെടുന്ന വ്യാപാരത്തിലൂടെയും പ്രകൃതി വിഭവങ്ങളുടെ അധിക ചൂഷണത്തിലൂടെയുമാണ്. മറ്റുള്ളവരെ അമിതമായി ചൂഷണം ചെയ്യാതെയോ അവർക്ക് അർഹതപ്പെട്ടതു കൂടി ഉപയോഗിക്കാതെയോ നമുക്ക് ഇത്തരത്തിലുള്ള അമിത ഉപഭോഗം നടത്തുവാൻ സാധ്യമല്ല എന്നു സാരം.

നമ്മുടെ സംസ്കാരത്തിന്റെ പ്രതിഫലനം കൂടിയാണ് നമ്മുടെ ഉപഭോഗ രീതികൾ. ആഭ്യന്തരമൊത്ത ഉല്പാദനത്തിൽ ‑ജിഎൻപി- ഊന്നിയ സാമ്പത്തിക വളർച്ചാ കണക്ക് ശരിക്കും ഒരു സമൂഹത്തിന്റെ ഉപഭോഗശേഷിയുടെ കണക്കെടുപ്പ് കൂടിയാണ്. ഒരു സമൂഹത്തിന്റെ ഉപഭോഗശേഷിയും സംസ്കാരവും ആ സമൂഹത്തിന്റെ ജിഎൻപിയിൽ നിന്ന് വ്യക്തമാകുന്നു.
2019 ലെ ഉപഭോക്തൃ നിയമം എന്നറിയപ്പെടുന്ന പുതിയ ഉപഭോക്തൃ നിയമം 2020 ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വന്നു. നിരവധി ഉപഭോക്തൃ സംരക്ഷണ പ്രവർത്തനങ്ങൾക്കു തുടക്കമിടുകയും നിലവിലുള്ള വ്യവസ്ഥകൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുവാൻ പുതിയ നിയമത്തിനു കഴിഞ്ഞിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെയുള്ള ഉപഭോക്തൃ പരാതികൾ സമർപ്പിക്കുന്നതിന് ഫീസ് നൽകേണ്ടതില്ല. ഇന്ത്യയിലെവിടെ നിന്നും വാങ്ങുന്ന സേവനത്തെയോ ഉല്പന്നത്തെയോ കുറിച്ച് പരാതിയുണ്ടെങ്കിൽ അത് ഉപഭോക്താവിന് സൗകര്യപ്രദമായ രീതിയിലുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ കേസ് ഫയൽ ചെയ്യാം എന്ന വ്യവസ്ഥ ഉപഭോക്താവിന് കൂടുതൽ ശക്തിനല്‍കുന്നു.
ഒരു വലിയ ഉപഭോക്തൃ സംസ്ഥാനമാണ് കേരളം. എന്നാൽ അതിനു തക്കതായുള്ള ഉപഭോക്തൃ ബോധവല്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ ശാക്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാകണം. സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനുകളുടെ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്തണം. എങ്കിൽ മാത്രമേ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമെന്ന നേട്ടം കൈവരിക്കാൻ നമുക്ക് കഴിയുകയുള്ളൂ. എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും അവ നല്‍കുന്ന സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കും ഗുണനിലവാരത്തിനനുസരിച്ചുള്ള ഗ്രേഡിങ് കൊണ്ടുവരണം. ഗുണനിലവാരം വർധിപ്പിക്കാനും ഉപഭോക്തൃ സംതൃപ്തി ഉറപ്പുവരുത്താനും ഗ്രേഡിങ് സഹായിക്കും. ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം വ്യാപാരികൾ നിർവഹിക്കണം.

 


ഇതുകൂടി വായിക്കാം; അതിജീവനത്തിന്റെ കേരള മാതൃക


 

ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പ് വരുത്തുന്നതിനൊപ്പം ഉപഭോക്താക്കളെ അവരുടെ കടമകളെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിനൊപ്പം കടമകൾ കൂടി പാലിക്കുവാൻ നമുക്ക് ശ്രമിക്കാം. ഉപഭോക്തൃ തർക്ക പരിഹാര സംവിധാനം, ബോധവല്ക്കരണ സംവിധാനം, നിയമ സഹായ സംവിധാനം, പരിശീലന സംവിധാനം തുടങ്ങിയ എല്ലാ ഘടകങ്ങളും കാര്യക്ഷമമായി പ്രവർത്തിച്ചാൽ മാത്രമേ ഒരു സമൂഹത്തെ ഉപഭോക്തൃ സൗഹൃദമായി മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ. ഈ സാഹചര്യത്തിൽ ഒരേ സമയം ഉപഭോക്തൃ സംരക്ഷണവും ഉപഭോക്തൃ ബോധവല്കരണവും മുന്നോട്ടു കൊണ്ടുപോകുന്നതും ഹരിത ഉപഭോക്തൃ മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ഉപഭോക്തൃ നയമാകണം കേരളം അനുവർത്തിക്കേണ്ടത്. ഉപഭോക്തൃ സംരക്ഷണം കേരളത്തിന് നിർണായകമാണ്. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരും ഉപഭോക്താക്കളാണ്. ആരോഗ്യകരമായ ഒരു ഉപഭോക്തൃ സംസ്കാരം രൂപപ്പെട്ടാൽ അത് സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ സുസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. അതിനാൽ തന്നെ കേരളത്തിന് ഒരു തനത് ഉപഭോക്തൃനയം ആവശ്യമാണ്. നേരും നന്മയുമുള്ള വ്യാപാര രീതികളും പരിസ്ഥിതി സൗഹൃദ ഉപഭോഗ രീതികളും സമന്വയിക്കുന്നതാവണം നമ്മുടെ ഉപഭോക്തൃനയം. ഏറ്റവും നല്ല ഉപഭോക്തൃ സൗഹൃദപ്രദേശമായി കേരളം മാറണം. മറ്റു പല രംഗങ്ങളിലുമെന്നപോലെ ഉപഭോക്തൃ ശാക്തീകരണ രംഗത്തും കേരളം ലോകത്തിനു മാതൃകയാകണം. അതിനുവേണ്ട നിയമ പശ്ചാത്തലവും അടിസ്ഥാന സൗകര്യങ്ങളും പൊതുബോധവും സൃഷ്ടിച്ചെടുക്കണം. വിപുലമായ പ്രവർത്തനങ്ങൾ ആവശ്യപ്പെടുന്ന ഒരു രംഗമാണിത്. കേരളത്തെ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങളുമായി ഭക്ഷ്യ‑പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് മുന്നോട്ടുപോവുകയാണ്. ഉപഭോക്തൃ സംരക്ഷണത്തിൽ കേരളത്തെ ഒരു ഉത്തമ മാതൃകയായി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഈ ലക്ഷ്യങ്ങളോടെ വിപുലമായ കർമപരിപാടികൾ സംസ്ഥാന സർക്കാർ ആരംഭിക്കും. ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 18 മുതൽ 24 വരെ ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്ക് ചിത്രരചന, ഫോട്ടോഗ്രാഫി മത്സരങ്ങൾ, പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണസെമിനാർ, ഉപഭോക്തൃ ബോധവല്കരണ പരസ്യചിത്രങ്ങളുടെ റിലീസ്, ഉപഭോക്തൃകേരളം ദ്വൈമാസികയുടെയും ബോധവല്കരണ ലഘുലേഖയുടെയും പ്രകാശനം എന്നിങ്ങനെ സംഘടിപ്പിക്കപ്പെട്ടു. ശക്തമായ ബോധവല്കരണത്തിലൂടെയും നിയമസംവിധാനത്തിലൂടെയും ഇന്ത്യയിലെ ഏറ്റവും ഉപഭോക്തൃശാക്തീകൃത സംസ്ഥാനമാവുന്നതിലേക്കുള്ള ചുവടുവയ്പുകൾ ആരംഭിക്കുകയാണ്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.