സഖാവ് രമണി ജോര്‍ജ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട രമണിചേച്ചി വിടപറഞ്ഞു. 84 വയസായിരുന്നു. രണ്ട് വര്‍ഷത്തിലേറെയായി ന്യൂസിലാന്‍ഡില്‍ മകളായ മിനിയുടെ കൂടെയായിരുന്നു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കേരള മഹിളാസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയും ദേശീയ വെെസ് പ്രസിഡന്റുമായിരുന്ന രമണിചേച്ചി തന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെ മഹിളാ പ്രസ്ഥാനത്തിന് ഉണര്‍വും ഓജസും നല്‍കി. സ്ത്രീകള്‍ കുടുംബങ്ങളില്‍ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ നിര്‍ബന്ധിതമായിരുന്ന കാലഘട്ടത്തില്‍ ജോര്‍ജ് സാര്‍ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതസഖിയായി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി, അതിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചു. മഹിളാസംഘം എന്ന പ്രസ്ഥാനത്തിന് നിര്‍ഭയത്വത്തിന്റെയും നിഷ്കളങ്ക സ്നേഹത്തിന്റെയും പരിവേഷം ചാര്‍ത്താന്‍ രമണി ജോര്‍ജിന് കഴിഞ്ഞു.
പ്രത്യയശാസ്ത്രവും ജീവിതവും ഒന്നു തന്നെയാണ് എന്ന് ദാമ്പത്യത്തിലൂടെ തെളിയിച്ചവരായിരുന്നു രമണിചേച്ചിയും ജോര്‍ജ് സാറും. സാമൂഹ്യക്ഷേമവകുപ്പില്‍ ഐസിഡിഎസ് ഓഫീസറായി പ്രവര്‍ത്തിക്കുമ്പോഴാണ് ജോലിയില്‍ നിന്ന് വിരമിച്ചത്.
സഖാവ് ഏറ്റവും കൂടുതല്‍ വര്‍ഷം ജോലി ചെയ്തത് വയനാട് ജില്ലയിലായിരുന്നു. വയനാട് ജില്ലയിലെ ആദിവാസി സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഔദ്യോഗിക പദവിയിലിരിക്കുമ്പോള്‍ നടത്തിയിരുന്നത്. സര്‍ക്കാര്‍ ജോലിയിലിരിക്കുമ്പോഴും മഹിളാസംഘവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങി. മഹിളാസംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയായി മൂന്ന് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഹോര്‍ട്ടികോര്‍പ്പ് ചെയര്‍പേഴ്സണ്‍ ആയിരുന്നു. രമണി ജോര്‍ജ് പ്രസിഡന്റും മീനാക്ഷി തമ്പാന്‍ സെക്രട്ടറിയായും ഒന്നിച്ച് പ്രവര്‍ത്തിച്ച കാലഘട്ടങ്ങളില്‍ കേരളത്തെ ഇളക്കിമറിച്ച ഒട്ടേറെ സ്ത്രീപ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും (ഐസ്ക്രീം പാര്‍ലര്‍ കേസ് ഉള്‍പ്പെടെ) ശക്തമായ സമരങ്ങളും മഹിളാസംഘത്തിന്റെ നേതൃത്വത്തില്‍ നടന്നു. കേരള മഹിളാസംഘം പടര്‍ന്ന് പന്തലിക്കാനുണ്ടായ സാഹചര്യം സൃഷ്ടിച്ചത് രമണി ജോര്‍ജിനെപ്പോലുള്ള സഖാക്കളുടെ പ്രവര്‍ത്തനങ്ങളാണ്. സ്ത്രീകളുടെ പോരാട്ടവീര്യം വര്‍ധിതമാക്കുന്നതില്‍ സഖാവ് വഹിച്ച പങ്ക് വലുതാണ്. സ്നേഹമസൃണമായ പെരുമാറ്റത്തിന്റെ ഉടമയായ രമണിചേച്ചി ക്ഷുഭിതയാകുന്നത് ഒരിക്കലും കാണാന്‍ കഴിഞ്ഞിട്ടില്ല. നല്ലൊരു സംഘാടകയുമായിരുന്നു അവര്‍. ജോര്‍ജ് സാറിന്റെ മരണശേഷം രമണിചേച്ചി മകളുടെ കൂടെ ന്യൂസിലാന്‍ഡിലായിരുന്നു.
മഹിളാസംഘത്തിന്റെ ചരിത്രത്തില്‍ എന്നും പച്ചപിടിച്ചു നില്‍ക്കുന്ന സഖാവിന്റെ ഓര്‍മ്മകള്‍ നമ്മുടെ സംഘടനയ്ക്ക് എന്നും കരുത്തും ആവേശവുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.