24 April 2024, Wednesday

പുല്‍വാമയും പ്രയാഗ്‍രാജും നല്‍കുന്ന പാഠം

സത്യന്‍ മൊകേരി
വിശകലനം
April 19, 2023 4:15 am

ബിജെപിയുടെ സമുന്നതനായ നേതാവും ഒരു ഘട്ടത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചയാളാണ് ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്. നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ഇഷ്ടക്കാരനെന്ന നിലയില്‍ മാലിക്കിന് മുന്തിയ പരിഗണനയാണ് ഭരണ കേന്ദ്രങ്ങളില്‍ നിന്നും ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും ലഭിച്ചിരുന്നത്. ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനതാദള്‍, ലോക്‌ദള്‍ എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് 2004ലാണ് ബിജെപിയില്‍ ചെന്നെത്തിയത്. അവിടെ നിന്നാണ് ബിജെപിയുടെ സര്‍വാധികാരിയായി മാലിക് വളര്‍ന്നത്.
കിരണ്‍ ഥാപ്പറിന് ഓണ്‍ലൈന്‍ ചാനലില്‍ നല്കിയ അഭിമുഖത്തില്‍ ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയ അട്ടിമറിക്ക് നരേന്ദ്രമോഡി നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം തുറന്നുകാണിച്ചു. രാജ്യം ഇന്നത് ചര്‍ച്ച ചെയ്യുകയാണ്. ഇന്ത്യന്‍ സൈന്യത്തിലെ 40 ധീര ജവാന്മാരെ കൊലയ്ക്കു കൊടുത്തിട്ടാണ് പാകിസ്ഥാന്‍ വിരുദ്ധ വികാരവും അതിലൂടെ സങ്കുചിത ഹിന്ദു ദേശീയതയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം നടത്തിയത്. 2019ലെ ലോക്‌സഭാ തെര‍ഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി അധികാരത്തില്‍ വരാനുള്ള കളമൊരുക്കലായിരുന്നു പുല്‍വാമ സംഭവം. പുല്‍വാമയും മറ്റ് വിവിധ തരത്തിലുള്ള അക്രമങ്ങളും ഇന്ത്യയുടെ പലഭാഗത്തും ഉണ്ടായ കാലത്തെ രാഷ്ട്രീയ അജണ്ടയെക്കുറിച്ച് നല്ല അറിവുള്ളയാളാണ് സത്യപാല്‍ മാലിക്. അദ്ദേഹം ഗവര്‍ണറായി പ്രവര്‍ത്തിച്ച കാലത്തുണ്ടായ പുല്‍വാമ സൈനികക്കുരുതിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ഗൗരവമുള്ളതാണ്. വെളിപ്പെടുത്തലുകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ജമ്മു കശ്മീരിലെ ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പുല്‍വാമയില്‍ 40സൈനികര്‍ കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ തന്നെ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നതാണ്. പാകിസ്ഥാന്‍ വിരോധം ആളിക്കത്തിച്ച് സങ്കുചിത ഹിന്ദു ദേശീയത ഉയര്‍ത്തി അതിനെ മറികടക്കാനുള്ള നീക്കമാണ് നരേന്ദ്രമോഡിയിലൂടെ സംഘ്പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.
ഭീകരാക്രമണം അടിക്കടി നടക്കുന്ന മേഖലയാണ് ജമ്മു കശ്മീര്‍. അത്യധികം സുരക്ഷാപ്രാധാന്യമുള്ള മേഖലയിലൂടെ ഏറെ ലാഘവത്തോടെയാണ് 2,500ല്‍ അധികം സൈനികരെ കയറ്റിയ സൈനിക വാഹനങ്ങള്‍, 2019 ഫെബ്രുവരി മാസത്തില്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കൊണ്ടുപോയത്. വഴിയിലെ‍ ഇടറോഡില്‍ ഒളിച്ചിരുന്ന ചാവേറുകള്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ സൈനികര്‍ യാത്ര ചെയ്തിരുന്ന ബസില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് 40സൈനികര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടത്. ഈ സംഭവം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച രാഷ്ട്രീയ തന്ത്രമായിരുന്നു എന്നാണ് സത്യപാല്‍ മാലിക് ഇപ്പോള്‍ ഉന്നയിച്ചത്.


ഇതുകൂടി വായിക്കൂ: അഡാനി-മോഡി ബന്ധം പ്രതിപക്ഷം പുറത്തുകൊണ്ടുവരും


സൈനികരെ റോഡിലൂടെ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വിമാനത്തില്‍ കൊണ്ടുപോകാന്‍ സൗകര്യം ഉണ്ടാക്കണമെന്നും സൈനിക മേധാവികള്‍ അന്ന് ആവശ്യം ഉന്നയിച്ചതാണ്. അഞ്ച് വിമാനങ്ങള്‍ അനുവദിക്കണമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയായിരുന്നുവെന്ന സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍‍ രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നപ്പോഴും മിണ്ടാതിരിക്കാനാണ് നിര്‍ദേശം കിട്ടിയത്. രാജ്യസുരക്ഷാ ഉപദേശകനായ അജിത് ഡോവലിന്റെ ശ്രദ്ധയിലും ഗവര്‍ണറായ താന്‍ വിഷയം കൊണ്ടുവന്നെങ്കിലും അദ്ദേഹവും അനങ്ങാതിരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് മാലിക് പറയുന്നു.
ജീവന്‍ പണയംവച്ചും രാജ്യത്തെ കാത്തുരക്ഷിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തിയുള്ള യാത്രയ്ക്ക് എന്തുകൊണ്ട് സൗകര്യം ചെയ്തില്ല എന്ന ചോദ്യത്തിനുള്ള വിശദീകരണം രാജ്യത്തോട് നല്‍കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. കശ്മീരില്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് നിരവധി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും അതെല്ലാം അവഗണിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. സൈനികരെ കുരുതികൊടുത്ത് അതിന് മറുപടിയായി ബാലക്കോട്ട് പ്രത്യാക്രമണം നടത്തി സംഭവത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാനുള്ള ഹീനമായ ശ്രമമാണ് നരേന്ദ്രമോഡി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് നടത്തിയതെന്ന് വ്യക്തമായിക്കഴിഞ്ഞു. രാജ്യദ്രോഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്തിരിക്കുന്നത്.
ഭീകരര്‍ 300 കിലോ സ്ഫോടക വസ്തുക്കളുമായി രണ്ടു ദിവസത്തോളം ജമ്മു കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിച്ചത് ആരുടെയെങ്കിലും അനുവാദത്തോടെയായിരുന്നോ, ഇത്തരം ഭീകര നീക്കങ്ങള്‍ എന്തുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നീ ചോദ്യങ്ങളും ഉയര്‍ന്നിട്ടുണ്ട്. രാജ്യരക്ഷാ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും പരാജയമാണ് ഇതെല്ലാം കാണിക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി വീണ്ടും അധികാരത്തില്‍ വരുന്നതിന് സൈനികരെ കുരുതികൊടുക്കുകയായിരുന്നു. രാജ്യത്ത് അതിശക്തമായ സുരക്ഷാ സംവിധാനം ഉള്ളതാണ്. രാജ്യസ്നേഹികളായ അര്‍പ്പണബോധമുള്ള സേനയും ഇന്റലിജന്‍സ് വിഭാഗവും ആണ് ഇന്ത്യക്കുള്ളത്. അതിനെയെല്ലാം നിര്‍വീര്യമാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുവാനുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയും രാജ്യരക്ഷാ മന്ത്രിയും നടത്തിയത് എന്ന് പുല്‍വാമ സംഭവം വെളിപ്പെടുത്തുന്നു.


ഇതുകൂടി വായിക്കൂ: കേന്ദ്ര സര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും ഗുരുതര സുരക്ഷാ വീഴ്ച


പുല്‍വാമ സംഭവത്തെക്കുറിച്ച് മുന്‍ കരസേനാ മേധാവിയായിരുന്ന ശങ്കര്‍ റോയി ചൗധരി ഉന്നയിച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. സേനാംഗങ്ങളെ കൊണ്ടുപോകാന്‍ എന്തുകൊണ്ട് വിമാനം അനുവദിച്ചില്ല? ഇത്രയും അധികം സേനാംഗങ്ങളെ ഒന്നിച്ചു കൊണ്ടുപോയത് എന്തിനാണ്? ഭീകരര്‍ക്കു സ്ഫോടക വസ്തുക്കളുമായി കാറില്‍ സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ എങ്ങനെയാണ് കഴിഞ്ഞത്? സംഭവം നടന്ന ഉടന്‍ പ്രധാനമന്ത്രിയെ എന്തുകൊണ്ട് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല? തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. ആക്രമണത്തിനിടയാക്കിയ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ഉത്തരവാദിയെന്നും പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ദേശീയ പാതയിലൂടെ 2500 സൈനികരെ കൊണ്ടുപോകാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബിഎസ്എഫിന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ് കെ സൂദ് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം വീഴ്ചകള്‍ മറയ്ക്കാനും രാഷ്ട്രീയ നേട്ടമുണ്ടാക്കാനും 40സെെനികരുടെ ജീവത്യാഗം ഭരണകൂടം ഉപയോഗിച്ചുവെന്ന സൂദിന്റെ അഭിപ്രായം ഏറെ പ്രധാനപ്പെട്ടതാണ്. വീഴ്ചകളെ കുറിച്ച് താനടക്കമുള്ള ഒട്ടേറെപേര്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല എന്നും സൂദ് അഭിപ്രായപ്പെട്ടു.
പുല്‍വാമയില്‍ 40 സൈനികരെ കുരുതി നല്‍കിയത് ദേശീയ വികാരം ആളിക്കത്തിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു എന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. പുല്‍വാമയ്ക്ക് മറുപടിയായി പാകിസ്ഥാന്റെ സൈനിക കേന്ദ്രമായ ബാലക്കോട്ടെക്കുള്ള തിരിച്ചടിയോടെ തങ്ങളുടെ അജണ്ട പൂര്‍ത്തിയാക്കുകയായിരുന്നു. സങ്കുചിത ഹിന്ദു ദേശീയത ആളിക്കത്തിച്ച സംഘ്പരിവാര്‍ ശക്തികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സത്യപാല്‍ മാലിക്കിന്റെയും മുന്‍ സൈനിക മേധാവികളുടെയും വെളിപ്പെടുത്തലുകള്‍ അതാണ് വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കൂ: വീണ്ടും ന്യൂനപക്ഷ വേട്ട


സങ്കുചിത ദേശീയത ഉയര്‍ത്തുന്നതിനായി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രചരണവും മറ്റു മതങ്ങള്‍ക്കെതിരായ ആക്രമണങ്ങളും സംഘ്പരിവാര്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. പുല്‍വാമ സംഭവത്തിന്റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നുള്ള രാഷ്ട്രീയ അന്തരീക്ഷം മറയ്ക്കുവാന്‍ മറ്റ് തന്ത്രങ്ങളുമായി സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായിത്തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഹിന്ദു-മുസ്ലിം സംഘര്‍ഷം തന്നെയാണ് അവര്‍ അതിനായി കണ്ടെത്തിയ ഔഷധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ വിദ്വേഷം പ്രകടിപ്പിച്ച് മത കലാപങ്ങള്‍ സൃഷ്ടിക്കുകയാണ്. വടക്കേ ഇന്ത്യയിലെ സ്ഥിതി ഏറെ ആപല്‍ക്കരമായ നിലയിലാണ്. യുപിയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന്റെ പേരിലെ കൊലപാതങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. മതവിദ്വേഷം ആളിക്കത്തിച്ച് ജനങ്ങളെ ഭ്രാന്തു പിടിപ്പിക്കാനും മയക്കിക്കിടത്താനും ഒരേസമയം തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ച് മുന്നോട്ടു പോകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. മതനിരപേക്ഷ–ജനാധിപത്യ ശക്തികളും ഇടതുപക്ഷവും ഒരുമിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയാണ് വേണ്ടത്. അതിനായി നടക്കുന്ന ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ നിരുപാധിക പിന്തുണ നല്‍കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.