June 26, 2022 Sunday

അയല്‍വാസികളായ യുവാവും യുവതിയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

By Janayugom Webdesk
February 17, 2020

അയല്‍വാസികളായ യുവാവിനെയും യുവതിയെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണവിലാസത്തില്‍ ബിജുവിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയില്‍ മണിമന്ദിരത്തില്‍ സന്തോഷ്കുമാര്‍ എന്ന് വിളിക്കുന്ന കെ ഷിനു (38) എന്നിവരാണ് മരിച്ചത്. ശാന്തികൃഷ്ണയെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലും ഷിനുവിനെ തുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും വിവാഹിതരും രണ്ടുകുട്ടികളുടെ രക്ഷിതാക്കളുമാണ്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം.

യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്. അമ്മ പ്രസന്ന വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരെത്തി വലിയകുന്ന് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഷിനു താമസിക്കുന്ന വീടിനുപിന്നില്‍ പുതിയ വീട് നിര്‍മ്മിക്കുന്നുണ്ട്. ഈ വീടിനുള്ളില്‍ അടുക്കളയോട് ചേര്‍ന്നുളള മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലാണ് ഷിനുവിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ജീവനുണ്ടെന്ന് കരുതി ഉടന്‍തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പൊലീസെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ശാന്തിയും ഷിനുവും വളരെക്കാലമായി പ്രണയത്തിലായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്‌പി ബി അശോകന്‍, ആറ്റിങ്ങല്‍ ഡിവൈഎസ്‌പി പി വി ബേബി, എസ്എച്ച്ഒ വി വി ദിപിന്‍, എസ്ഐ സനൂജ് എന്നിവരുടങ്ങുന്ന പൊലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ വീടിനുള്ളിലും മൃതദേഹത്തിലുമുള്ളതെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പൊലീസ് വ്യക്തമാക്കി. ശാന്തികൃഷ്ണയുടെ ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. അഭിഷേക്, ആദിത്യ എന്നിവരാണ് മക്കള്‍. റോഡ് റോളര്‍ ഡ്രൈവറാണ് ഷിനു. വിജിതയാണ് ഭാര്യ. മിലന്‍കൃഷ്ണ, മയൂഖാകൃഷ്ണ എന്നിവരാണ് മക്കള്‍.

Eng­lish SUMMARY; A man and woman in the neigh­bors were found dead

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.