തൂവാലയില്‍ വിവാഹ ക്ഷണക്കത്തും തുണിസഞ്ചിയില്‍ സമ്മാനവും, മാതൃകയായി ഡെപ്യൂട്ടി കളക്ടറുടെ മകന്റെ വിവാഹം

Web Desk
Posted on November 13, 2019, 8:53 pm

ചെന്നൈ: ആര്‍ഭാടം ഉപേക്ഷിച്ച്‌ പ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയില്‍ ചെലവുചുരുക്കി നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. കാഞ്ചിപുരം ഡെപ്യൂട്ടി കളക്ടറായ സെല്‍വമതി വെങ്കിടേഷ് ആണ് തന്റെ മകനായ ബാലാജിയുടെ കല്യാണം പ്രകൃതി സൗഹൃദമാക്കിയിരിക്കുന്നത്. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത് തൂവാലയിലാണ്. ക്ഷണക്കത്ത് നല്‍കിയതും തുണികൊണ്ടുള്ള ഒരു കവറിലാണ്. തൂവാലയില്‍ പ്രിന്റ് ചെയ്ത ഈ ക്ഷണക്കത്ത് വീണ്ടും ഉപയോഗിക്കാം. അതിലെ എഴുത്തുകള്‍ രണ്ടോ മൂന്നോ തവണ കഴുകുമ്പാേള്‍ അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഉള്ളത്.

സദ്യ വിളമ്പാന്‍ സ്റ്റീല്‍ പാത്രങ്ങളാണ് ഉപയോഗിച്ചത്. കൈ തുടയ്ക്കാന്‍ ടിഷ്യുവിന് പകരം ചെറിയ തൂവാലകള്‍ നല്‍കി. തുണികൊണ്ടുള്ള സഞ്ചിയില്‍ രണ്ട് വിത്തുകളും ഒരു കോട്ടന്‍ തൂവാലയുമാണ് അതിഥികള്‍ക്ക് സമ്മാനമായി നല്‍കിയത്. പച്ചക്കറി വിത്തുകളും വേപ്പിന്റെയും തേക്കിന്റെയും വിത്തുകളുമുള്‍പ്പെടെ രണ്ടായിരത്തോളം വിത്തുകളാണ് കല്യാണത്തിന് വിതരണം ചെയ്തത്. വിത്തുകള്‍ സൂക്ഷിച്ചിരുന്ന കവറില്‍ അവ എങ്ങനെ നടണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു.