11 September 2024, Wednesday
KSFE Galaxy Chits Banner 2

ഭരണസുതാര്യത ഉറപ്പുനൽകുന്ന നടപടി

Janayugom Webdesk
September 3, 2024 5:00 am

ടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നിലമ്പൂർ മണ്ഡലത്തിൽനിന്നുമുള്ള നിയമസഭാംഗം പി വി അൻവർ കഴിഞ്ഞ രണ്ടുദിവസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകൾ സ്വാഭാവികമായും കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രതിപക്ഷ പാർട്ടികൾക്ക് എൽഡിഎഫ് സർക്കാരിനെതിരെ ആരോപണ കോലാഹലങ്ങളും സിബിഐ അടക്കം കേന്ദ്ര ഏജൻസികളെക്കൊണ്ടുള്ള അന്വേഷണം, എൽഡിഎഫ് സർക്കാരിന്റെ രാജി തുടങ്ങിയ പതിവ് ആവശ്യങ്ങളും ഉന്നയിക്കാനുള്ള അവസരമാണ് വീണുകിട്ടിയത്. അതേസമയം, വിവാദ വ്യവസായത്തിന് ഒട്ടും സമയം നീട്ടിനൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സര്‍ക്കാരിന് നേരെ ഉയർന്നുവന്ന ആരോപണങ്ങളോട് ഫലപ്രദമായി പ്രതികരിച്ചു. ഉയർന്നുവന്ന ആരോപണങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ക്രമസമാധാന ചുമതലയുള്ള അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എം ആർ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. യാദൃച്ഛികമായിരിക്കാമെങ്കിലും കേരളാ പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന വേദിയിൽ, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ വേദയിലിരുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതുവഴി വ്യക്തവും കർശനവുമായ ഒരു സന്ദേശംകൂടിയാണ് കേരളത്തിലെ പൊലീസ് സേനയ്ക്ക് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും നൽകിയിട്ടുള്ളത് എന്നുവേണം കരുതാൻ. അന്വേഷണം നേരിടുന്ന എഡിജിപി അജിത്കുമാറിനെ ചുമതലയിൽനിന്ന് മാറ്റിനിർത്തിയായിരിക്കും അന്വേഷണമെന്നും അതിന് ഡിജിപി റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആരോപണവിധേയനായ പത്തനംതിട്ട എസ്‌ പി സുജിത് ദാസിനെയും തൽസ്ഥാനത്തുനിന്നും സസ്പെൻഡ് ചെയ്തായിരിക്കും അന്വേഷണം എന്ന് കരുതുന്നു. കാലവിളംബംകൂടാതെ അന്വേഷണത്തിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ സ്വാഭാവികമായും പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തണമെന്നില്ല. കാരണം വിവാദങ്ങള്‍ അവരുടെ രാഷ്ട്രീയത്തെ സജീവമാക്കി നിലനിർത്താൻ അനിവാര്യമാണല്ലോ. പ്രത്യേകിച്ചും പാർട്ടിക്കുള്ളിലെ ‘പവർ ഗ്രുപ്പി‘നെതിരെ കോൺഗ്രസിൽ നീറിപ്പുകയുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ.

അൻവർ എംഎൽഎയുടെ ആരോപണങ്ങൾ രാഷ്ട്രീയവും നിയമപരവും നിയമവാഴ്ച സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണങ്ങളിലൂടെയും തുടർനടപടികളിലൂടെയും ആവശ്യമായ ഇതര നിയമാനുസൃത നടപടികളിലൂടെയും രാഷ്ട്രീയ തീരുമാനങ്ങളിലൂടെയും അവയ്ക്ക് പരിഹാരം കണ്ടും ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ചും സംസ്ഥാനത്തിന്റെ രാഷ്ട്രീയ‑ഭരണരംഗങ്ങളിൽ അനുഭവവേദ്യമായ സുതാര്യത ഉറപ്പുവരുത്തുകയാണ് എൽഡിഎഫ് സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്തം. മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തൽ, കസ്റ്റഡി മരണം, കൊലപാതകം, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പൊലീസ് നടത്തിയ സ്വർണവേട്ട തട്ടിപ്പ്, അനധികൃത മരംമുറി, അനധികൃത സ്വത്തുസമ്പാദനം, പൊലീസ് സേനയ്ക്കുള്ളിൽ സൃഷ്ടിക്കപ്പെട്ട വിഭാഗീയത തുടങ്ങി അതീവ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. അൻവർ തന്റെ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പോലും വെറുതെവിടുന്നില്ല. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെയും പ്രതിസ്ഥാനത്ത് നിർത്തുന്നു. താൻതന്നെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയതായി, അത്തരത്തിൽ ചോർത്തിയ സംഭാഷണങ്ങൾ മാധ്യമങ്ങളെ കേൾപ്പിച്ചുകൊണ്ട് അൻവർ അവകാശപ്പെടുന്നുണ്ട്. വിപുലവും വിശദവും തികച്ചും പ്രൊഫഷണലുമായ അന്വേഷണത്തിലൂടെയേ ഈ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാകൂ. രാജ്യത്തെ മികച്ച പൊലീസ് സേന എന്ന് പ്രകീർത്തിക്കപ്പെടുന്ന കേരളാ പൊലീസിന് ആളും അർത്ഥവും ആവശ്യമായ വിഭവശേഷിയും ബാഹ്യഇടപെടൽ കൂടാതെയും മുന്‍വിധികൂടാതെയുമുള്ള അന്വേഷണത്തിന് രാഷ്ട്രീയ/ഭരണ പിന്തുണയുമുണ്ടായാലേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകൂ. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പൊലീസ് സേനയിലെ നൂറിലധികംപേരെ അവരുടെ കുറ്റകൃത്യങ്ങളുടെ പേരിൽ പുറത്താക്കി ചരിത്രം സൃഷ്ടിച്ച എൽഡിഎഫ് സർക്കാരിന് തുടർന്നും ആർജവത്തോടെ പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ, അതേപ്പറ്റി ഉയരുന്ന വിവാദങ്ങൾ, നടപടികൾ എന്നിവ കേരള രാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്നതേപ്പറ്റി എല്ലാതരത്തിലുമുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുക സ്വാഭാവികമാണ്. കേരളത്തിലെ എൽഡിഎഫും ഘടകകക്ഷികളും ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആത്മപരിശോധനയ്ക്കും ആവശ്യമായ തിരുത്തലുകൾക്കും സന്നദ്ധമായി. ആ ദിശയിൽ ചില തിരുത്തൽ നടപടികൾക്ക് ഇതിനകംതന്നെ കേരളം സാക്ഷ്യംവഹിക്കുകയുമുണ്ടായി. എൽഡിഎ­ഫ് തലത്തിലും ഘടകകക്ഷികൾക്കുള്ളിലും ഭരണതലത്തിലും ആ പ്രക്രിയ തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ സുതാര്യവും കാര്യക്ഷമവും ജനാഭിമുഖ്യവുമുള്ള സംഘടനാ, ഭരണസംവിധാനമാണ് ആ പ്രക്രിയ ലക്ഷ്യം വയ്ക്കുന്നത്. ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടികൾ എൽഡിഎഫിന്റെയും ഘടകകക്ഷികളുടെയും ഭാഗത്തുനിന്നും ഉണ്ടാകുമെന്ന പ്രതികരണവും പ്രവർത്തനവുമാണ് അവയുടെ നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ഏത് മനുഷ്യസമൂഹത്തിലും ഉയർന്നുവന്നേക്കാവുന്നതും മറികടക്കാനാവുന്നതുമായ പ്രതിസന്ധിയിലൂടെയും വെല്ലുവിളികളിലൂടെയും മാത്രമാണ് കേരളവും കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ നമുക്ക് മുന്നേറാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.