പട്ടിണിമൂലം കുട്ടികളെ ശിശുക്ഷേമ സമിതിയിൽ ആക്കിയ സംഭവം: അമ്മയ്ക്ക് കൈത്താങ്ങുമായി നഗരസഭ

Web Desk
Posted on December 02, 2019, 10:53 pm

തിരുവനന്തപുരം: കൈതമുക്കിൽ പട്ടിണിമൂലം മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ നഗരസഭയുടെ ഇടപെടൽ. അമ്മയ്ക്ക് നഗരസഭയിൽ ജോലിയും പണി പൂർത്തിയായ ഫ്ളാറ്റുകളിലൊന്നും നല്‍കും.കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികൾ അനുഭവിക്കരുത് എന്നും ഈ കുഞ്ഞുകൾക്ക് കുടുംബവുമൊത്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിച്ചു.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായും ശിശുക്ഷേമ സമിതിക്ക് അമ്മ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും താമസിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും ഇവര്‍ ശിശുക്ഷേമ സമിതിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

you may also like this video

മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ പരിചരണം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റേടുക്കും. തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസമടക്കമുള്ള സാഹചര്യങ്ങള്‍ ഇവിടെ ഒരുക്കി നല്‍കും. മാതാപിതാക്കള്‍ക്ക് കുട്ടികളെ വന്ന് കാണാനുള്ള സൗകര്യമൊരുക്കും. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.