Web Desk

ദുബായ്:

October 31, 2020, 10:31 pm

ഒരു മുംബൈ വിജയഗാഥ

Janayugom Online

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് പ്ലേ ഓഫ് കാത്തിരിപ്പ് നീളുന്നു. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഒമ്പത് വിക്കറ്റിന്റെ ജയമാണ് മുംബൈ ഇ­ന്ത്യന്‍സ് സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് ലക്ഷ്യം 34 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ അനായാസം മറികടന്നു. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനാണ് മുംബൈ വിജയം എളുപ്പമാക്കിയത്. 47 പന്തുകള്‍ നേരിട്ട കിഷന്‍ മൂന്നു സിക്‌സും എട്ട് ഫോറുമടക്കം 72 റണ്‍സോടെ പുറത്താകാതെ നിന്നു. ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കിയതൊഴിച്ചാല്‍ മത്സരത്തില്‍ ആ­ഘോഷിക്കാനുള്ള നിമിഷം ഡല്‍ഹിക്ക് തീരെയുണ്ടായിരുന്നില്ല.

ജയത്തോടെ മുംബൈ 18 പോയിന്റുമായി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാലെ ഡല്‍ഹിക്ക് ഇനി പ്ലേ ഓഫ് പ്രതീക്ഷുളളു. ലക്ഷ്യം ചെറുതെന്നിരിക്കെ സാവകാശമാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റു ചെയ്തത്. പവര്‍പ്ലേ തീരുമ്പോള്‍ ഇഷന്‍ കിഷനും ഡികോക്കും ചേര്‍ന്ന് 38 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 10-ാം ഓവറില്‍ ടീം 68 റണ്‍സ് പിന്നിട്ടു. 28 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡിക്കോക്ക്, ആന്റിച്ച് നോര്‍ക്യയുടെ പന്തില്‍ പുറത്താകുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 12 റണ്‍സുമായി പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മുംബൈ പേസര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഡല്‍ഹിയെ പിടിച്ചുകെട്ടിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഡല്‍ഹി തകരുകയായിരുന്നു. 25 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. റിഷഭ് പന്ത് 21 റണ്‍സെടുത്തു. 18 പന്തുകള്‍ക്കുള്ളില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (0), പൃഥ്വി ഷാ (10) എന്നിവരെ നഷ്ടമായ ഡല്‍ഹിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സ്‌കോര്‍ ഉയര്‍ത്താന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പവര്‍പ്ലേയില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. മാര്‍ക്കസ് സ്റ്റോയ്‌നിസ് (2), ഷിംറോണ്‍ ഹെറ്റ്മയര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെല്ലാം പരാജയമായി. 19-ാം ഓവറിലാണ് ഡല്‍ഹി സ്‌കോര്‍ 100 കടക്കുന്നത്.

ENGLISH SUMMARY: A Mum­bai suc­cess story

YOU MAY ALSO LIKE THIS VIDEO