Janayugom Online
രാമസ്വാമിഭാഗവതർ

ഒരു സംഗീത കുടുംബത്തിന്റെ സ്വപ്നസാഫല്യം

കുരീപ്പുഴ ശ്രീകുമാര്‍

വര്‍ത്തമാനം

Posted on June 11, 2020, 3:05 am

സപ്തസ്വരങ്ങളുടെ മധുരിമ മൂന്നാം തലമുറ ഏറ്റുവാങ്ങുന്ന അസുലഭചരിത്രം രചിച്ചിരിക്കയാണ് പുനലൂരെ ശ്രീ ത്യാഗരാജ സംഗീത കലാലയം. ഇവിടെ സൂക്ഷിച്ചിട്ടുള്ള ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഹാർമോണിയത്തിന് പല കെെളിലെ വിരലുകൾ ശ്രുതിമീട്ടിയ ഓര്‍മ്മ പങ്കുവയ്ക്കാനുണ്ട്. സ്വന്തം മകനടക്കം സംഗീതാഭിരുചിയുള്ള പുനലൂർ സ്വദേശികളെയും സമീപവാസികളെയുമെല്ലാം സപ്തസ്വരത്തിന്റെ അത്ഭുതഭൂഖണ്ഡത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ രാമസ്വാമി ഭാഗവതർ. നാടോടി സംഗീതത്തിന്റെ ഉൾവഴികളിലൂടെ സഞ്ചരിച്ച വന്ദ്യവയോധികയായ ചെല്ലമ്മ കൃഷ്ണനടക്കം എല്ലാ സംഗീതപ്രേമികളുടെയും മനസ്സിലെ രാഗതാരകമാണ് രാമസ്വാമി ഭാഗവതർ. അഭിഭാഷകപ്രതിഭകളായി പിന്നീട് കേരളം സ്വീകരിച്ച മുൻ നിയമസഭാംഗം പുനലൂർ എൻ രാജഗോപാലൻ നായരും ജി ജനർദ്ദനക്കുറുപ്പും ഒരു നാടകസമിതിയെ കുറിച്ചു ചിന്തിച്ചകാലം. കേരള ജനകീയ കലാസമിതി (കെപിഎസി) ഉറവ പൊട്ടിയ കാലം.

അവർ തന്നെ ഒരു നാടകം ഉണ്ടാക്കിയെടുത്തു. ചെങ്കൊടിനോക്കി ആ കൊടിയിങ്ങു താ മോളേ… എന്നു അടുത്ത നാടകത്തിൽ പരമു പിള്ള പറഞ്ഞതുപോലെ, ഒരു കുടുംബക്കാരണവർ, രാജഭരണത്തിനെതിരെ പോരാടുന്ന ‘എന്റെ മകനാണ് ശരിയെന്ന്’ പറയുന്ന നാടകം. പുനലൂർ സ്ക്കൂളിലെ മാഷായിരുന്ന പുനലൂർ ബാലൻ പാട്ടെഴുതി. രാമസ്വാമി ഭാഗവതർ ഈണമിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടെത്തിയ ഈറ്റത്തൊഴിലാളി കെ എസ് ജോർജ്ജ് പാടി. ‘പാടുക നീയെൻ പൂങ്കുയിലേ’ എന്ന ശാലീനതയുള്ള ഗാനം. രാമസ്വാമിഭാഗവതരുടെ മകൻ എഴുപത്തെട്ടു ഓണമുണ്ട സംഗീതജ്ഞനായ എസ് ആർ ത്യാഗരാജൻ പാടുക നീയെൻ പൂങ്കുയിലേ എന്ന പാട്ട് ഈയിടെ ഓർമ്മിച്ചു പാടിയിരുന്നു. ‘പുതിയ ആകാശവും പുതിയ ഭൂമിയും’ ചെങ്കൊടിത്തണലിൽ ആകരുതെന്നു കരുതിയവർ പോലും ആദ്യനാടകവുമായി സഹകരിച്ചു. അന്നത്തെ കോൺഗ്രസ്സ് മന്ത്രി കുഞ്ഞുരാമന്റെ വീട്ടിൽ നിന്നുപോലും നൂറു രൂപ സഹായം കിട്ടി. രാമസ്വാമി ഭാഗവതരുടെ ശബ്ദസാന്നിധ്യം പുലരിപ്പൂ വിടർത്തിയ കെപിഎസിയുടെ വിജയയാത്രാ ചരിത്രം.

സംഗീത കലാലയത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് എസ് ആർ ത്യാഗരാജൻ ഭാഗവതരിലൂടെയാണ്. ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിൽ പഠനം. നെയ്യാറ്റിൻകര വാസുദേവൻ, രവീന്ദ്രൻ, യേശുദാസ്, എം ജി രാധാകൃഷ്ണൻ, പാലാ സി കെ രാമചന്ദ്രൻ, കുമാരകേരളവർമ്മ, പാറശ്ശാല രവി തുടങ്ങിയവരെ കുറിച്ചുള്ള ഓർമ്മകളും ശെമ്മാങ്കുടിയും മാവേലിക്കര പ്രഭാകര വർമ്മയും അടക്കമുള്ള പ്രകാശഗോപുരങ്ങളും അദ്ദേഹത്തെ നയിക്കുന്നു. ശാസ്ത്രീയ സംഗീതം മാത്രമല്ല, സംഗീതോപകരണങ്ങളിൽ നാദവിസ്മയം തീർക്കാനും അദ്ദേഹം ശിഷ്യരെ സഹായിച്ചു. ലക്ഷംവീട് പദ്ധതിയുടെ ഭാഗമായി നടത്തിയ വിളംബരജാഥയ്ക്ക് പാട്ടെഴുതിയത് പുനലൂർ ബാലൻ ആയിരുന്നു. സ്വരപ്പെടുത്തി പാടിയത് എസ് ആർ ത്യാഗരാജൻ. ലക്ഷം വീടുകൾ, മുറ്റം തോറും ലക്ഷം പൂക്കളമുയരുമ്പോൾ എന്ന ഗാനം അക്കാലത്തിന്റെ സന്തോഷഗീതമായിരുന്നു.

ബേഗഡ രാഗത്തിലുള്ള കരുണാകര മാധവ എന്ന സ്വാതികൃതി പ്രധാനമന്ത്രി നെഹ്റുവിന്റെയും രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെയും മുന്നിലവതരിപ്പിക്കാൻ അവസരം ലഭിച്ച ബാലനായിരുന്ന ത്യാഗരാജന് സ്വർണ്ണമെഡൽ, ബാഡ്ജ്, പ്രശസ്തിപത്രം തുടങ്ങിയവ അവർ സമ്മാനിച്ചു. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസും വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയും കുട്ടിയെ വീട്ടിൽ ചെന്ന് അഭിനന്ദിച്ചു. ഡൽഹിയിലെ ശിശുദിനാഘോഷം എന്ന ശീർഷകത്തിൽ ത്യാഗരാജൻ എന്ന വിദ്യാർഥി എഴുതിയ യാത്രാവിവരണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. മുപ്പത്താറു വർഷം സംഗീതാധ്യാപകനായിരുന്ന ത്യാഗരാജൻ മാഷ് ഇപ്പോൾ പുനലൂർ നഗരസഭാ ബാലകലാഭവനും സംഗീത കലാലയത്തിനും നേതൃത്വം നൽകുന്നു.

ശ്രദ്ധേയനായ യുവ സംഗീതജ്ഞൻ ടി എസ് ജയരാജ് ആണ് സംഗീതകലാലയത്തിന്റെ മൂന്നാം ഘട്ടത്തിന്റെ കേന്ദ്രബിന്ദു. പുനലൂരെ കുന്നിൻ മുകളിൽ ശിരസ്സുയർത്തി നിൽക്കുന്ന മനോഹര സൗധം. അതിനുള്ളിൽ നിരവധി ക്ലാസ്സുമുറികൾ. ആധുനിക സൗകര്യങ്ങളോട് കൂടിയ ശബ്ദലേഖനമുറി, സംഗീതോപകരണങ്ങളുടെ പ്രദർശനശാല, ചുറ്റുമതിലിനുള്ളിൽ വിവിധ കലാരൂപങ്ങളുടെ ചിത്രാവിഷ്ക്കാരം. കലാവാസനയുള്ള കൗമാരക്കാരുടെ നിറസാന്നിധ്യം. സാഹിത്യവും സംഗീതവും ലഹരിയാക്കിയ ആസ്വാദകരുടെ സന്ദർശനോത്സാഹം. ഒരു സംഗീത കലാലയം നൂറ്റാണ്ടിന്റെ പാരമ്പര്യശോഭയാർജ്ജിച്ചു പ്രകാശിക്കുകയാണ്. സംഗീതസാന്ദ്രമായ ഒരു ഭാസുരഭാവിയിലേക്ക് സഞ്ചരിക്കുകയാണ്.