18 April 2024, Thursday

ഒമ്പത് വര്‍ഷത്തെ നിയമപോരാട്ടം; ഒമ്പത് സെക്കന്‍ഡില്‍ നിലംപൊത്തും

സൂപ്പര്‍ടെക് ഇരട്ടകെട്ടിടം
Janayugom Webdesk
നോയിഡ
August 26, 2022 10:21 pm

അനധികൃതമായി നിര്‍മ്മാണം നടത്തിയ നോയിഡയിലെ സൂപ്പര്‍ടെക് ഇരട്ടകെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ ഒമ്പത് വര്‍ഷമായി തുടരുന്ന നിയമപോരാട്ടം നാളെ പരിസമാപ്തിയിലേക്ക്. ഒമ്പത് സെക്കന്‍ഡുകൊണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും നിലംപൊത്തും.
അപെക്സ്, സിയാന്‍ എന്നിങ്ങനെയാണ് കെട്ടിടങ്ങളുടെ പേരുകള്‍. നോയി‍‍ഡ സെക്ടറിലെ 93 എയിലാണ് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. 103 മീറ്ററാണ് ഉയരം. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ പാലിക്കേണ്ട കുറഞ്ഞ ദൂരം ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കുന്നത്. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു.
ചതുരശ്രയടിക്ക് 933 രൂപ ചെലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ആകെ 7.5 ലക്ഷം ചതുരശ്രയടിയാണ് കെട്ടിടങ്ങള്‍. ചതുരശ്രയടിക്ക് 267 രൂപ ചെലവില്‍ 70 കോടി രൂപയാണ് കെട്ടിടം പൊളിക്കാന്‍ ചെലവുവരിക. ഇതിന് പുറമേ 4000 ടണ്‍ സ്റ്റീല്‍ ഉള്‍പ്പെടെ 55,000 ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും 15 കോടി രൂപയുടെ അടുത്ത് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. സ്ഫോടനത്തിനിടെ മറ്റ് കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായാല്‍ നല്‍കാനുള്ള ഇന്‍ഷുറസ് കവറേജും കമ്പനി ഉറപ്പാക്കണം.
3700 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് കെട്ടിടം തകര്‍ക്കാന്‍ ഉപയോഗിക്കുന്നത്. നൂറ് പേരാണ് സ്ഫോടനം നടത്താനായി നിയോഗിച്ചിരിക്കുന്ന സംഘത്തിലുള്ളത്. മരടിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ എഡിഫിസ് എന്ന കമ്പനി തന്നെയാണ് പൊളിച്ചുനീക്കുക. നാളെ ഉച്ചയ്ക്ക് 2.30ന് ചേതന്‍ ദത്തയാണ് സ്ഫോടനം നടത്താനുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തുക.

Eng­lish Sum­ma­ry: A nine-year legal bat­tle; Supertech lands in nine seconds

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.